ചാടിപ്പോയത് 3 പെണ്‍ ഹനുമാൻ കുരങ്ങുകൾ, ഇത് രണ്ടാംതവണ; തിരികെയെത്തിക്കാൻ ശ്രമം തുടരുന്നതായി അധികൃതര്‍

By Web Team  |  First Published Sep 30, 2024, 5:24 PM IST

ഒരു ആൺകുരങ്ങ് കൂട്ടിലുണ്ടെന്നും അതുകൊണ്ട് പുറത്ത് പോയ പെൺ കുരങ്ങുകൾ സ്വാഭാവികമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡയറക്ടർ പറഞ്ഞു. 


തിരുവനന്തപുരം: തിരുവനന്തപുരം മൃ​ഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകളെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നതായി അധികൃതർ. കുരങ്ങുകൾ ചാടിപ്പോയതിൽ ജീവനക്കാരുടെ ഭാ​ഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് മൃഗശാല ഡയറക്ടർ മഞ്ജുള ദേവി പ്രതികരിച്ചു.

രാവിലെ 8.45 ഓടെയാണ് കുരങ്ങുകൾ ചാടിയത്. രാത്രിയിലെ കനത്ത മഴയിൽ മുളങ്കൂട്ടം താഴ്ന്നു വന്നിരുന്നു അതിലൂടെയാണ് കുരങ്ങുകൾ പുറത്തേക്ക് കടന്നത്. ഒരു ആൺകുരങ്ങ് കൂട്ടിലുണ്ടെന്നും അതുകൊണ്ട് പുറത്ത് പോയ പെൺ കുരങ്ങുകൾ സ്വാഭാവികമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡയറക്ടർ പറഞ്ഞു. കുരങ്ങുകളെ ബലം പ്രയോഗിച്ചു തിരികെ എത്തിക്കാൻ ശ്രമിക്കില്ലെന്നും പി മഞ്ജുളാദേവി വിശദമാക്കി. 

Latest Videos

തിരുവനന്തപുരം മൃ​ഗശാല അധികൃതരെ വീണ്ടും വട്ടംകറക്കുകയാണ് ഹനുമാൻ കുരങ്ങുകൾ. 3 കുരങ്ങുകളാണ് ചാടിപ്പോയത്. മൃ​ഗശാല പരിസരത്ത് തന്നെയുണ്ടെന്നും തിരികെയെത്തിക്കാൻ ശ്രമം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു. രാവിലെ തീറ്റയുമായി എത്തിയപ്പോഴാണ് കുരങ്ങുകൾ കൂട്ടിലില്ലെന്ന കാര്യം മൃ​ഗശാല അധികൃതർ അറിയുന്നത്. 3 പെൺകുരങ്ങുകളാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്. മൃ​ഗശാലക്കകത്തെ മരത്തിൽ കുരങ്ങുകളുണ്ടെന്നും തീറ്റ നൽകി ആകർഷിച്ച് തിരികെയെത്തിക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. 

പെൺകുരങ്ങുകൾ മരത്തിന്റെ മുകളിലായതിനാൽ ആൺകുരങ്ങ് ഫ്രൂട്ട്സ് ഒന്നും എടുക്കുന്നില്ല. കുറച്ച് കഴിയുമ്പോൾ ഇവർ തിരികെ വരും എന്നാണ് കരുതുന്നതെന്ന് മൃ​ഗശാല ഡയറക്ടർ പറഞ്ഞു. ആകെ 4 ഹനുമാൻ കുരങ്ങുകളാണ് മൃ​ഗശാലയിലുള്ളത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് മാസങ്ങൾക്ക് മുമ്പ് ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരത്തെ മൃ​ഗശാലയിലെത്തിച്ചത്.

സന്ദർശകർക്ക് കാണാൻ പാകത്തിൽ കൂട്ടിലേക്ക് മാറ്റുന്നതിനിടെ കഴിഞ്ഞ ജൂണിൽ ഒരു കുരങ്ങ് ചാടിപ്പോയിരുന്നു. തലസ്ഥാന ന​ഗരത്തിൽ സ്വൈര്യവിഹാ​രം നടത്തിയിരുന്ന കുരങ്ങിനെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് മൃ​ഗശാല അധികൃതർ കൂട്ടിലാക്കിയത്. കുരങ്ങുകൾ ഇടക്കിടെ ചാടിപ്പോകുന്നതും മാനുകൾ കൂട്ടത്തോടെ ചത്തുവീഴുന്നതും അധികൃതരുടെ വീഴ്ചയാണെന്ന് വിമർശനമുയരുന്നുണ്ട്.

click me!