ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകനായ റിഷഭ് പന്തിന് ഐപിഎല്‍ പതിനാറാം സീസണ്‍ നഷ്‌ടമായിരുന്നു
ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണ്‍ പുരോഗമിക്കുന്നതിനിടെ ആരാധകരെ സന്തോഷത്തിലാക്കി റിഷഭ് പന്തിന്‍റെ വീഡിയോ. വോക്കിംഗ് സ്റ്റിക്കിന്‍റെ സഹായമില്ലാതെ റിഷഭ് നടക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനൊപ്പം ടേബിള്‍ ടെന്നീസ് കളിക്കുന്ന വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത് ആരാധകരെ ഇരട്ടി ആവേശത്തിലാക്കിയിട്ടുണ്ട്. കാറപകടത്തിനെ തുടര്‍ന്ന് കാല്‍മുട്ടില്‍ നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടര്‍ ചികില്‍സകളിലും പരിശീലനത്തിലുമാണ് റിഷഭ് പന്ത്.
ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകനായ റിഷഭ് പന്തിന് ഐപിഎല്‍ പതിനാറാം സീസണ്‍ നഷ്‌ടമായിരുന്നു. അപകടത്തിന് ശേഷം കാല്‍മുട്ടിലെ ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായ താരം വീട്ടില്‍ ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനായിരുന്നു. ഇതിന് ശേഷമാണ് റിഷഭ് എന്‍സിഎയിലേക്ക് എത്തിയത്. ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ഇവിടെ താരത്തിന്‍റെ ചികില്‍സയും പരിശീലനവും. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ജിമ്മില്‍ റിഷഭ് പരിശീലനം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് കൈവരിക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് കഴിയുമോ എന്ന് വ്യക്തമല്ല.
undefined
അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. ഇതിന് ശേഷം ബിസിസിഐ നിര്‍ദേശത്തെ തുടര്‍ന്ന് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്ക് റിഷഭിനെ മാറ്റിയിരുന്നു. ജൂണില്‍ വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ റിഷഭ് പന്തിന് നഷ്‌ടമാകും എന്ന് നേരത്തെ ഉറപ്പായിരുന്നു.
Rishabh Pant walking without the walking stick.
The world cannot wait to see Pant back! pic.twitter.com/BVRvOHvGxb
Rishabh Pant playing Table Tennis in NCA.
Comeback soon, Pant.pic.twitter.com/dpU9T7k4Bg
Read more: വമ്പൻ അപ്ഡേറ്റുമായി റിഷഭ് പന്ത്; ആരാധകര്‍ ആവേശത്തില്‍, പെട്ടെന്ന് തിരികെ വാ എന്ന് കമന്‍റുകള്‍