15-ാം നിയമസഭ: പ്രായത്തിൽ സീനിയർ പിജെ; ജൂനിയർ സച്ചിൻ

By Web Team  |  First Published May 24, 2021, 12:13 PM IST

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഭയിൽ ശ്രദ്ധേയമായ ഏറെ പ്രത്യേകതകളാണ് ഉള്ളത്


തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഭയിൽ ശ്രദ്ധേയമായ ഏറെ പ്രത്യേകതകളാണ് ഉള്ളത്.  പ്രോടൈം സ്പീക്കർ പിടിഎ റഹീമിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാരിൽ പ്രായത്തിൽ സീനിയർ പിജെ ജോസഫാണ്  79 വയസാണ് പിജെയ്ക്ക്. അതേസമയം ഏറ്റവും ജൂനിയർ  27-കാരൻ കെഎം സച്ചിൻദേവാണ്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് പി ജെ ജോസഫ്. ഇടത് തരംഗം ആഞ്ഞു വീശിയപ്പോഴും ജല്ലയിൽ അതിനെ അതിജീവിച്ച ഏക യുഡിഎഫ് സ്ഥാനാർത്ഥിയാണ് പിജെ. ഇരുപതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷവും അദ്ദേഹം സ്വന്തമാക്കി. തൊടുപുഴയിൽ നിന്ന് പത്താം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തിയത്.

Latest Videos

undefined

സിപിഎമ്മിന്റെ കുത്തക സീറ്റായ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ആദ്യമത്സരത്തിനിറങ്ങിയ അഡ്വ കെഎം സച്ചിന്‍ദേവ് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നടൻ ധര്‍മജന്‍ ബോള്‍ഗാട്ടിയെയാണ് തോൽപ്പിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായിരുന്നു സച്ചിൻ. നേരത്തെ ധർമ്മജൻ വലിയ എതിരാളിയാകുമെന്നുള്ള ചില വിലയിരുത്തലുകളുണ്ടായിരുന്നെങ്കിലും സിപിഎം കോട്ടയിൽ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സച്ചിൻ വിജയിച്ച് കയറിയത്. 

അതേസമയം ഇത്തവണ നിയമസഭയിൽ 12 അംഗങ്ങൾ 40 വയസിനു താഴെയുള്ളവരാണ്. 30 അംഗങ്ങളാണ് 40 നും 50 നും ഇടയിൽ പ്രായമുള്ളവർ. 48 അംഗങ്ങൾ 50 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്. 28 അംഗങ്ങൾ 60-നും 70-നും ഇടയിൽ പ്രായമുള്ളവരാണ്. 70 വയസു കഴിഞ്ഞ 22 അംഗങ്ങളും സഭയിലുണ്ട്.

സഭയിൽ ആകെ 53 പുതുമുഖങ്ങളാണുള്ളത്. ആകെ അംഗങ്ങളുടെ 37 ശതമാനവും പുതുമുഖങ്ങളാണ്.  ഇത്തവണ ജയിച്ച 11 വനിതകളിൽ ഏഴുപേരും പുതുമുഖങ്ങളാണ്.  ആകെ 969 ആളുകളാണ് ഇതുവരെ നിയമസഭാംഗങ്ങളായത്.   നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളടങ്ങുന്ന കണക്കാണിത്. ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ കഴിഞ്ഞ വർഷം നിർത്തലാക്കിയിരന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!