കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയുടെ വിലാസമാണ് പ്രസവത്തിനായി 'തൈക്കാട് അമ്മയും കുഞ്ഞും' ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ നൽകിയത്.
തിരുവനന്തപുരം: തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. കരമന സ്വദേശിയായ സ്ത്രീക്ക് നാലാം ദിവസം കുഞ്ഞിനെ മൂന്ന് ലക്ഷം രൂപക്ക് വിറ്റത് പൊഴിയൂർ സ്വദേശിയായ സ്ത്രീയാണെന്ന സൂചനയാണ് പൊലീസിന് ഏറ്റവും ഒടുവിൽ ലഭിച്ചത്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയുടെ വിലാസമാണ് പ്രസവത്തിനായി 'തൈക്കാട് അമ്മയും കുഞ്ഞും' ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ നൽകിയത്. ഈ മാസം 10 നാണ് കുഞ്ഞിനെ കൈമാറ്റം ചെയ്തത്. പൊഴിയൂർ സ്വദേശിയായ സ്ത്രീ ഇതിന് മുമ്പും കുഞ്ഞിനെ ഇത്തരത്തിൽ വിൽപ്പന നടത്തിയെന്ന സംശയവും പൊലീസിനുണ്ട്,
മൂന്ന് ലക്ഷം രൂപ നൽകി നവജാത ശിശുവിനെ വിൽപ്പന നടത്തിയെന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ വിവരങ്ങളാണ് ഇന്ന് ഉച്ചയോടെ പുറത്ത് വന്നത്. കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് നിർണായകമായത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ ഒരാഴ്ച മുമ്പ് വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. പൊലീസ് ചോദ്യംചെയ്യലിൽ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. യഥാർത്ഥ മാതാപിതാക്കളെ കുറിച്ച് സൂചനയുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.