പാസില്ലാതെ കരിങ്കല്ല് കടത്തി, മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 14 വാഹനങ്ങള്‍

അമിത വേഗത്തില്‍ ലോഡ് കയറ്റി പോകുന്ന ലോറികളില്‍ നിന്നും കല്ല് റോഡിലേയ്ക്ക് വീഴുന്നതായി പൊലീസിനു പരാതി ലഭിച്ചിരുന്നു.


തൊടുപുഴ: അനധികൃതമായി കരിങ്കല്ലു കടത്തുന്നതിനിടെ 14 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. നിയമം ലംഘിച്ച് കരിങ്കല്ല് കയറ്റി പായുന്ന ടിപ്പര്‍, ടോറസ് ലോറികളെ കുടുക്കാന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിന്‍റെ നിര്‍ദേശപ്രകാരം  നടത്തിയ മിന്നല്‍ പരിശോധനയിലാണ് 14 വാഹനങ്ങള്‍ കുടുങ്ങിയത്. ഇന്നു പുലര്‍ച്ചെയായിരുന്നു എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് തൊടുപുഴ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തിയത്. 

12 ടോറസ് ലോറികള്‍, ഒരു ടിപ്പര്‍, ഒരു മിനി ടിപ്പര്‍ എന്നിവയാണ് പരിശോധനയില്‍ പിടി കൂടിയത്. പിടികൂടിയതില്‍ പലതും പാസില്ലാതെ, അനധികൃതമായി കരിങ്കല്ല് കടത്തിയ വാഹനങ്ങളാണെന്ന് പൊലീസ് പറഞ്ഞു. അമിത ലോഡ് കയറ്റിയ വാഹനങ്ങളും പിടി കൂടിയവയില്‍ ഉള്‍പ്പെടും. അമിത വേഗത്തില്‍ ലോഡ് കയറ്റി പോകുന്ന ലോറികളില്‍ നിന്നും കല്ലും മറ്റും റോഡിലേയ്ക്ക് വീഴുന്നതായി പൊലീസിനു പരാതി ലഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പ്രത്യേക സംഘം വിവിധ റോഡുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള സിഐ, എസ്‌ഐ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. രാവിലെ ആറിനു ശേഷമാണ് ക്രഷറുകളില്‍ നിന്നും വാഹനങ്ങള്‍ക്ക് പാസ് നല്‍കുന്നത്. എന്നാല്‍ ഇതിനും ഏറെ നേരത്തെ തന്നെ വാഹനങ്ങളില്‍ പാസില്ലാതെ  അമിത ലോഡു കയറ്റി പോകുകയാണ് ഇവര്‍ ചെയ്യുന്നത്. കൂടുതല്‍ ട്രിപ്പ് എടുക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ പാസില്ലാതെ ലോഡ് കയറ്റുന്നത്. തിരക്കേറുന്ന രാവിലെയും വൈകുന്നേരങ്ങളിലും ടിപ്പറും ടോറസും ഓടുന്നതിനു നിയന്ത്രണമുണ്ടെങ്കിലും ഇതും മറികടന്നാണ് ഇവര്‍ നിരത്തുകളിലൂടെ പായുന്നത്. പിടി കൂടിയ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്ന് പൊലീസ് പറഞ്ഞു.

Latest Videos

Read More:ഞെട്ടിക്കുന്ന കുറ്റകൃത്യം, ഇന്ത്യൻ പൗരന് യുഎസില്‍ 35 വര്‍ഷം തടവ്; കൗമാരക്കാരനായി ആള്‍മാറാട്ടം നടത്തി പീഡനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!