മുഹമ്മദ് ഷമിയെറിഞ്ഞ രണ്ടാമത്തെ ഓവറിലാണ് സംഭവം. ഷോര്‍ട്ട് ഫൈൻ ലെഗിലേക്ക് വന്ന പന്തില്‍ വിക്കറ്റ് കീപ്പര്‍ ഭരത്തും യഷ് ദയാലും ഒരുമിച്ച് ചാടി വീണു. കൂട്ടയിടിച്ചെങ്കിലും അതിനകം യഷ് ദയാല്‍ ക്യാച്ച് എടുത്തിരുന്നു.
അഹമ്മദാബാദ്: ഐപിഎല്ലില്‍ കെകെആര്‍ ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിനിടെ ശ്രദ്ധേയമായി യഷ് ദയാലിന്‍റെ ക്യാച്ച്. കൊല്‍ക്കത്തയുടെ ഓപ്പണര്‍ റഹ്മനുള്ള ഗുര്‍ബാസിന്‍റെ ക്യാച്ചാണ് ചെറിയൊരു കൂട്ടയിടിക്കിടയിലും യഷ് ദയാല്‍ കൈപ്പിടിയില്‍ ഒതുക്കിയത്. മുഹമ്മദ് ഷമിയെറിഞ്ഞ രണ്ടാമത്തെ ഓവറിലാണ് സംഭവം. ഷോര്‍ട്ട് ഫൈൻ ലെഗിലേക്ക് വന്ന പന്തില്‍ വിക്കറ്റ് കീപ്പര്‍ ഭരത്തും യഷ് ദയാലും ഒരുമിച്ച് ചാടി വീണു. കൂട്ടയിടിച്ചെങ്കിലും അതിനകം യഷ് ദയാല്‍ ക്യാച്ച് എടുത്തിരുന്നു.
അതേസമയം, നിലവലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ മിന്നുന്ന വിജയമാണ് കൊല്‍ക്കത്ത നേടിയത്. അവസാന ഓവറില്‍ അഞ്ച് സിക്‌സ് നേടിയ റിങ്കു സിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്ത് 205 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിങ്കു 21 പന്തില്‍ 48 റണ്‍സുമായി പുറത്താവാതെ നിന്നു.
40 പന്തില്‍ 83 റണ്‍സ് അടിച്ചെടുത്ത വെങ്കടേഷ് അയ്യരാണ് അടിത്തറ പാകിയത്. ഹാട്രിക്ക് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് ഗുജറാത്ത് ബൗളര്‍മാരില്‍ തിളങ്ങിയത്. അല്‍സാരി ജോസഫിന് രണ്ട് വിക്കറ്റുണ്ട്. ഗുജറാത്തിനെ വിജയ് ശങ്കര്‍ (24 പന്തില്‍ 63), സായ് സുദര്‍ശന്‍ (38 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
നഷ്ടമായ നാല് വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തിയത് സുനില്‍ നരെയ്‌നായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. യഷ് ദയാലിന്റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് (5) സിംഗിളെടുത്തു. പിന്നീട് സ്‌ട്രൈക്ക് ചെയ്യാനെത്തിയത് റിങ്കു. അടുത്ത അഞ്ച് പന്തുകളും സിക്‌സ് നേടിയ റിങ്കു കൊല്‍ക്കത്തയ്ക്ക് ത്രില്ലര്‍ വിജയം സമ്മാനിച്ചു.