'സ്പോണ്‍സേഡ് ജനസദസ്'; ജനസമ്പര്‍ക്ക പരിപാടി സര്‍ക്കാരിന്‍റേത്, പക്ഷേ സാമ്പത്തിക ബാധ്യത സംഘാടകരുടെ തലയില്‍

By Web Team  |  First Published Oct 23, 2023, 7:35 AM IST

പരിപാടിയുടെ പ്രചാരണം മുതൽ പര്യടന സംഘത്തിന്‍റെ ആഹാരവും താമസവും ഉൾപ്പെടെയുള്ള ചെലവെല്ലാം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണം. ഗ്രൗണ്ട് മുതൽ സെറ്റും ലൈറ്റുമെല്ലാം സംഘാടക സമിതി തന്നെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചാണ് സർക്കാർ ഉത്തരവ്


തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടനത്തിന്‍റെ സാമ്പത്തിക ബാധ്യത മുഴുവൻ ഉദ്യോഗസ്ഥരടക്കമുള്ള സംഘാടകരുടെ തലയിൽ കെട്ടിവച്ച് സർക്കാർ. പരിപാടിയുടെ പ്രചാരണം മുതൽ പര്യടന സംഘത്തിന്‍റെ ആഹാരവും താമസവും ഉൾപ്പെടെയുള്ള ചെലവെല്ലാം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണം. ഗ്രൗണ്ട് മുതൽ സെറ്റും ലൈറ്റുമെല്ലാം സംഘാടക സമിതി തന്നെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചാണ് സർക്കാർ ഉത്തരവ്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിസഭ ആകെ പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും നടത്തുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ ഒക്കെ ആണെങ്കിലും പരിപാടിക്ക് വേണ്ടി പത്ത് പൈസ ഇറക്കാനില്ലെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ പടയും പര്യടനത്തിന് ഇറങ്ങും. നവംബർ 18 മുതൽ ഡ്സംബർ 24 വരെ നടക്കുന്ന കേരള പര്യടനത്തിന്‍റെ ബാക്കി ചെലവും ചിട്ടവട്ടങ്ങളുമെല്ലാം അതാത് സംഘാടക സമിതികളുടെ വകയാണ്. മണ്ഡലങ്ങളിൽ ചുമതല എംഎൽഎമാർക്കാണ്, എംഎൽഎമാർ സഹകരിക്കാത്ത ഇടങ്ങളിൽ സംഘാടക സമിതി ചെയ്ർമാൻ പ്രദേശത്തെ പൊതു സമ്മതനാകും. ജില്ലാതല ക്രമാകരണങ്ങൾ കളക്ടർ വിലയിരുത്തണം. മുന്നൊരുക്കങ്ങളുടെ അവലോകനം അതാത് മന്ത്രിമാര്‍ ഉറപ്പാക്കും. ചെലവ് കാശിന് സ്പോൺസർമാരെ കണ്ടെത്തുന്നത് അടക്കം വിപുലമായ ഉത്തരവാദിത്തങ്ങളാണ് ഓരോ സംഘാടക സമിതിക്കും ഉള്ളത്.

Latest Videos

വാഹനങ്ങൾ , വീടുകളിൽ നോട്ടീസ് എത്തിക്കുന്നത് മുതൽ വീഡിയോ പ്രദര്‍ശിപ്പിക്കാനുള്ള എൽഇഡി വാളുകൾ വരെ , എന്തിനേറെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും താമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടതും സംഘാടക സമിതിയുടെ ഉത്തരവാദിത്തം തന്നെ. പരിപാടി നടത്തിപ്പിന് ആവശ്യമായ തുക സമാഹരിക്കുന്നതിന് സ്പോൺസര്‍മാരെ കണ്ടെത്തുന്നണം. ജനപ്രതിനിധികളും പ്രമുഖ ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച ചെയ്യണമെന്നും ഉത്തരവിൽ നിര്‍ദ്ദേശമുണ്ട്. സാംസ്കാരിക സ്ഥാപനങ്ങൾ കലാപരിപാടികൾ സംഘടിപ്പിക്കണം, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം പരിപാടിയുടെ പ്രചാരണം ഏറ്റെടുക്കണമെന്നും പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാർ നേട്ടങ്ങൾ പറയുകയും പരാതികൾ കേൾക്കുകയും ചെയ്യുന്നത് മുഴുവൻ സ്പോൺഡേഡ് പരിപാടിയാണ്. ചുരുക്കത്തിൽ മണ്ഡലപര്യടനം സര്‍ക്കാരിന്റെെങ്കിലും ചെലവ് മുഴുവൻ പിരിവെന്ന് വ്യക്തം.
തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്, മുന്നൊരുക്കം ശക്തമാക്കി, തീവ്രമഴക്കും കാറ്റിനും സാധ്യത

click me!