2019 ലോകകപ്പില്‍ അമ്പാട്ടി റായുഡുവിനെ മറികടന്ന് ശങ്കറിനെ ടീമിലെടുത്തത് വിവാദമായിരുന്നു
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിന്‍റെ ആവേശം ഉയര്‍ന്നതോടെ ഏകദിന ലോകകപ്പ് സ്‌ക്വാഡിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ജസ്‌പ്രീത് ബുമ്ര, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരിക്കിന്‍റെ പിടിയിലായതിനാല്‍ ഐപിഎല്ലിലെ യുവതാരങ്ങളുടെ മികവ് സ്‌ക്വാഡ് പ്രഖ്യാപനത്തില്‍ നിര്‍ണായകമാകും എന്നതിനാല്‍ പല താരങ്ങളും ഐപിഎല്‍ മികവിലൂടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാം എന്ന പ്രതീക്ഷയിലാണ്. ഇതിനിടെ ടീം പ്രഖ്യാപനം സംബന്ധിച്ച് തന്‍റെ ഒരു അഭിപ്രായം മുന്നോട്ടുവച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി.
2019 ഏകദിന ലോകകപ്പ് ടീമില്‍ ഇടംപിടിച്ച വിജയ് ശങ്കര്‍ ഐപിഎല്ലില്‍ ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനായി 24 പന്തില്‍ നാല് ഫോറുകളും അഞ്ച് സിക്‌സുകളും സഹിതം പുറത്താവാതെ 63* റണ്‍സ് നേടിയതിന് പിന്നാലെയാണ് ശാസ്‌ത്രിയുടെ വാക്കുകള്‍. 2019 ലോകകപ്പില്‍ അമ്പാട്ടി റായുഡുവിനെ മറികടന്ന് ശങ്കറിനെ ടീമിലെടുത്തത് വിവാദമായിരുന്നു. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും വഴങ്ങുന്ന ത്രീ-ഡി പ്ലെയര്‍ എന്ന വിശേഷണത്തോടെ ലോകകപ്പ് ടീമിലെടുത്ത താരം അമ്പേ പരാജയമായിരുന്നു. എന്നാല്‍ അന്ന് താരത്തെ ടീമിലെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് ശാസ്‌ത്രി വാദിക്കുന്നു.
'പ്രതിഭയുള്ള താരമാണ് എന്നതിനാലായിരുന്നു അന്ന് വിജയ് ശങ്കറിനെ ടീമിലെടുത്തത്. തിരികെ പോയി, കഠിനാധ്വാനം ചെയ്‌ത് വിജയ് ഇപ്പോള്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചതില്‍ സന്തോഷമുണ്ട്. വിജയ് ശങ്കറിന് പ്രതികൂലമായ ഘട്ടമുണ്ടായിരുന്നു കരിയറില്‍ എന്ന് നമുക്കറിയാം. ഒരു ശസ്‌ത്രക്രിയക്കും വിധേയനായി. എന്നാല്‍ ഇതിനെല്ലാം ശേഷം ശക്തമായി തിരിച്ചെത്തി. മനോഹരമായാണ് താരം പന്തുകള്‍ ഹിറ്റ് ചെയ്‌തത്. കാരണം അദേഹമൊരു ക്ലീന്‍ ഹിറ്ററാണ്. ഒട്ടേറെ ഷോട്ടുകള്‍ അദേഹത്തിന്‍റെ കൈവശമുണ്ട്. അത് കാണുന്നതില്‍ സന്തോഷം. ഇതാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കരുത്ത്. ഇന്നിംഗ്‌സിന്‍റെ അവസാന ഭാഗത്ത് അവര്‍ക്ക് കുറച്ച് പവര്‍ ഹിറ്റര്‍മാരുണ്ട്. അവര്‍ മികച്ച തുടക്കം നേടിയാല്‍ അപകടകാരികളാവും' എന്നും ശാസ്‌ത്രി സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു.
ടോസ് നിര്‍ണായകം, ലഖ്‌നൗവിന് ജയിക്കുക എളുപ്പമല്ല; കണക്കുകള്‍ ആര്‍സിബിക്ക് അനുകൂലം