ഗോളുമായി ഹക്കുവും മുറേയും നിറഞ്ഞുനിന്ന മത്സരത്തില്‍ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് യുവതാരം ജീക്‌സണ്‍ സിംഗാണ്.
മഡ്‌ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം സ്വന്തമാക്കിയത് അബ്‌ദുള്‍ ഹക്കു, ജോര്‍ദാന്‍ മുറേ എന്നിവരുടെ ഗോളുകളിലായിരുന്നു. ഹൈദരാബാദ് എഫ്‌സിക്കെതിരെ 2-0നാണ് മഞ്ഞപ്പട ജയിച്ചത്. എന്നാല്‍ ഗോളുമായി ഹക്കുവും മുറേയും നിറഞ്ഞുനിന്ന മത്സരത്തില്‍ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് യുവതാരം ജീക്‌സണ്‍ സിംഗാണ്.
മധ്യനിരയിലെ തകര്‍പ്പന്‍ പ്രകടനമാണ് ജീക്‌സണ്‍ സിംഗിനെ കളിയിലെ താരമാക്കിയത്. ഇന്ത്യന്‍ ഫുട്ബോളിലെ ഭാവി വാഗ്‌ദാനങ്ങളില്‍ ഒരാള്‍ എന്ന് വിലയിരുത്തപ്പെടുന്ന താരമാണ് 19കാരനായ ജീക്‌സണ്‍ സിംഗ്. ജീക്‌സണ്‍ സിംഗ് ഫുട്ബോള്‍ പണ്ഡിതരുടെ ചര്‍ച്ചകളില്‍ ഇടംപിടിച്ചത് 2017ലെ ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിലാണ്. ഫിഫ ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കാരന്റെ ആദ്യ ഗോള്‍ അന്ന് താരം പേരിലാക്കി. കൊളംബിയക്കെതിരെയായിരുന്നു ചരിത്രം കുറിച്ച ഷോട്ട്.
undefined
ചണ്ഡിഗഢ് ഫുട്ബോള്‍ അക്കാദമിയിലൂടെ കരിയര്‍ തുടങ്ങിയ ജീക്‌സണ്‍ സിംഗ് 2017-18 സീസണില്‍ മിനര്‍വ പഞ്ചാബിലെത്തി. അവിടെ നിന്ന് ലോണില്‍ ഇന്ത്യന്‍ ആരോസിലേക്ക്. ഇതിനിടെയായിരുന്നു അണ്ടര്‍ 17 ലോകകപ്പില്‍ ബൂട്ടണിഞ്ഞത്. ജീക്‌സണിന്‍റെ മികവ് തിരിച്ചറിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് 2018-19 സീസണില്‍ താരത്തെ പാളയത്തിലെത്തിച്ചു. റിസര്‍വ് ടീമിനൊപ്പം കളിച്ച താരത്തെ 2019-2020 സീസണില്‍ എല്‍ക്കോ ഷട്ടോരി സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നല്‍കി.
2019 ഒക്‌ടോബര്‍ 20ന് എടികെയ്‌ക്കെതിരെ അരങ്ങേറിയ താരം എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്കാരവുമായാണ് മടങ്ങിയത്. ഇതോടെ അരങ്ങേറ്റ സീസണില്‍ 13 മത്സരങ്ങളില്‍ അവസരം ലഭിച്ചു. 2023 വരെ താരവുമായി കരാര്‍ പുതുക്കിയെന്ന് ബ്ലാസ്റ്റേഴ്‌സ് ഈ വര്‍ഷം പ്രഖ്യാപിച്ചു. ഈ സീസണില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഇഞ്ചുറിടൈമില്‍ സമനില ഗോള്‍ നേടി ഐഎസ്എല്‍ അക്കൗണ്ട് തുറന്ന താരം വലിയ പ്രതീക്ഷ ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്‍കുന്നു. ഇന്ത്യന്‍ അണ്ടര്‍ 17 ടീമിന് പുറമെ അണ്ടര്‍ 20 ടീമിലും താരം കളിച്ചിട്ടുണ്ട്.
ഹൈദരാബാദിന്‍റെ നെഞ്ചത്ത് ഇരട്ട വെടി; ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം