250 സ്റ്റാളുകളിലായി 166 പ്രസാധകർ അണിനിരക്കും.313 പുസ്തകപ്രകാശനങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. നിയമസഭാ അവാർഡ് എം. മുകുന്ദന് സമ്മാനിക്കും
തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി ഏഴ് മുതൽ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക സ്പീക്കർ യു. ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്നായിക്ക് പ്രകാശനം ചെയ്യും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, ജി ആർ അനിൽ, പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ ആശംസയും നിയമസഭ സെക്രട്ടറി ഡോ എൻ കൃഷ്ണ കുമാർ നന്ദിയും അർപ്പിക്കും. ജനുവരി 13 വൈകിട്ട് 3.30 ന് നടക്കുന്ന സമാപന ചടങ്ങ് നടൻ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടൻ ഇന്ദ്രൻസിനെ ചടങ്ങിൽ ആദരിക്കും. പ്രശസ്ത ശ്രീലങ്കൻ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയാകും.
പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളിൽ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ അന്തർദേശീയ പ്രസാധകർ അണിനിരക്കുന്ന മേളയിൽ 313 പുസ്തക പ്രകാശനങ്ങൾക്കും 56 പുസ്തക ചർച്ചകൾക്കും വേദിയൊരുങ്ങും. പാനൽ ചർച്ചകൾ, ഡയലോഗ്, ടാക്ക്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾ നടക്കും.
കുട്ടികൾക്കായി ഒരുക്കുന്ന സ്റ്റുഡന്റ്സ് കോർണറാണ് ഈ പതിപ്പിലെ സവിശേഷത. വിദ്യാർത്ഥികൾ രചിച്ച പുസ്തകങ്ങൾ അവിടെ പ്രകാശനം ചെയ്യും. കുട്ടികൾക്കായുള്ള സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കും. വിദ്യാർത്ഥികൾക്ക് നിയമസഭാ ഹാൾ, മ്യൂസിയങ്ങൾ, മൃഗശാല എന്നിവ സന്ദർശിക്കാനുള്ള പാക്കേജും ഒരുക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.
ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോ നടക്കും. പുസ്തകോത്സവ സ്റ്റാളുകളിൽ നിന്ന് വാങ്ങുന്ന 100 രൂപയിൽ കുറയാത്ത പർച്ചേസിന് സമ്മാന കൂപ്പൺ നൽകും. എല്ലാ ദിവസവും നറുക്കിട്ട് 20 വിജയികൾക്ക് 500 രൂപയുടെ പുസ്തക കൂപ്പൺ നൽകും. പുസ്തകോത്സവത്തിന്റെ ഭാഗമായി ഫുഡ്കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്.
നിയമസഭാ സമുച്ചയത്തിനുള്ളിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് പ്രധാന വേദി. അസംബ്ലി-അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾക്കിടയിലെ വേദി, നിയമസഭയുടെ സ്റ്റുഡന്റ്സ് കോർണർ, പ്രസാധകരുടെ പരിപാടികൾക്കുള്ള വേദികൾ, ബുക്ക് ഒപ്പിടലിനുള്ള പ്രത്യേക വേദി ഉൾപ്പെടെ ഏഴ് വേദികളിലാണ് പരിപാടികൾ അരങ്ങേറുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം