സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ കമന്‍ററി ടീമിന്‍റെ ഭാഗമായി സ്മിത്ത് നിലവില്‍ ഇന്ത്യയിലുണ്ടെന്നതും അനുകൂല ഘടകമായിരുന്നു. എന്നാല്‍ ഐപിഎല്‍ ചട്ടപ്രകാരം വില്യംസണിന്‍റെ പകരക്കാരനായി സ്മിത്തിനെ ഗുജറാത്തിന് ടീമിലെടുക്കാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ആദ്യ പന്തെറിയും മുമ്പെ പരിക്കു മൂലം താരങ്ങള്‍ പിന്‍മാറിയതിന് പിന്നാലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ തുടങ്ങിയതിന് പിന്നാലെ കൂടുതല്‍ താരങ്ങള്‍ പരിക്കേറ്റ് പുറത്താവുന്നത് ടീമുകള്‍ക്ക് വമ്പന്‍ തിരിച്ചടിയാവുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ഐപിഎല്‍ ഉദ്ഘാടന മത്സരത്തിനിടെ പരിക്കേറ്റ ഗുജറാത്ത് ടൈറ്റന്‍സ് താരം കെയ്ന്‍ വില്യംസണ് ഐപിഎല്‍ പൂര്‍ണമായും നഷ്ടമാവുമെന്ന് ഉറപ്പായി കഴിഞ്ഞു.
ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് പോലും ഇറങ്ങും മുമ്പാണ് റുതുരാജ് ഗെയ്ക്‌വാദിന്‍റെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തില്‍ വില്യംസണ് പരിക്കേറ്റത്. ബാറ്റിംഗ് പ്രതീക്ഷയായ വില്യംസണിന്‍റെ അസാന്നിധ്യം വരും മത്സരങ്ങളില്‍ ഗുജറാത്തിന‍് കനത്ത തിരിച്ചടിയാവുകയും ചെയ്യും. ഇതിനിടെ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് വില്യംസണിന്‍റെ പകരക്കാരനായി ഗുജറാത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സഞ്ജയ് മഞ്ജരേക്കര്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ സ്മിത്ത് വില്യംസണ് പറ്റിയ പകരക്കാരനായിരിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ കമന്‍ററി ടീമിന്‍റെ ഭാഗമാണ് സ്മിത്ത് ഇപ്പോള്‍. എന്നാല്‍ ഐപിഎല്‍ ചട്ടപ്രകാരം വില്യംസണിന്‍റെ പകരക്കാരനായി സ്മിത്തിനെ ഗുജറാത്തിന് ടീമിലെടുക്കാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാര്യം സ്മിത്തും കഴിഞ്ഞ ദിവസം കമന്‍ററിക്കിടെ തുറന്നു സമ്മതിച്ചിരുന്നു. 2023ലെ ഐപിഎല്ലിനുള്ള താരലേലത്തില്‍ പങ്കെടുക്കാന്‍ സ്മിത്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നില്ല എന്നതാണ് അതിന് കാരണം.
അനുകുൽ റോയിയെ നോക്കി പേടിപ്പിച്ചത് വെറുതെയല്ല, കാരണം വ്യക്തമാക്കി അര്‍ഷ്ദീപ് സിംഗ്
ഐപിഎല്‍ ചട്ടം അനുസരിച്ച് പരിക്കേല്‍ക്കുന്ന കളിക്കാരന് പകരക്കാരനായി ടീമിലെടുക്കുന്ന കളിക്കാരന്‍ ഐപിഎല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത കളിക്കാരനായിരിക്കണം. അതായത്, ലേലത്തില്‍ പങ്കെടുത്ത കളിക്കാരുടെ പൂളില്‍ നിന്ന് മാത്രമെ ടീമുകള്‍ക്ക് പകരക്കാരെ തെരഞ്ഞെടുക്കാനാവു. ടൂര്‍ണമെന്‍റില്‍ ഇനിയും 13 മത്സരങ്ങള്‍ കളിക്കാന്‍ ബാക്കിയുള്ളതിനാല്‍ വില്യംസണിന്‍റെ പകരക്കാരനെ ഗുജറാത്ത് വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പേസര്‍ ജെ റിച്ചാര്‍ഡ്സന്‍റെ പകരക്കാരനെ മുംബൈ ഇന്ത്യന്‍സും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിനായി ഓപ്പണറായി ഇറങ്ങിയ സ്മിത്ത് തകര്‍പ്പന്‍ ഫോമിലായിരുന്നു. അഞ്ച് മത്സരങ്ങളില്‍ മാത്രം സിക്സേഴ്സിനായി കളിച്ച സ്മിത്ത് രണ്ട് സെഞ്ചുറി അടക്കം 86.5 ശരാശരിയില്‍ 346 റണ്‍സാണ് അടിച്ചുകൂട്ടിയത്. 25 സിക്സ് അടിച്ച് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരമായ സ്മിത്ത് സിക്സേഴ്സിനായി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമായി.