വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജംഷെഡ്പൂരിനും ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജംഷെഡ്പൂരിനും ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം. 13 മത്സരം പിന്നിടുമ്പോള്‍ ഇരുടീമിനും 14 പോയിന്റ് വീതമാണുള്ളത്.
ഗോള്‍ ശരാശരിയില്‍ ജംഷെഡ്പൂര്‍ എട്ടും ബ്ലാസ്റ്റേഴ്‌സ് ഒന്‍പതും സ്ഥാനങ്ങളില്‍. ഏറെ പ്രതീക്ഷ അര്‍പ്പിച്ച പ്രതിരോധ നിരയുടെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനെ വെട്ടിലാക്കിയത്. ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. 17 ഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ വീണത് 22 ഗോളുകള്‍. 13 ഗോള്‍ നേടിയ ജംഷെഡ്പൂര്‍ തിരിച്ച് വാങ്ങിയത് പതിനേഴെണ്ണം.
undefined
സസ്‌പെന്‍ഷനിലായ കോച്ച് കിബു വികൂനയ്ക്ക് പകരം അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദിന് കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ജീക്‌സണ്‍ സിംഗിനൊപ്പം ബെംഗളൂരുവിനെതിരെ വിജയഗോളും ഗോവയ്‌ക്കെതിരെ സമനിലഗോളും നേടിയ മലയാളിതാരം കെ പി രാഹുല്‍ സസ്‌പെന്‍ഷനിലായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്.
ടോപ് സ്‌കോററായ ജോര്‍ദാന്‍ മറേ, ജെസ്സെല്‍ കാര്‍ണെയ്‌റോ, നിഷുകുമാര്‍, കോസ്റ്റ നൊമെയ്‌നേസു തുടങ്ങിയവര്‍ പരിക്കിന്റെ പിടിയില്‍. ഇതേസമയം, ഫാറൂഖ് ചൗധരിയും ലെന്‍ ഡൗംഗലും തിരിച്ചെത്തുന്നതിന്റെ ആശ്വാസത്തിലാണ് ജംഷെഡ്പൂര്‍. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ മുന്ന് ഗോളിന് ജയിച്ചിരുന്നു.