'ഒരു കുടുംബത്തിനല്ല, ഒരാള്‍ക്ക് 100 ലിറ്റര്‍'; വിചിത്ര വാദത്തിൽ മന്ത്രി റോഷിയുടെ വിശദീകരണം

By Web Team  |  First Published Feb 7, 2023, 3:24 PM IST

ഒരാള്‍ക്ക് 100 ലിറ്റര്‍ എന്ന നിലയില്‍ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റര്‍ വെള്ളം മതിയാകില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിക്കുന്നു.


തിരുവനന്തപുരം: ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 100 ലിറ്റര്‍ വെള്ളം മതിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞുവെന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍. ഒരാള്‍ക്ക് 100 ലിറ്റര്‍ എന്ന നിലയില്‍ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റര്‍ വെള്ളം മതിയാകില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിക്കുന്നു. നിയമസഭയില്‍ തന്റെ പ്രസംഗം പൂര്‍ണമായും കേട്ടാല്‍ ഇതു മനസിലാകും. എന്നാല്‍ ഒരു കുടുംബത്തിന് 100 ലിറ്റര്‍ വെള്ളം മതിയെന്ന തരത്തില്‍ വളച്ചൊടിക്കുന്നത് അപലപനീയമാണെന്നും മന്ത്രി കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ക്ക് 100 ലിറ്റര്‍ എന്നു  കണക്കുകൂട്ടി ബിപിഎല്‍ കുടുംബത്തിന് മാസം 15,000 ലിറ്റര്‍ വെള്ളം സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 

കുറുപ്പിന്റെ പൂര്‍ണരൂപം: 

Latest Videos

കേരളത്തില്‍ ഒരു കുടുംബത്തിന്റെ ശരാശരി പ്രതിദിന ജല ഉപഭോഗം 500 ലിറ്റര്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഒരാള്‍ പ്രതിദിനം 55 ലിറ്റര്‍ ജലം ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. കേരളം ഇത് 100 ലിറ്റര്‍ എന്നാണ് നാം കണക്കു കൂട്ടുന്നത്. ഇതുപ്രകാരം അഞ്ചംഗ കുടുംബത്തില്‍ 500 ലിറ്റര്‍ എന്നു കണക്കു കൂട്ടുകയാണെങ്കില്‍ മാസം 15000  ലിറ്റര്‍ ജലഉപഭോഗം വരും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15000 ലിറ്റര്‍ വരെ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യമാണ് സഭയില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്. ഒരാള്‍ ദിവസം 100 ലിറ്റര്‍ വെള്ളം മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് ഖേദകരമാണ്. 

വെള്ളത്തിന്റെ ഉപഭോഗം പൊതുവേ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും ജനത്തെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനില്‍ ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് വീടുകളില്‍ വാഹനങ്ങള്‍ കഴുകുന്നതും അലങ്കാരച്ചെടികളും വീട്ടിലെ ചെടികളും വൃക്ഷങ്ങളും നനയ്ക്കുന്നതുമൊക്കെ. 

വെള്ളക്കരം കൂട്ടിയത് ആദ്യം സഭയിൽ പ്രഖ്യാപിക്കാത്ത വിഷയം: മന്ത്രി റോഷിക്കെതിരെ സ്പീക്കറുടെ റൂളിങ്

കുടിവെള്ളത്തിന്റെ ദുരുപയോഗം ജനങ്ങള്‍ നിയന്ത്രിക്കുന്നത് ഭാവിയിലേക്കുള്ള കരുതല്‍ കൂടിയാണ് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലെ യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന മുന്നറിയിപ്പ് നാം അവഗണിക്കേണ്ട. ജലം അമൂല്യമാണെന്നും അതു പാഴാക്കരുതെന്നും ഏവരും മനസിലാക്കുന്നത് വരും തലമുറയ്ക്കു കൂടി ഗുണകരമാകും എന്ന് ഉറപ്പാണ്. യാഥാര്‍ത്ഥ്യ ബോധത്തോടെ ഈ വിഷയത്തെ സമീപിക്കണമെന്ന് ഏവരോടും അഭ്യര്‍ഥിക്കട്ടെ. 

വെള്ളക്കരം വർധന എഡിബിക്ക് വേണ്ടിയെന്ന് യുഡിഎഫ്; ആശങ്ക വേണ്ടെന്ന് മന്ത്രി, അടിയന്തിര പ്രമേയം തള്ളി

 

click me!