എന്താണ് ആരോഗ്യ സേതു? ഈ വിവാദങ്ങൾ എന്തിന് വേണ്ടി? അറിയാം വിശദമായി

By Web Team  |  First Published May 6, 2020, 8:58 PM IST

ആദ്യം പാത്രം കൊട്ടാൻ പറഞ്ഞു, പിന്നെ വിളക്കുതെളിക്കാൻ, ഇപ്പോൾ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി. എല്ലാം കോറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് വേണ്ടി. ഇതെല്ലാം പ്രോൽസാഹനമാണെങ്കിൽ കേന്ദ്രസർക്കാർ കൊറോണയേ തുരത്താൻ നേരിട്ട് നടത്തുന്ന ഒരു ഇടപെടലിനേക്കുറിച്ചാണ് കഥ നുണക്കഥ അന്വേഷിക്കുന്നത്. അത് ഒരു മൊബൈൽ ആപ്ളിക്കേഷനാണ്. പേര് ആരോഗ്യ സേതു.  


കൊറോണ വൈറസ് ആരിൽ നിന്നും പടരാം.  നിങ്ങളോടൊപ്പം താമസിച്ചിരുന്നവർ, യാത്രചെയ്തവർ, ജോലി ചെയ്തവർ, എന്തിന് ചിലപ്പോൾ നിങ്ങളുടെ അടുത്തുകൂടി കടന്ന് പോയവരിൽ നിന്ന് പോലും രോഗബാധ ഉണ്ടാകാം. പരിചയക്കാർ വഴിയാണ് രോഗം കിട്ടയതെങ്കിൽ അത് പെട്ടന്ന് മനസ്സിലാകും. പക്ഷെ അത് ഒരു അപരിചിതനിൽ നിന്നാണെങ്കിൽ  കണ്ടെത്താനേ പറ്റിയെന്ന് വരില്ല. താൻ രോഗം ആ‍ർക്കൊക്കെ നൽകിയെന്ന് ആയാൾക്കും അറിയാനാവില്ല.

മൊബൈൽ ഫോൺ ഉപയോഗിച്ച് ഇതിന് ഒരു പരിഹാരം കാണാനുള്ള ശ്രമമാണ് ഇപ്പോൾ പല രാജ്യങ്ങളിലും നടക്കുന്നത്. ഒരു ആപ്പ് ഉപയോഗിച്ച്.
സമാർട്ട് മൊബൈൽ ഫോണുള്ള രണ്ട് പേർ അടുത്ത് വന്നാൽ, ആ വിവരം രണ്ട് മൊബൈൽ ഫോണിലേയും ആപ്പ് രേഖപ്പെടുത്തും. ബ്ലൂടൂത്ത് വഴിയാണ് മൊബൈലുകൾ തമ്മിൽ അടുത്ത് എത്തിയകാര്യം കാര്യം സ്ഥിരീകരിക്കുന്നത്. പിന്നീട് ഇതിലേതെങ്കിലും ഒരു മൊബൈൽ ഫോണിന്‍റെ ഉടമസ്ഥന് കൊവി‍ഡ് 19 വന്നാൽ അയാൾ അത് തന്‍റെ മൊബൈലിലെ ആപ്പിൽ  രേഖപ്പെടുത്തണം. അതോടെ മറ്റേ മൊബൈൽ ഫോണിന്‍റെ ഉടമസ്ഥന് കൊവിഡ് സാധ്യത ഉണ്ടെന്ന് സന്ദേശം പോകും. ഇതുപോലെ രാജ്യമെങ്ങുമുള്ള സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ശ്രംഖല ഉണ്ടാക്കുക. ഇത്രയുമാണ് ആരോഗ്യസേതു ആപ്പിന്റെ ജോലി.

Latest Videos

undefined

പക്ഷെ പറഞ്ഞ് പോകുന്ന അത്ര ലളിതമല്ല കാര്യം. ഇതിൽ പ്രായോഗിക പ്രശ്നങ്ങൾ ധാരാളമുണ്ട്. ഒരാൾ താൻ രോഗിയായയെന്ന വിവരം മൊബൈൽ ആപ്പിൽ രേഖപ്പെടുത്തിയില്ലെങ്കിലോ? രോഗിയുമായി തനിക്ക് സമ്പർക്കമുണ്ടായെന്ന വിവരം ആപ്പിലൂടെ കിട്ടുന്ന ആൾ ക്വാറൻ്റീനിൽ പോകാൻ വിസമ്മതിച്ചാലോ? അയാൾ ഫോൺ ഓഫ് ചെയ്തിട്ട് മുങ്ങിയാലോ? ഇതോടെ രോഗിയും രോഗസാധ്യത ഉള്ളവരും തമ്മിലുള്ള ബന്ധത്തിന് ഇടയിലേക്ക് മറ്റൊരാൾ കടന്നുവരുന്നു. സർക്കാർ. പക്ഷേ സർക്കാരിന്‍റെ ഇടപെടലിനേക്കുറിച്ച്  ലോകത്ത് പലതരം അഭിപ്രായങ്ങളാണ്.

യൂറോപ്പിലെ പല രാജ്യങ്ങളിലും ഒരു സ്വതന്ത്രഏജൻസി ഈ വിവരങ്ങൾ കൈകാര്യങ്ങൾ ചെയ്യുന്ന രീതിയാണ് ആലോചിക്കുന്നത്. സർക്കാരല്ല. അതും വ്യക്തിയുടെ കാര്യമായ വിവരങ്ങളൊന്നും ശേഖരിക്കാതെ. ഉദാഹരണത്തിന് മൊബൈൽ ഫോണുമായി ഒരു വ്യക്തി ഏത് സ്ഥലത്താണുള്ളതെന്ന വിവരം ആപ്പ് ശേഖരിക്കില്ല. കാരണം ഏത് സ്ഥലമെന്നതിന് ഇവിടെ പ്രസ്തക്തില്ല. മൊബൈൽ നമ്പറിന് പകരം ഒരു ഐഡി നമ്പറാണ് ഉപയോഗിക്കുന്നതും. ഓസ്ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ആപ്പുകളും വ്യക്തികളുടെ പരമാവധി കുറച്ചു വിവരങ്ങളേ ശേഖരിക്കൂ. ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നത് വരെ ആയാൾ ആരെക്കയായി ബന്ധപ്പെട്ടന്ന കാര്യം ആയാളുടെ ഫോണിൽ മാത്രമേ ഉണ്ടാകൂ. രോഗം സ്ഥിരീകരിച്ചാലും, രോഗിയുടെ അനുമതി ഉണ്ടെങ്കിലേ സ‍ർക്കാർ സംവിധാനത്തിലേക്ക് ആ വിവരം പോകൂ.

ഇവിടെയാണ് നമ്മുടെ ആരോഗ്യസേതു വ്യത്യസ്തമാകുന്നത്. ആരോഗ്യസേതുവിന് എല്ലാം അറിയണം. ഉപയോ​ഗിക്കുന്നയാളുടെ പേര്, വയസ്സ്, ലിംഗം, ജോലി, ആരോഗ്യസ്ഥിതി, മൊബൈൽ നമ്പർ, യാത്രചെയ്ത രാജ്യങ്ങൾ തുടങ്ങിയവ. മൊബൈലിലെ ബ്ലൂടൂത്തിന്‍റെ നിയന്ത്രണം മാത്രമല്ല, ജിപിഎസ്സിന്‍റെ നിയന്ത്രണവും വേണം. എല്ലാ പതിനഞ്ച് മിനിട്ടിലും നിങ്ങൾ എവിടെയാണെന്ന വിവരവും ആപ്പ് ശേഖരിക്കും.  
കോവിഡ് നിയന്ത്രിക്കാൻ എന്തിനാണ് നിങ്ങളുടെ ജോലി സർക്കാർ അറിയുന്നത്? അതുപോലെ പ്രായം. ലിംഗം. മൊബൈൽ ഫോണുകൾ തമ്മിലുള്ള അടുപ്പം വച്ച് രോഗിയുമായുള്ള സമ്പർക്കം കണ്ടുപിടിക്കുന്ന ആപ്പിൽ എന്തിനാണ് ഒരോ ആളും എവിടെയൊക്കെ പോകുന്നു എന്ന് അറിയുന്നത്?

പൗരന്‍റെ പേരും ജാതകവും ചോദിക്കുന്ന കേന്ദ്രസർക്കാർ കൊവിഡ് പ്രതിരോധത്തിന് മാത്രമാണോ ആരോഗ്യസേതു ഉപയോഗിക്കുന്നതെന്ന് സംശയം തുടങ്ങുന്നത് ഇവിടെയാണ്. ആപ്പിന്‍റെ പ്രവൈസി പോളിയസിയിൽ തന്നെ, ചികിൽയക്ക് മാത്രമല്ല,  ഭരണപരമായ കാര്യങ്ങൾക്കും നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാം എന്ന് സൂചനകളുണ്ട്.  

Clause 2 (a)-
 “The personal information collected from or about you under Clause 1(a) above, will be stored locally in the App on your device and will only be uploaded to and used by the Government of India (i) in anonymized, aggregated datasets for the purpose of generating reports, heat maps and other statistical visualisations for the purpose of the management of COVID-19 in the country and/or (ii) in the event you have tested positive for COVID-19 or have come in close contact with any person who has tested COVID-19 positive. Any personal information uploaded to the cloud will only be used for the purpose of informing you, or those you have come in contact with, of possible infection. Such personal information may also be shared with such other necessary and relevant persons as may be required in order to carry out necessary medical and administrative interventions.”

എന്ത് ഭരണപരമായ കാര്യങ്ങളെന്ന് തൽക്കാലും ഊഹിക്കുകയേ നിർവത്തിയുള്ളു. എത്രകാലത്തേയ്ക്ക് ആയിരിക്കും ആരോഗ്യസേതുവിന്‍റെ ഉപയോഗമെന്നും പറയുന്നില്ല. അതേ സമയം നിങ്ങളുടെ പ്രധാന വിവരങ്ങൾ 30 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കില്ല എന്ന ഉറപ്പ് തരുന്നുണ്ട് കേന്ദ്രസർക്കാർ. പക്ഷെ അതിൽ അവ്യക്തകൾ ഏറെയാണ്.  

ഒരു മഹാമാരിയുടെ സമയത്താണോ ഭരിക്കുന്ന സർക്കാരിനെ അവിശ്വസിക്കിക്കുന്നത് എന്ന് തിരിച്ചുചോദിക്കാം. ശരിയാണ്. അതുകൊണ്ട് ഒരു വാദത്തിന് ആരോഗ്യസേതു ആപ്പ് രോഗവ്യാപനം തടയാൻ മാത്രമുണ്ടാക്കിയതാണെന്ന് കരുതുക. ആ ലക്ഷ്യം ഈ ആപ്പുകൊണ്ട് കഴിയമോ? അത് പരിശോധിക്കാമല്ലോ?  

ഇന്ത്യൻ ജനസംഖ്യ 138 കോടി. അതിൽ പകുതി പേ‍ർക്കു പോലും സമാർട്ട് ഫോൺ ഇല്ല. ഒരുപാട്സ്ഥലങ്ങൾ ഇപ്പോഴും 2 ജി കണക്ഷന് അപ്പുറത്തേക്ക് വളർന്നിട്ടുമില്ല. കശ്മീരിലാണെങ്കിൽ 4 ജി നി‍ർബന്ധമായി നിർത്തലാക്കിയിരിക്കുകയുമാണ്. ഈ രാജ്യത്താണോ, മൊബൈൽ ആപ്പുമായി കൊവിഡിനെ പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. അഥവാ നഗരങ്ങളിൽ എല്ലാവർക്കും സമാർട്ട് ഫോണും, അവരെല്ലാവരുടെയെല്ലാം ഫോണുകളിൽ ആരോഗ്യസേതു ആപ്പും ഉണ്ടെന്നിരിക്കട്ടെ. ബ്ലൂട്ടൂത്ത് സംവിധാനമുപയോഗിച്ചുള്ള കോണ്ടാക്ട് ട്രെയ്സിംഗ് ഏത്രത്തോളം ശാസ്ത്രീയമാണ്. കുറ്റമറ്റതാണ്. അബദ്ധങ്ങളുടെ മലവെള്ളപ്പാച്ചിലായിരിക്കും ഉണ്ടാവുകയെന്ന് പല പ്രമുഖരും മുന്നറിയിപ്പ് തരുന്നു.

ഉദാഹണത്തിന് ഹാർവാഡ് സർവ്വകലാശാലയിലെ ബ്രൂസ് ഷ്നെയ്സറുടെ ചോദ്യം. ജിപിഎസ് വച്ച് രണ്ട് പേർ അടുത്ത് അടുത്ത് വന്നെന്ന് കണ്ടെത്തി. അവർ പക്ഷെ ഒരു വലിയ മതിലിന്‍റെ രണ്ട് വശത്ത് നിന്നവരാണെങ്കിലോ?  അല്ലെങ്കിൽ ജിപിഎസ് ലൊക്കേഷൻ ട്രാക്കിംഗ് കൃത്യമായി പ്രവർത്തച്ചില്ലെങ്കിലോ?  

ഫലപ്രദമാകുമെന്ന് ഒരു ഉറപ്പുമില്ലാത്ത പരിപാടിയുമായി കേന്ദ്രസർക്കാർ ചാടിപ്പുറപ്പെടുന്നതിന്‍റെ ലക്ഷ്യം എന്തായിരിക്കും. വ്യക്തി വിവരങ്ങൾ ചോർത്തുക അല്ല ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ പറയുന്നത് വിശ്വസിക്കാമോ? ഈ ആപ്പ് സാങ്കേതിക വിദഗ്ധർക്ക് പരിശോധിക്കാൻ കഴിയുമോ? പറ്റില്ല. വിവിധ രാജ്യങ്ങളിലെ ഇത്തരം ആപ്പുകളെല്ലാം ഓപ്പൺ സോഴ്സ് ചെയ്യുമ്പോൾ, ആരോഗ്യസേതു അങ്ങനെയല്ല. പ്രോപ്രറൈറ്ററി സോഫ്റ്റ് വെയറാണ്. അണിയറയിലെന്താണെന്ന് പരിശോധിക്കാനാവില്ല. ഇനി ആരെങ്കിലും പരിശോധിക്കാൻ തുനിഞ്ഞാലോ? മൂക്കുചെത്തുമെന്ന് ടേംസ് ഓഫ് സർവീസിൽ എഴുതിവച്ചിട്ടുണ്ട്.


 Clause 3- “...
“...You agree that you will not tamper with, reverse-engineer or otherwise use the App for any purpose for which it was not intended including, but not limited to, accessing information about registered users stored in the App, identifying or attempting to identify other registered users or gaining or attempting to gain access to the cloud database of the Service.”

ഈ കാര്യത്തിൽ ഇന്ത്യ ഒറ്റക്കല്ല. ഇതുപോലെ ഒരു ആപ്പാണ് ഇസ്രായേലും ഉപയോഗിക്കുന്നത്. പേര് ഹമെഗൻ. മനുഷ്യാവകാശ ലംഘനങ്ങളിലും സർവൈലൻസിലും ലോകപ്രസ്തമായ രാഷ്ട്രമാണ് ഈ കാര്യത്തിൽ നമുക്ക് ഒപ്പം.

പാൻ കാർഡ് മുതൽ ആധാർ വരെ, മൊബൈൽ ഫോൺ സംഭാഷണങ്ങൾ മുതൽ ഗൂഗിൾ സേർച്ച് വരെ. നമ്മുടെ എല്ലാ വിവരങ്ങളും ഇടപെടലുകളും ആരെങ്കിലും എവിടെയെങ്കിലും ശ്രദ്ധിക്കുന്നുണ്ട്. പലതും സൂക്ഷിച്ചുവയ്ക്കുന്നുമുണ്ട്. ഈ കൊവിഡ് കാലത്ത് ആരോഗ്യവിവരങ്ങൾകൂടി ആ പട്ടികയിലേക്ക് ചേർക്കപ്പെടും. എല്ലാം കൂടി ചേർത്തുവച്ചാൽ ഒരോ വ്യക്തിയേയും കുറിച്ചുള്ള സമ്പൂർണ്ണ ചിത്രം തയ്യാ‍‍‍ർ.

സ്വകാര്യത പൗരന്‍റെ മൗലിക അവകാശമാണെന്ന് സുപ്രീംകോടതി വിധിച്ച രാജ്യമാണ് ഇന്ത്യ. അതിലേക്ക് കടന്നുകയറാൻ സർക്കാരിന് പോലും അവകാശമില്ല. പക്ഷെ സ്വകാര്യത സംരക്ഷിക്കാനുള്ള ശക്തി ഇതുവരെയുള്ള നിയമങ്ങൾക്കില്ല. അതുകൊണ്ട് വ്യക്തി വിവരങ്ങൾ എന്തിനാണ് ശേഖരിക്കുന്നതെന്ന് പറയേണ്ട. എത്രകാലം സൂക്ഷിക്കുമെന്ന് പറയേണ്ട. വിവരങ്ങളുടെ സുരക്ഷയ്ക്ക് ശക്തമായ വ്യവസ്ഥകളും വേണ്ട.

എന്തിനും, ആസാധാരണ കാലത്ത് ആസാധാരണ നടപടി എന്നതാണ് ഏത് അധികാരിക്കുമുള്ള റെഡിമെയ്ഡ് ഉത്തരം. പക്ഷെ ഇന്ത്യക്കൊപ്പം ആപ്പുണ്ടാക്കിയ ഇസ്രായേൽ സർക്കാരിനെ അവിടുത്തെ കോടതി ചെവിക്ക് പിടിച്ചുനിർത്തിയിരിക്കുകയാണ്. ഫോൺ വഴി വ്യക്തിവിരങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിയമങ്ങൾ പാസ്സാക്കിയിട്ടുമതി ആപ്പ് വച്ചുള്ള പരിപാടിയെന്നാണ് കോടതി വിധി.

ഇന്ത്യ പക്ഷെ ആരോഗ്യസേതു ആപ്പുമായി മുന്നോട്ടാണ്. എല്ലാവരും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണമെന്ന ആഭ്യർത്ഥനയായിരുന്നു ആദ്യം. കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാർ സ്വരം മാറ്റി. സർക്കാർ,സ്വകാര്യ എന്ന വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ ഫോണുകളിൽ ആപ്പ് സ്ഥാപിക്കണമെന്ന് ഉത്തരവിറങ്ങി. ദില്ലിയിലെ നോയിഡയിൽ കേന്ദ്രസർക്കാർ ഒരു പടികൂടി കടന്നു. വഴിയിൽ തടഞ്ഞുനിർത്തി ഫോൺ പരിശോധിക്കും. ആപ്പില്ലെങ്കിൽ അത് അപ്പോൾതന്നെ ഡൗൺലോഡ് ചെയ്യണം. ഇല്ലെങ്കിൽ കേസെടുക്കും. ആറ് മാസം തടവോ, ഒരു വർഷം തടവോ കിട്ടാവുന്ന ശിക്ഷ. ഐപിടി 188 പ്രകാരം സർക്കാർ ഉദ്യോഗസ്ഥന്‍റെ നിർദ്ദേശം ലംഘിച്ചതിനാണ് കേസ്. സ്മാർട്ട് ഫോണില്ലാത്തവർ എന്തുചെയ്യണം സാർ എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ആസാധാരണ കാലമാണ്, മിണ്ടരുത്.

ദില്ലിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കലാപം. ആസൂത്രിതമായാണ് പല ഇടത്തും ആക്രമങ്ങൾ നടന്നത്. അതിന്‍റെ കാരണങ്ങൾ തേടിപ്പോയവർ ഒരു കാര്യം ശ്രദ്ധിച്ചു. വാഹനങ്ങളുടെ ഉടമസ്ഥരെ തിരിച്ചറിഞ്ഞാണ് കലാപകാരികൾ അക്രമം നടത്തിയത്. ആ വിവരം എവിടെ നിന്ന് കിട്ടി? ഇന്ത്യയിലെ എല്ലാ വാഹനങ്ങളുടേയും വിവരങ്ങൾ കേന്ദ്രസർക്കാർ 2014 മുതൽ വിൽക്കുന്നുണ്ട്. 142 കമ്പനികൾ ഇതിനോടകം വാഹന ഉടമകളുടെ പേരും മേൽവിലാസവും മറ്റ് വിവരങ്ങളും വിൽക്കുന്നുണ്ട്. 30 ബാങ്കുകൾ, 19 സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് ഇത് വാങ്ങിയവരുടെ പട്ടിക. കഴിഞ്ഞ വർഷം മാത്രം 21 കോടിയാണ് ഡേറ്റാ വിറ്റ് കേന്ദ്രസർക്കാർ നേടിയിത്. 5 വർഷം കൊണ്ട് ആകെ കിട്ടയത് 63കോടി.

നാട്ടുകാർക്കുള്ള പ്രോൽസാഹനസമ്മാനമെന്ന നിലയിൽ വാഹൻ ആപ്പിൽ പോയാൽ വാഹന ഉടമയുടെ പേര് മാത്രം മനസ്സിലാക്കാം. ദില്ലി കലാപത്തിൽ ഏത് ഡേറ്റാ ബേസാണ് ഉപയോഗിച്ചതെന്ന വ്യക്തമല്ല. വാഹനഉടമകളുടെ അനുവാദമില്ലാതെ അവരുടെവിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന് ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി. ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തിലായതുകൊണ്ടാകണം, ഗൗരവമായി പരിഗണിക്കാമെന്നായിരുന്നു മറുപടി.

എന്‍റെ ഡേറ്റാ ആർക്ക് വേണമെന്ന് തമാശിക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ദില്ലി കലാപം. വലിയ അപടങ്ങളുടെ സമയത്ത് ജീവൻ വേണോ, ഡേറ്റ വേണോ എന്ന ചോദിക്കുന്നവർക്ക് ഉള്ള മറുപടി. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണി ഗുട്ടറസ് കഴിഞ്ഞ ദിവസം പറഞ്ഞതും ഓർക്കണം- കോറോണ വ്യാപനം തടയാനുള്ള സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വലുതാണ്. അസാധാരണ സാഹചര്യങ്ങളിലെന്നതിന്‍റെ പേരിൽ എടുക്കുന്ന അസാധാരണ നടപടികൾ കോറോണകാലം കഴിഞ്ഞാൽ സാധാരണ നടപടികളായി തുടർന്നേക്കാം.

ഇനിയും ജീവൻ വേണോ, ഡേറ്റ വേണോ എന്നാരെങ്കിലും ചോദിക്കുന്നുണ്ടെങ്കിൽ, അവർക്ക് നല്ല നമസ്കാരം. എപ്പോഴും അച്ചടക്കം നല്ലതാണ്. കാര്യങ്ങൾ കൃത്യമായി നടക്കും. തീവണ്ടികൾ കൃത്യമസയത്ത് ഓടും. ഓഫീസുകൾ കൃത്യമസയത്ത് തുറക്കും. പക്ഷെ എപ്പോഴും അതിന് ഒരുപാട് പേർ കനത്ത വിലനൽകേണ്ടിവരുമെന്നതിന് ചരിത്രം സാക്ഷി. അതുകൊണ്ടാണ് ജനാധിപത്യത്തിലെ തർക്കങ്ങൾക്കും അലങ്കോലങ്ങൾക്കും ഏകാധിപത്യത്തിന്‍റെ വൃത്തിയേക്കാൾ മാറ്റ് കൂടുന്നത്. നമുക്ക് പക്ഷെ മറവി കൂടുതലായതിനാൽ ചരിത്രത്തിന് അത് ഇടയ്ക്കിടെ ഓർമ്മിപ്പിക്കേണ്ടിവരും.

"

click me!