പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ

By Web Team  |  First Published Dec 9, 2019, 8:03 AM IST

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനായുള്ള പൗരത്വ ഭേദഗതി ബില്ല് വിവേചനപരം എന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്.


കോഴിക്കോട്: മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ബില്ല് വിവേചനമെന്നാരോപിച്ച് മുസ്ലീം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് കോഴിക്കോട്ട് ചേരും. ബില്ലിനെ എതിർക്കണമെന്ന് അഭ്യർത്ഥിച്ച് എംപിമാർക്ക് കത്തയച്ച സമസ്ത പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചു.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനായുള്ള പൗരത്വ ഭേദഗതി ബില്ല് വിവേചനപരം എന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്. ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 14, 15 പ്രകാരം രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്ന തുല്യത, വിവേചനമില്ലായ്മ എന്നീ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് ബില്ലെന്ന് മുസ്ലീം സംഘടനകൾ വാദിക്കുന്നു.

Latest Videos

ബില്ലിനെതിരെ യോജിച്ചുനീങ്ങാനാണ് കേരളത്തിലെ മുസ്ലീം സംഘടനകളുടെ തീരുമാനം. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ എന്നിവർ ഇന്ന് വൈകിട്ട് കോഴിക്കോട് ചേരുന്ന യോഗത്തിനെത്തും.

ലോക്സഭയിൽ ബില്ലിനെ എതിർക്കണമെന്ന് അഭ്യർത്ഥിച്ച് സമസ്ത രാജ്യത്തെ മുഴുവൻ എംപിമാർക്കും കത്തയച്ചു. ബില്ലിൽനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണാൻ സമയം ചോദിച്ചു. ഇന്ത്യയുടെ മതേതരത്വ മുഖം ഇല്ലാതാക്കുന്ന ബില്ലിനെതിരെ പാർലമെന്റിനകത്തും പുറത്തും പ്രക്ഷോഭം ഉണ്ടാകണമെന്നാണ് മുസ്ലീം സംഘടനകളുടെ ആവശ്യം.

click me!