ചെങ്കൊടി പാറിയ കോന്നി, പക്ഷെ ഇടതിന്‍റെ 3 പഞ്ചായത്തുകളില്‍ സുരേന്ദ്രന്‍ ഞെട്ടിച്ചു; കോണ്‍ഗ്രസിന് വലിയ നഷ്ടം

By Web Team  |  First Published Oct 26, 2019, 1:56 PM IST

3 പഞ്ചായത്തിൽ ഇത്തവണ സുരേന്ദ്രനിലൂടെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഈ മൂന്ന് പഞ്ചായത്തുകളാകട്ടെ ഇടത് മുന്നണി ഭരിക്കുന്നവയാണ്. സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്‍റെ പഞ്ചായത്തിലും സുരേന്ദ്രന്‍ മുന്നിലെത്തി. 


കോന്നി: ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും ആവേശം കണ്ട മത്സരങ്ങളിലൊന്നായിരുന്നു കോന്നിയിലേത്. അക്ഷരാര്‍ത്ഥത്തില്‍ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറിയപ്പോള്‍ ഇടതുപക്ഷത്തിന്‍റെ വിജയത്തിന് തിളക്കമേറെയാണ്. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ തുണയാകുമെന്ന പ്രതീക്ഷയില്‍ മുന്നേറ്റമുണ്ടാക്കാനെത്തിയ സുരേന്ദ്രന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു.

എന്നാല്‍, കോന്നിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള സുരേന്ദ്രന് പ്രതീക്ഷ നല്‍കുന്നതാണ് കണക്കുകള്‍. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മേഖലകളില്‍ കടന്നുകയറിയ സുരേന്ദ്രന്‍ കോണ്‍ഗ്രസ് കോട്ടകളില്‍ വലിയ വിള്ളലാണുണ്ടാക്കിയത്.

Latest Videos

undefined

ഇടത് മുന്നണി ഭരിക്കുന്ന 3 പഞ്ചായത്തിൽ ഇത്തവണ സുരേന്ദ്രനിലൂടെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. മലയാലപ്പുഴ, ഏനാദിമംഗലം, കലഞ്ഞൂർ പഞ്ചായത്തികളിലാണ് വോട്ടുനിലയില്‍ സുരേന്ദ്രന്‍ മുന്നേറ്റം നടത്തിയത്. മലയാലപ്പുഴ, കലഞ്ഞൂർ, അരുവാപ്പുലം, വള്ളിക്കോട് പഞ്ചായത്തുകളില്‍ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്‍ ഒന്നാമതെത്തിയിരുന്നു. തണ്ണിത്തോട് പഞ്ചായത്തില് രണ്ടാം സ്ഥാനത്തും ബിജെപി ഉണ്ടായിരുന്നു. ഇത്തവണ അരുവാപ്പുലത്തിന് പകരം ബിജെപി രണ്ടാംസ്ഥാനത്തെത്തി ശക്തി തെളിയിച്ചത് ഏനാദിമംഗലം പഞ്ചായത്താണ്. 2016 ൽ 828 വോട്ടിനും 2019 ൽ 540 വോട്ടിനും എൽഡിഎഫ് ലീഡ് ചെയ്ത പഞ്ചായത്ത് ആണ് ഏനാദിമംഗലം.

സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്‍റെ പഞ്ചായത്ത് കൂടിയാണ് ഏനാദിമംഗലമെന്നതാണ് ശ്രദ്ധേയം. മാത്രമല്ല രണ്ട് ദിവസത്തെ പ്രചാരണത്തിന് കോന്നിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുസമ്മേളനം അടക്കം നടത്തി സിപിഎം സവിശേഷ ശ്രദ്ധ കൊടുത്ത പഞ്ചായത്തുമായിരുന്നു ഇത്. അതേസമയം ചിറ്റാര്‍ സീതത്തോട് അടക്കം ഇടത് ശക്തികേന്ദ്രങ്ങളിൽ സുരേന്ദ്രന് പച്ചപിടിക്കാനായില്ലെന്നത് സിപിഎമ്മിന് സന്തോഷം നല്‍കുന്നതാണ്.

കോണ്‍ഗ്രസിന് വലിയ നഷ്ടം

അടൂര്‍ പ്രകാശിലൂടെ പതിറ്റാണ്ടുകളായി നിലനിര്‍ത്തിയിരുന്ന മണ്ഡലം കൈവിട്ടതിനൊപ്പം പല മേഖലകളിലും ബിജെപിക്ക് പിന്നിലായെന്നതും കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം വലിയ നിരാശയാണ് സമ്മാനിക്കുന്നത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബിജെപി ഒന്നാമതോ രണ്ടാമതോ ആണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന റോബിൻ പീറ്ററിന്‍റെ പ്രമാടം പഞ്ചായത്തിൽ പല മേഖലകളിലും കോണ്‍ഗ്രസിന്‍റെ വോട്ടുനില തകര്‍ന്നടിഞ്ഞു. നേതാജി സ്കൂളിലെ ബീച്ചിൽ മോഹൻരാജ് മൂന്നാം സ്ഥാനത്താണ്. ഇവിടെ ഇടത് സ്ഥാനാർത്ഥിക്ക് 353 വോട്ട് കിട്ടിയപ്പോൾ മോഹൻരാജിന് കിട്ടിയത് 145 വോട്ട് മാത്രം. പ്രമാടം പഞ്ചായത്തിലെ എട്ട് ബൂത്തിൽ കെ സുരേന്ദ്രനാണ് മുന്നിലെത്തിയത്.

കലഞ്ഞൂര്‍, മലയാലപ്പുഴ, മൈലപ്ര എന്നീ പഞ്ചായത്തുകളിലെ യുഡിഎഫ് പോക്കറ്റുകളിലും സുരേന്ദ്രന്‍റെ മുന്നേറ്റം ദൃശ്യമായി. ഡിസിസി പ്രസിഡന്‍റിന്‍റെ കലഞ്ഞൂരിലെ 164ാം ബൂത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് ഇരട്ടിയായി വര്‍ധിച്ചു. മോഹന്‍രാജിനെക്കാള്‍ 141 വോട്ടുകളാണ് ജനീഷ്കുമാര്‍ ഇവിടെ നേടിയത്. 144 വോട്ട് മോഹൻരാജിന് കിട്ടിയപ്പോൾ 135 വോട്ട് നേടാന്‍ സുരേന്ദ്രനും സാധിച്ചു.

നക്ഷത്രശോഭയുള്ള വിജയം ഇടതുപക്ഷത്തിന് ആഹ്ളാദമേകുമ്പോള്‍ യു ഡി എഫ് കലങ്ങി മറിയുകയാണ്. പരസ്പരം പഴിചാരി നേതാക്കൾ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. അടൂർ പ്രകാശിന്‍റെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്‍റിനെതിരെയാണ് പടയൊരുക്കം ശക്തമായിരിക്കുന്നത്. ഫണ്ട് വിനിയോഗത്തിലടക്കം തിരിമറി നടന്നെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അടൂര്‍ പ്രകാശ് തന്നെ പരസ്യമായി വിമര്‍ശനമുന്നിയിച്ചുകഴിഞ്ഞു. മിണ്ടിയാൽ നാറുമെന്ന നേതൃത്വത്തിന്‍റെ മുന്നറിയിപ്പ് കോന്നിയിലെ നേതാക്കള്‍ മുഖവിലയ്ക്കെടുക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

സുരേന്ദ്രനും ബിജെപിയുമാകട്ടെ 2021 ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സുരേന്ദ്രന്‍ വീടെടുത്ത് കോന്നിയില്‍ താമസം തുടങ്ങാനുള്ള നീക്കത്തിലാണ്. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നാല്‍പ്പതിനായിരത്തോളം വോട്ട് നേടാനായത് രണ്ട് വര്‍ഷം കൊണ്ട് വിജയത്തിലേക്ക് വളര്‍ത്താന്‍ ആര്‍ എസ് എസും കച്ചകെട്ടുമെന്നുറപ്പ്. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ സുരേന്ദ്രന്‍റെ സാന്നിധ്യം പ്രചാരണ രംഗത്ത് ഉറപ്പാക്കാനാണ് ആഎസ്എസ്-ബിജെപി നീക്കം.

തോറ്റെങ്കിലും വെറുതെയങ്ങ് പോകില്ല, മഞ്ചേശ്വരത്തെ 'പ്ലാന്‍ ബി' കോന്നിയിലും; 2021 ല്‍ കണ്ണുവച്ച് വീടെടുത്ത് താമസിക്കാന്‍ സുരേന്ദ്രന്‍

കോന്നിയില്‍ അട്ടിമറി: 23 വര്‍ഷത്തിന് ശേഷം മണ്ഡലം തിരികെ പിടിച്ച് ഇടതുപക്ഷം

click me!