ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച 2 പേർ കൂടി കസ്റ്റഡിയിൽ; പിടിയിലായത് കോഴിക്കോട് നിന്ന്

By Web Team  |  First Published Dec 18, 2024, 9:48 PM IST

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായി


കോഴിക്കോട്: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. ഇതോടെ നാല് പേരുൾപ്പെട്ട അക്രമി സംഘത്തിലെ എല്ലാവരും പിടിയിലായത്. ഇന്ന് കോഴിക്കോട് നിന്നാണ് കേസിലെ പ്രതികളായ നബീൽ, വിഷ്ണു എന്നിവർ പിടിയിലായത്. എസ്എംഎസ് പോലീസ് സംഘമാണ് ഒളിവിൽ ആയിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം കേസ് ചുമത്തും. വധശ്രമക്കുറ്റവും ചുമത്തും. കേസിൽ ഹർഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിൽ സഞ്ചരിച്ച കമ്പളക്കാട് സ്വദേശികളായ ഹർഷിദും 3 സുഹൃത്തുക്കളുമാണ് അതിക്രമം നടത്തിയത് . ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ കൂടൽ കടവിൽ വച്ച് മറ്റൊരു കാർ യാത്രക്കാരുമായി വാക്കുതർക്കം ഉണ്ടായി. ഇതിൽ ഇടപ്പെട്ട നാട്ടുകാർക്ക് നേരെയായി പിന്നിട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മാതൻ തടഞ്ഞു. പിന്നീട് കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേർത്തു പിടിച്ച് അരക്കിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴക്കുകയായിരുന്നു. പിന്നാലെ വന്ന കാർ യാത്രക്കാർ ബഹളം വച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. 

Latest Videos

undefined

ഹർഷിദ്, അഭിറാം എന്നീ പ്രതികളെയാണ് കല്‍പ്പറ്റയില്‍ വച്ച് മാനന്തവാടി പൊലീസ് രണ്ട് ദിവസം മുൻപ് അറസ്റ്റ് ചെയ്തത്. കർണാടകയിലേക്ക് കടന്ന പ്രതികള്‍ ബസില്‍ വയനാട്ടിലേക്ക് തിരിച്ച് വരുമ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. പിടിയിലായിട്ടും കൂസലില്ലാതെയാണ്  പ്രതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പിടിയിലായ ഹർഷിദ് ബീനാച്ചിയിലെ സിഗരറ്റ് കമ്പനിയില്‍ സെയില്‍സ്‌മാനാണ്. അഭിറാം ബെംഗളൂരുവില്‍ ആനിമേഷൻ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന നബീല്‍ സഹോദരൻ്റെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്.  നാട്ടില്‍ ദിവസ കൂലിക്ക് ജോലി ചെയ്യുന്ന ആളാണ് വിഷ്ണു. 

click me!