അവന്‍ ഒരിക്കല്‍ ഇന്ത്യയെ നയിക്കില്ലെന്ന് ആര് കണ്ടു? സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഡിവില്ലിയേഴ്‌സിനും ബോധിച്ചു

By Web Team  |  First Published Apr 6, 2023, 5:37 PM IST

മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സ് സംസാരിക്കുന്ന സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചാണ്. കൂടാതെ അദ്ദേഹം സഞ്ജു തന്റെ ഫേവറൈറ്റ് ക്രിക്കറ്റര്‍മാരില്‍ ഒരാളാണെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.


ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ സഞ്ജു സാംസണ്‍ മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 55 റണ്‍സ് നേടിയ സഞ്ജു കഴിഞ്ഞദിവസം രണ്ടാം മത്സരത്തില്‍ 42 റണ്‍സും സ്വന്തമാക്കി. റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട് സഞ്ജു. രണ്ട് മത്സരങ്ങളില്‍ നിന്ന് നേടിയത് 97 റണ്‍സ്. മിക്കപ്പോഴും സഞ്ജു, ജോസ് ബട്‌ലര്‍ എന്നിവരെയൊക്കെ ബാറ്റിംഗില്‍ ആശ്രയിച്ചാണ് രാജസ്ഥാന്‍ മുന്നോട്ട് പോകുന്നത്. സഞ്ജുവിന്റെ ബാറ്റിംഗിനെ കുറിച്ച് പലരും ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ നേതൃപാടവത്തെ കുറിച്ച് ആരും സംസാരിക്കാറില്ല. 

മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സ് സംസാരിക്കുന്ന സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചാണ്. കൂടാതെ അദ്ദേഹം സഞ്ജു തന്റെ ഫേവറൈറ്റ് ക്രിക്കറ്റര്‍മാരില്‍ ഒരാളാണെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''നമുക്കെല്ലാവര്‍ക്കുമറിയാം സഞ്ജുവിന് എത്രത്തോളം കഴിവുണ്ടെന്ന്. എന്നാല്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് അധികമാരും സംസാരിച്ചിട്ടില്ല. അവന്റെ ശാന്തതയാണ് എന്റെ മനസിലേക്ക് ആദ്യം വരുന്നത്. ഒന്നിനോടും അമിതാവേശം കാണിക്കുന്നത് കണ്ടിട്ടില്ല. ഒരു നായകന് വേണ്ട ഏറ്റവും വലിയ ഗുണമാണിത്. തന്ത്രങ്ങളൊരുക്കുന്നതിലും സഞ്ജുവിന് പ്രത്യേക കഴിവുണ്ട്. മുന്നോട്ട് പോകുമ്പോള്‍ അദ്ദേഹം കൂടുതല്‍ പരിചയസമ്പന്നനാവും. 

Latest Videos

സഞ്ജുവിനൊപ്പം ജോസ് ബട്‌ലര്‍ ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങളുണ്ട്. അതൊരു വലിയ നേട്ടം തന്നെയാണ്. ഇത്തരം താരങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഒരു മികച്ച ക്യാപ്റ്റനാവാനുള്ള എല്ലാ ലക്ഷണവും സഞ്ജു കാണിക്കുന്നുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ അദ്ദേഹം ക്യാപ്റ്റനാവില്ലെന്ന് ആര്‍ക്കറിയാം. ദീര്‍ഘകാലത്തേക്ക് അദ്ദേഹം ക്യാപ്റ്റനായി കഴിഞ്ഞാല്‍ കരിയറിനും ഗുണം ചെയ്യും. സഞ്ജു ഇന്ത്യന്‍ ജേഴ്‌സിയില്‍ വീണ്ടും കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളാണ് സഞ്ജു.'' ഐപിഎല്‍ പരിപാടിക്കിടെ ഡിവില്ലിയേഴ്‌സ് മുന്‍ ആര്‍സിബി താരവും മലയാളിവുമായ സച്ചിന്‍ ബേബിയോട് പറഞ്ഞു. വീഡിയോ കാണാം...

രാജസ്ഥാന്‍ റോയല്‍സ് ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സഞ്ജു മാറിയിരുന്നു. 2013 മുതല്‍ രാജസ്ഥാന് വേണ്ടി കളിക്കുന്ന സഞ്ജു അജിന്‍ക്യ രഹാനെയെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 106 മത്സരങ്ങളിലെ 99 ഇന്നിംഗ്‌സുകളില്‍ നിന്ന് രഹാനെ 3098 റണ്‍സാണ് നേടിയിരുന്നത്. 118-ാം മത്സരത്തിലെ 114-ാം ഇന്നിംഗ്‌സ് കളിച്ച സഞ്ജു 3138 റണ്‍സ് ഇതുവരെ രാജസ്ഥാന് വേണ്ടി നേടിക്കഴിഞ്ഞു. മൂന്നാം സ്ഥാനത്തുള്ളത് 2008 മുതല്‍ 2015 വരെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ഷെയ്ന്‍ വാട്‌സണാണ്. ജോസ് ബട്‌ലര്‍ 2377 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്ത് രാഹുല്‍ ദ്രാവിഡാണ്.

 

click me!