ഏഴ് സെന്‍റിൽ 1000 ചതുരശ്ര അടിയില്‍ വീടുകൾ; വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നാളെ

മുണ്ടക്കൈ-ചൂരൽമല ദുരന്തം അതിജീവിച്ചവർക്കായി വയനാട്ടിൽ സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന് നാളെ മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തും. കൽപറ്റയിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വീടുകളും മറ്റ് സൗകര്യങ്ങളും ഉണ്ടാകും.

1000 sq ft houses in 7 cents Wayanad model township foundation stone laid tomorrow

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തം അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നാളെ വൈകിട്ട് നാലിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റനിലായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുക. 

വീടുകള്‍, പൊതു സ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര- വാണിജ്യ സൗകര്യങ്ങള്‍  ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നത്. കിഫ്‌കോണ്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സി പ്രവര്‍ത്തിക്കും. 

Latest Videos

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ കെ. രാജന്‍, ഒ.ആര്‍ കേളു, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ. കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി ഗണേഷ് കുമാര്‍, പി.എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പി പ്രിയങ്കഗാന്ധി, എം.എല്‍.എ ടി.സിദ്ദിഖ്, പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ ടി.ജെ ഐസക്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ഉന്നതതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ എന്നിവര്‍ പങ്കെടുക്കും.

അതേസമയം, കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട 242 ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ടൗണ്‍ഷിപ്പില്‍ വീടിനായി 175 പേരും 15 ലക്ഷം സാമ്പത്തിക സഹായത്തിന് 67 പേരുമാണ് സമ്മതപത്രം കൈമാറിയത്. ഒന്നാം ഘട്ട പട്ടികയില്‍ 242 പേരും 2- എ പട്ടികയില്‍ 87 പേരും  2- ബി ലിസ്റ്റില്‍  73 പേരും ഉള്‍പ്പെടെ 402 ഗുണഭോക്താക്കളാണ് അന്തിമ  പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.  2-എ, 2-ബി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏപ്രില്‍ മൂന്ന് വരെ സമ്മതപത്രം കൈമാറാം. ലഭിച്ച സമ്മതപത്രങ്ങളിൽ ഏപ്രില്‍ 13 നകം വിവരശേഖരണം, സമാഹരണം എന്നിവ പൂര്‍ത്തീകരിച്ച്  ഏപ്രില്‍ 20 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.

vuukle one pixel image
click me!