മഴയോ റണ്‍മഴയോ, ഐപിഎല്‍ കലാശപ്പോരിലെ കാലാവസ്ഥ പ്രവചനം; മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ കിരീടം ആര് നേടും

By Web Team  |  First Published May 28, 2023, 9:15 AM IST

അഹമ്മദാബാദില്‍ ഞായറാഴ്‌ച ഇന്ത്യന്‍സമയം വൈകിട്ട് 7.30നാണ് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ ആരംഭിക്കുക. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ജിയോ സിനിമയിലൂടേയും ആരാധകര്‍ക്ക് തല്‍സമയം കാണാം.


അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് അഹമ്മദാബാദില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മത്സരത്തിന് മഴ ഭീഷണി. അഹമ്മദാബാദില്‍ ഞായറാഴ്ച വൈകിട്ട് മഴയ്‌ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നതിനല്‍ മത്സരം ആരംഭിക്കുന്നത് വൈകിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേവേദിയില്‍ വെള്ളിയാഴ്ച നടന്ന  ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ മഴ കാരണം വൈകിയിരുന്നു. ഇന്ന് വൈകിട്ട് മഴയ്‌ക്ക് 40 ശതമാനം സാധ്യതയാണ് നഗരത്തില്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനൊപ്പം കാറ്റും പ്രതീക്ഷിക്കുന്നു.

അഹമ്മദാബാദില്‍ ഞായറാഴ്‌ച ഇന്ത്യന്‍സമയം വൈകിട്ട് 7.30നാണ് ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ ആരംഭിക്കുക. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ജിയോ സിനിമയിലൂടേയും ആരാധകര്‍ക്ക് തല്‍സമയം കാണാം.

Latest Videos

undefined

മഴ കളിച്ചാല്‍

ഐപിഎല്‍ പ്ലേയിംഗ് കണ്ടീഷന്‍സ് അനുസരിച്ച് പ്ലേ ഓഫ് ഘട്ടത്തിലെ മത്സരങ്ങള്‍ക്കൊന്നും റിസര്‍വ് ദിനമില്ല. കഴിഞ്ഞ വര്‍ഷം ഫൈനലിന് റിസര്‍വ് ദിനുമുണ്ടായിരുന്നെങ്കിലും ഇത്തവണ ബിസിസിഐ ഫൈനലിന് ഔദ്യോഗികമായി റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ മത്സരദിവസമായ ഇന്ന് തന്നെ തന്നെ കളി പൂര്‍ത്തികരിക്കേണ്ടിവരും.

ഐപിഎല്‍ പ്ലേയിംഗ് കണ്ടീഷന്‍ അനുസരിച്ച് 7.30നാണ് ഫൈനല്‍ മത്സരം തുടങ്ങേണ്ടത്. ഫൈനലിന് മത്സരം പൂര്‍ത്തീകരിക്കേണ്ട സമയത്തിന് ശേഷം രണ്ട് മണിക്കൂര്‍ കൂടി കട്ട് ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്. അതായത് മഴമൂലം കളി തുടങ്ങാന്‍ പോലുമാകുന്നില്ലെങ്കില്‍ രാത്രി 9.40 വരെ 20 ഓവര്‍ മത്സരം തുടങ്ങാനാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. ഇതിന് കഴിഞ്ഞില്ലെങ്കില്‍ പിന്നീട് കുറഞ്ഞത് അഞ്ചോവര്‍ വീതമുള്ള മത്സരമെങ്കിലും സാധ്യമാവുമോ എന്നായിരിക്കും അമ്പയര്‍മാര്‍ പിന്നീട് പരിശോധിക്കുക. കട്ട് ഓഫ് ടൈമായ രാത്രി 11.56നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. ഇതും സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പിന്നീട് നോക്കും.

ഐപിഎല്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം; കിരീടം നിലനിര്‍ത്താന്‍ ഗുജറാത്ത്, അഞ്ചാം കിരീടം തേടി ചെന്നൈ

സൂപ്പര്‍ ഓവര്‍ പോലും സാധ്യമാവാതെ മഴമൂലം മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവന്നാല്‍ ലീഗ് റൗണ്ടില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാതമെത്തിയ ടീമിനെയാകും ഐപിഎല്‍ വിജയികളായി പ്രഖ്യാപിക്കുക. ലീഗ് റൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാം സ്ഥാനത്ത് എത്തിയത് എന്നതിനാല്‍ സ്വാഭാവികമായും ഗുജറാത്ത് രണ്ടാം തവണയും ചാമ്പ്യന്‍മാരാകും. എന്നാല്‍ ഗുജറാത്ത്-മുംബൈ ക്വാളിഫയര്‍ പോരാട്ടത്തിലേതു പോലെ മഴ മാറി നില്‍ക്കുമെന്നും ഫൈനലില്‍ റണ്‍മഴ പെയ്യുമെന്നും പ്രതീക്ഷിക്കുകയാണ് ആരാധകര്‍.

click me!