
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതകളിലെ വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഗതാഗത കുരുക്ക് ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ട് ട്രാഫിക് പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍, നിയമലംഘനം നടത്തിയ 25,135 വാഹനങ്ങള്‍ (NH 6,071, SH 8,629, മറ്റ് റോഡുകള്‍ 10,289) കണ്ടെത്തി പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു.
2025 മാര്‍ച്ച് 26 മുതല്‍ 31 വരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. ഈ കാലയളവില്‍ സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധന നടത്തുകയും അലക്ഷ്യമായ പാര്‍ക്കിങ്ങിന് പിഴ ചുമത്തുകയും ചെയ്തു. റോഡരികിലെ അലക്ഷ്യമായ പാര്‍ക്കിങ്ങ് മൂലം ഉണ്ടാകുന്ന അപകടങ്ങളെയും നിയമപരമായ പ്രത്യാഘാതങ്ങളെയും കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നിവയുള്‍പ്പെടെ അടിയന്തര നടപടികള്‍ സ്വീകരിച്ചു. സ്പെഷ്യല്‍ ഡ്രൈവിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടാതെ ദിനംപ്രതിയുള്ള അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. അപകടങ്ങള്‍ തടയുന്നതിന് അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും കേരള പൊലീസ് അറിയിച്ചു. സമാനമായ സ്പെഷ്യല്‍ ഡ്രൈവുകള്‍ തുടരുകയും ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അറിയിച്ചു.
ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പര്‍ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്‍റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam