EXPLAINED: കളിച്ചത് ഒരു മത്സരം, പൂര്‍ത്തിയാക്കാനുമായില്ല; കെയ്ൻ വില്യംസണ് ഇത്തവണ ലഭിക്കുന്ന പ്രതിഫലം ഇങ്ങനെ

By Web Team  |  First Published Apr 4, 2023, 10:23 PM IST

പരിക്ക് ഗുരുതരമായത് കൊണ്ട് വില്യംസണ്‍ ഇന്ന് നാട്ടിലേക്ക് മടങ്ങി.  പകരം ശ്രീലങ്ക താരം ദാസുൻ ശനകയെ ആണ് ഗുജറാത്ത് ടീമിലെത്തിച്ചിട്ടുള്ളത്.


അഹമ്മദാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഗുജറാത്ത് ടൈറ്റൻസിന്‍റെ കെയ്ൻ വില്യംസണ്‍ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. വലത് കാല്‍മുട്ടിന് പരിക്കേറ്റതിന് തുടര്‍ന്നാണ് വില്യംസണ്‍ നാട്ടിലേക്ക് മടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ 13-ാം ഓവറിലായിരുന്നു വില്യംസണിന് പരിക്കേല്‍ക്കുന്നത്. റുതുരാജ് ഗെയ്കവാദ് പൊക്കിയടിച്ച പന്ത് ബൗണ്ടറി ലൈനില്‍ വില്യംസണ്‍ തടയാന്‍ ശ്രമിച്ചു. പന്ത് സിക്‌സാവുന്നത് അദ്ദേഹം തടഞ്ഞെങ്കിലും കാല് കുത്തുന്നതില്‍ പിഴച്ചു.

വേദനകൊണ്ട് പുളഞ്ഞ വില്യംസണ്‍ പിന്നീട് ബാറ്റ് ചെയ്യാനും എത്തിയിരുന്നില്ല. പരിക്ക് ഗുരുതരമായത് കൊണ്ട് വില്യംസണ്‍ ഇന്ന് നാട്ടിലേക്ക് മടങ്ങി.  പകരം ശ്രീലങ്ക താരം ദാസുൻ ശനകയെ ആണ് ഗുജറാത്ത് ടീമിലെത്തിച്ചിട്ടുള്ളത്. അതേസമയം, ആദ്യ മത്സരത്തില്‍ തന്നെ പരിക്കറ്റ് മടങ്ങിയതോടെ വില്യംസണിന്‍റെ ഈ സീസണിലെ പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ നിരവധി പേരാണ് ഉയര്‍ത്തുന്നത്. 2022 മെഗാ ലേലത്തിന് മുന്നോടിയായി വില്യംസണെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയിരുന്നു.

Latest Videos

undefined

14 കോടി രൂപ പ്രതിഫലം നല്‍കിയാണ് താരത്തെ നിലനിര്‍ത്തിയത്. എന്നാല്‍, കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഹൈദരാബാദ് താരത്തെ ഒഴിവാക്കുകയായിരുന്നു. ഇത്തവണ അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് ഗുജറാത്ത് വില്യംസണിനെ ടീമിലെത്തിച്ചത്. ഐപിഎല്‍ നിയമപ്രകാരം, ടൂര്‍ണമെന്‍റ് തുടങ്ങും മുമ്പ് ഒരു താരത്തിന് പരിക്കേല്‍ക്കുകയും സീസണ്‍ നഷ്ടമാവുകയും ചെയ്താല്‍ പ്രതിഫലം നല്‍കേണ്ടതില്ല.

അതേസമയം, ഒരു താരത്തിന് ടൂര്‍ണമെന്‍റിനിടെ പരിക്കേല്‍ക്കുകയാണെങ്കില്‍ മെഡിക്കല്‍ ചെലവുകള്‍ വഹിക്കുന്നതിന് പുറമെ പൂര്‍ണമായ പ്രതിഫലവും നല്‍കേണ്ടി വരും. അതായത് വില്യംസണിന് പൂര്‍ണമായ പ്രതിഫലം ഗുജറാത്ത് ടൈറ്റൻസ് നല്‍കേണ്ടി വരും. ടൂർണമെന്‍റിന്‍റെ മധ്യത്തിൽ ഒരു കളിക്കാരൻ ദേശീയ ടീമിനായി കളിക്കാൻ പോയാൽ ലഭ്യമായിരുന്ന മത്സരങ്ങൾക്ക് മാത്രമേ പ്രതിഫലം ലഭിക്കൂ. വൈകി ടീമിനൊപ്പം ചേരുന്നവര്‍ക്കും ഇത് ബാധകമാണ്. ടൂർണമെന്റിന്റെ മുഴുവൻ സമയത്തും ലഭ്യമായിരിക്കുകയും ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിക്കാതിരിക്കുകയും ചെയ്താലും  മുഴുവൻ പ്രതിഫലവും ലഭിക്കും. 

ടാറ്റ പോലും വിറച്ചുപോയി! റുതുരാജിന്‍റെ സിക്സ് കൊണ്ട് കാറിന് ചളുക്കം, കമ്പനി നല്‍കുക അഞ്ച് ലക്ഷം; സംഭവമിങ്ങനെ

click me!