29-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു മലയാളി ഡിഫന്‍റര്‍ അബ്‌ദുള്‍ ഹക്കു. സീസണില്‍ ആദ്യമായി ഇറങ്ങിയ ഹക്കു ഫക്കുണ്ടോ പെരേരയുടെ കോര്‍ണറില്‍ ഹെഡര്‍ കൊണ്ട് വലചലിപ്പിച്ചു.
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി ആദ്യപകുതി ആവേശകരം. ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ മലയാളി താരം അബ്‌ദുള്‍ ഹക്കുവിന്‍റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 1-0ന് മുന്നില്‍ നില്‍ക്കുകയാണ്.
ഗോള്‍ മാറിനില്‍ക്കുകയായിരുന്നു മത്സരത്തിന്‍റെ തുടക്കത്തില്‍. 11-ാം മിനുറ്റില്‍ ആശിഷ് റായിയില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് സഹല്‍ അബ്‌ദുള്‍ സമദ് ആദ്യ ശ്രമം നടത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. തൊട്ടുപിന്നാലെ ജോര്‍ദാന്‍ മുറേയുടെ ബൈസിക്കിള്‍ കിക്ക് ശ്രമവും പാളി. 14-ാം മിനുറ്റില്‍ ലിസ്റ്റണ്‍ ഹൈദരാബാദിനായി ഓണ്‍ടാര്‍ഗറ്റ് ഷോട്ടുതിര്‍ത്തെങ്കിലും ആല്‍ബിനോ ഗോമസ് തടുത്തു. 17-ാം മിനുറ്റില്‍ നിഷു കുമാര്‍ മിന്നല്‍ ഷോട്ടിന് ശ്രമിച്ചപ്പോഴും ഫലം കണ്ടില്ല.
undefined
ഹക്കു വന്നു ഗോളോടെ
22-ാം മിനുറ്റില്‍ ഹൈദരാബാദ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ മുഹമ്മദ് യാസിറിന്‍റെ അസിസ്റ്റ് മുതലാക്കാന്‍ അരിഡാന സാന്‍റാനയ്‌ക്കായില്ല. എന്നാല്‍ 29-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു മലയാളി ഡിഫന്‍റര്‍ അബ്‌ദുള്‍ ഹക്കു. സീസണില്‍ ആദ്യമായി ഇറങ്ങിയ ഹക്കു, ഫക്കുണ്ടോ പെരേരയുടെ കോര്‍ണറില്‍ ഹെഡര്‍ കൊണ്ട് വല ചലിപ്പിച്ചു. അതേസമയം 45-ാം മിനുറ്റില്‍ സുവര്‍ണാവസരം സാന്‍റാന പാഴാക്കിയത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി.
ഹൈദരാബാദ് 4-2-3-1 ഫോര്‍മേഷനിലും ബ്ലാസ്റ്റേഴ്‌സ് 4-3-3 ശൈലിയിലും മൈതാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അഞ്ച് മാറ്റവുമായാണ് ഇറങ്ങിയത്. മലയാളി താരങ്ങളായ രാഹുല്‍ കെ പിയും സഹല്‍ അബ്‌ദുല്‍ സമദും അബ്‌ദുള്‍ ഹക്കുവും ആദ്യ ഇലവനിലെത്തി. പ്രതിരോധത്തില്‍ പതിവ് കോസ്റ്റ-കോനെ സഖ്യത്തിന് പകരം ഇന്ത്യന്‍ പ്രതിരോധക്കോട്ടയാണ് വികൂന കെട്ടിയത്.
ബ്ലാസ്റ്റേഴ്സിന് ജയിക്കാതെ തരമില്ല
നിലവില്‍ ആറ് കളിയില്‍ മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമടക്കം മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്. ആറ് കളിയില്‍ ഒന്‍പത് പോയിന്റുള്ള ഹൈദരാബാദിന്റെ നിലയും സുരക്ഷിതമല്ല. ഒന്‍പത് പോയിന്റുമായി ഏഴാം സ്ഥാനത്താണിപ്പോള്‍ ഹൈദരാബാദ്. ഇന്നുംകൂടി പരാജയപ്പെട്ടാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ പരിതാപകരമാവും.