ആക്രാന്തമോ? ഹിറ്റ്‌മാന്‍റെ ക്യാച്ച് സിറാജും ഡികെയും കൂട്ടിയിടിച്ച് നിലത്തിട്ടു, കലിപ്പായി കോലി- വീഡിയോ

By Web Team  |  First Published Apr 2, 2023, 10:12 PM IST

മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ ഒന്നാന്തരമൊരു ഷോര്‍ട് പിച്ച് പന്തില്‍ രോഹിത് ശര്‍മ്മയെ മുഹമ്മദ് സിറാജ് കുടുക്കിയതാണ്


ബെംഗളൂരു: ഐപിഎല്ലിലെ അഭിമാന പോരാട്ടങ്ങളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ളത്. രോഹിത് ശര്‍മ്മ, വിരാട് കോലി എന്നീ രണ്ട് വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം ഐപിഎല്ലിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. പതിനാറാം സീസണില്‍ ഇരുവരും ആദ്യമായി മുഖാമുഖം വന്നപ്പോള്‍ തന്നെ ആവേശം വാനോളം ഉയര്‍ന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ ക്യാച്ച് ആര്‍സിബി താരങ്ങളായ മുഹമ്മദ് സിറാജും ദിനേശ് കാര്‍ത്തിക്കും കൂട്ടിയിടിച്ച് പാഴാക്കിയപ്പോഴുള്ള വിരാട് കോലിയുടെ കലിപ്പന്‍ പ്രതികരണം. 

മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ ഒന്നാന്തരമൊരു ഷോര്‍ട് പിച്ച് പന്തില്‍ രോഹിത് ശര്‍മ്മയെ മുഹമ്മദ് സിറാജ് കുടുക്കിയതാണ്. രോഹിത് ശര്‍മ്മയുടെ ഷോട്ടില്‍ പന്ത് നേരെ മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ സിറാജും വിക്കറ്റ് കീപ്പര്‍ ഡികെയും ഒരേസമയം ഓടിയെടുക്കാനെത്തി. ഇരുവരും കൂട്ടിയിടിച്ചതോടെ ക്യാച്ച് പാഴായി. രോഹിത് ശര്‍മ്മയ്‌ക്ക് ഇതോടെ ഒരു ലൈഫ്‌ലൈന്‍ ലഭിച്ചപ്പോള്‍ കലിപ്പ് മൂഡിലായിരുന്നു ആര്‍സിബി സൂപ്പര്‍ താരവും മുന്‍ നായകനുമായ വിരാട് കോലി. കോലിയുടെ പ്രതികരണം ക്യാച്ച് പോയതിലുള്ള എല്ലാ നിരാശയും ദേഷ്യവും വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ കഴിയാതെ പോയ രോഹിത് ശര്‍മ്മ 10 പന്തില്‍ ഒരു റണ്ണുമായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ക്യാച്ച് പാഴായതിന്‍റെ തൊട്ടടുത്ത ഓവറില്‍ ആകാശ് ദീപ് രോഹിത്തിനെ ഡികെയുടെ തന്നെ കൈകളില്‍ എത്തിക്കുകയായിരുന്നു. 

pic.twitter.com/C1JqWbnRyt

— Main Dheet Hoon (@MainDheetHoon69)

Latest Videos

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്‌ക്ക് ശേഷം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 171 റണ്‍സെടുത്തു. തുടക്കത്തില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ മുംബൈയെ അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് രക്ഷിച്ചത്. തിലക് 46 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം 84* റണ്‍സെടുത്തു. 31 പന്തിലായിരുന്നു തിലകിന്‍റെ ഫിഫ്റ്റി. തിലകിനൊപ്പം അര്‍ഷാദ് ഖാന്‍(9 പന്തില്‍ 15*) പുറത്താവാതെ നിന്നു. ഇഷാന്‍ കിഷന്‍(10), കാമറൂണ്‍ ഗ്രീന്‍(5), സൂര്യകുമാര്‍ യാദവ്(15), നെഹാല്‍ വധേര(21), ടിം ഡേവിഡ്(4), റിത്വിക് ഷൊക്കീന്‍(5) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 

Read more: ലക്ഷക്കണക്കിന് ആരാധകഹൃദയങ്ങള്‍ കീഴടക്കി സഞ്ജുവിന്‍റെ ബാറ്റിംഗ്; പ്രശംസാപ്രവാഹം

click me!