നെടുമ്പാശേരി കരിയാട് നിന്നും ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവാക്കൾ 100 ഗ്രാം എംഡിഎംഎയുമായി പിടിയിലായി
കൊച്ചി: എറണാകുളം ജില്ലയിൽ നെടുമ്പാശേരിക്കടുത്ത് കരിയാട് നിന്നും എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേർ പിടിയിലായി. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 100 ഗ്രാം എംഡിഎംഎ കണ്ടെത്തി.
കേരളത്തിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎ എന്നാണ് കരുതുന്നത്. ഇതിന് 9 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. ടൂറിസ്റ്റ് ബസിൽ ബംഗളരുവിൽ നിന്നും ഇവർ മയക്കുമരുന്നുമായി കേരളത്തിലേക്ക് വരുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബസ് കരിയാട് വച്ച് പൊലീസ് തടഞ്ഞത്. പരിശോധനയിൽ ഇവരുടെ ബാഗിൽ നിന്നും എംഡിഎംഎ കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി പരിജയപ്പെട്ടത്. തുടർന്ന് ലിവിംഗ് ടുഗതറായി കഴിഞ്ഞ് വരികയായിരുന്നു. മുമ്പ് പല പ്രാവശ്യങ്ങളിലായി യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. പിന്നീട് ലഹരിക്കടത്തിനായി ആഞ്ജലയേയും കൂട്ടുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടു പ്രാവശ്യം രാസലഹരി കേരളത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് പോലീസിനോടു പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെയാണ് ഇയാളോടൊപ്പം കൂടിയതെന്നാണ് യുവതി പറയുന്നത്. വീട്ടിലിരുന്ന് ഒൺലൈൻ ട്രേഡിംഗായിരുന്നു ആഞ്ജല ചെയ്തത്.
ബംഗലുരുവിൽ രാസലഹരിക്കുള്ള പണം സിഡിഎമ്മിലൂടെ മാഫിയാ സംഘത്തിന് അയച്ച് കൊടുക്കും. അവർ മയക്കുമരുന്ന് ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് കൊണ്ടുവയ്ക്കും. തുടർന്ന് ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ കൊണ്ടുവന്ന് 5,10 ഗ്രാം പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി.