ISL : ഇന്ന് എടികെ മോഹന്‍ ബഗാന്‍- ബെംഗളൂരു എഫ്‌സി ഗ്ലാമര്‍ പോര്; റെക്കോഡിനരികെ റോയ് കൃഷ്ണ

By Web Team  |  First Published Dec 16, 2021, 2:29 PM IST

കടലാസില്‍ കരുത്തരെങ്കിലും കളത്തില്‍ കളി മറക്കുകയാണ് ലീഗിലെ രണ്ട് മാര്‍ക്വീ ക്ലബ്ബുകള്‍. അവസാന അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാത്ത ബെംഗളുരു എഫ്‌സിക്ക് ആകെയുള്ളത് നാല് പോയിന്റാണ്.


ഫറ്റോര്‍ഡ:  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) ഇന്ന് ഗ്ലാമര്‍ പോരാട്ടം. എടികെ മോഹന്‍ ബഗാനും  (ATK Mohun Bagan) ബെംഗളുരു എഫ്‌സിയും (Bengaluru FC) നേര്‍ക്കുനേര്‍ വരും. ഗോവയില്‍ രാത്രി 7.30നാണ് മത്സരം. കടലാസില്‍ കരുത്തരെങ്കിലും കളത്തില്‍ കളി മറക്കുകയാണ് ലീഗിലെ രണ്ട് മാര്‍ക്വീ ക്ലബ്ബുകള്‍. അവസാന അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാത്ത ബെംഗളുരു എഫ്‌സിക്ക് ആകെയുള്ളത് നാല് പോയിന്റാണ്.

കഴിഞ്ഞ മൂന്ന് കളിയില്‍ ഒരു സമനിലയും രണ്ട് തോല്‍വിയും വഴങ്ങിയ എടികെ മോഹന്‍ ബഗാന് ഏഴ് പോയിന്റുണ്ട്. റോയ് കൃഷ്ണ ജനുവരിയില്‍ ഫിജി ദേശീയ ടീമിനൊപ്പം ചേരാനിരിക്കെ കൂടുതല്‍ തകര്‍ച്ച ഒഴിവാക്കുകയാകും ഹബാസ് ഉന്നമിടുക. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് എടികെ. ബംഗളൂരു ഒമ്പതാം സ്ഥാനത്തും. അതേസമയം ആറ് കളിയായിട്ടും നായകന്‍ സുനില്‍ ഛെത്രി ഒരു ഗോള്‍ പോലും നേടാത്തതാണ് ബെംഗളുരുവിന്റ വലിയ തലവേദന. പത്ത് പേരിലേക്ക് ഗോവ ചുരുങ്ങിയതിന് പിന്നാലെ ഗോള്‍ വഴങ്ങിയതു പോലുള്ള പാളിച്ചകള്‍ പരിഹരിക്കയും വേണം. എട്ട് ഗോള്‍ നേടിയപ്പോള്‍ 12 എണ്ണം വഴങ്ങി. 

Latest Videos

അതേസമയം, ബെംഗളൂരു എഫ്‌സിക്കെതിരെ ഇറങ്ങുമ്പോല്‍ എടികെ താരം റോയ് കൃഷ്ണ ഒരു റെക്കോര്‍ഡിന് അരികെയാണ്. ഫിജിയന്‍ താരത്തിന്റെ 50-ാം ഐഎസ്എല്‍ മത്സരമാകും ഇത്. വിദേശ താരങ്ങളില്‍ 20 പേര്‍ മാത്രമാണ് മുന്‍പ് 50 മത്സരം പൂര്‍ത്തിയാക്കിയത്. 2019 മുതല്‍ മറ്റൊരു താരവും റോയ് കൃഷ്ണയേക്കാള്‍ മത്സരം കൂടുതല്‍ കളിക്കുകയോ ഗോളുകള്‍ നേടുകയോ ചെയ്തിട്ടില്ല.  31 ഗോളുകളാണ് റോയ് കൃഷ്ണ ഐഎസ്എല്ലില്‍ നേടിയത്. നേരിട്ട എല്ലാ എതിരാളികള്‍ക്കെതിരെയും ഗോളുകള്‍ നേടിയിട്ടുണ്ടെന്ന റെക്കോര്‍ഡും റോയ് കൃഷ്ണയ്ക്കുണ്ട്.

click me!