ഇതൊക്കെ എങ്ങനെയാണ് സാധിക്കുന്നത്? ധോണിയുടേത് വിസ്മയിപ്പിക്കുന്ന നേട്ടമെന്ന് വിരേന്ദര്‍ സെവാഗ്

By Web Team  |  First Published Apr 5, 2023, 7:58 AM IST

എല്ലവാരും ടോപ് ഓര്‍ഡറില്‍ കളിക്കുന്നവര്‍. മിക്കപ്പോഴും ഫിനിഷറായെത്തുന്ന ധോണി 5000 റണ്‍സ് ക്ലബില്‍ എത്തിയത് അസാധാരണ നേട്ടമാണെന്ന് മുന്‍താരം വിരേന്ദര്‍ സെവാഗ് പറയുന്നു.


ദില്ലി: ഐപിഎല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ധോണിയുടെ നേട്ടം അസാധാരണമാണെന്ന് മുന്‍താരം വിരേന്ദര്‍ സെവാഗ്. റെക്കോര്‍ഡുകള്‍ ധോണിയില്‍ ഒരുമാറ്റവും ഉണ്ടാക്കില്ലെന്നും സെവാഗ് പറഞ്ഞു. ചെപ്പോക്കില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നേരിട്ട ആദ്യരണ്ട് പന്തും സിക്‌സര്‍ പറത്തിയാണ് ധോണി ഐപിഎല്ലിലെ 5000 റണ്‍സ് ക്ലബിലെത്തിയത്. എട്ടാമനായി ക്രീസിലെത്തിയാണ് ധോണിയുടെ നേട്ടം. ഇതോടെ ഐപിഎല്ലില്‍ അയ്യായിരം റണ്‍സ് തികയ്ക്കുന്ന ഏഴാമത്തെ താരവുമായി ധോണി. വിരാട് കോലി, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, എ ബി ഡിവിലിയേഴ്‌സ് എന്നിവാണ് ധോണിക്ക് മുന്‍പ് 5000 റണ്‍സ് നേടിയ ബാറ്റര്‍മാര്‍. 

എല്ലവാരും ടോപ് ഓര്‍ഡറില്‍ കളിക്കുന്നവര്‍. മിക്കപ്പോഴും ഫിനിഷറായെത്തുന്ന ധോണി 5000 റണ്‍സ് ക്ലബില്‍ എത്തിയത് അസാധാരണ നേട്ടമാണെന്ന് മുന്‍താരം വിരേന്ദര്‍ സെവാഗ് പറയുന്നു. റെക്കോര്‍ഡുകള്‍ ധോണിയില്‍ ഒരുമാറ്റവും ഉണ്ടാക്കില്ല. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്റെ വിജയവും ട്രോഫിയുമാണ് ധോണിയുടെ ലക്ഷ്യം. ധോണിയുടെ പൊസിഷനില്‍ ബാറ്റ്‌ചെയ്യുന്ന മറ്റാര്‍ക്കും ഈനേട്ടത്തില്‍ എത്താന്‍ കഴിയില്ലെന്നും സെവാഗ്. 236 കളിയിലാണ് ധോണി 5000 റണ്‍സ് ക്ലബിലെത്തിയത്. ഐപിഎല്ലിലെ ആദ്യ സീസണ്‍ മുതല്‍ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്ന ധോണി, നാല് തവണ ടീമിനെ ചാംപ്യന്‍മാരാക്കിയിട്ടുണ്ട്.

Latest Videos

ലഖ്‌നൗവിനെതിരായ മത്സരത്തിനിടെ കാഴ്ചക്കാരുടെ എണ്ണത്തില്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കാനും ചെന്നൈ നായകനായിരുന്നു. ലഖ്‌നൗവിനെതിരെ മൂന്ന് പന്തുകള്‍ മാത്രമാണ് ധോണി നേരിട്ടത്. മാര്‍ക്ക് വുഡിന്റെ ആദ്യ രണ്ട് പന്തുകള്‍ സിക്‌സിന് പറത്തിയ ധോണിയുടെ ബാറ്റിംഗ് ജിയോ സിനിമയിലൂടെ തത്സമയം കണ്ടത് 1.7 കോടി ആരാധകരാണ്. 1426 ദിവസങ്ങള്‍ക്ക ശേഷമാണ് ചെന്നൈ ചെപ്പോക്കില്‍ ഹോം മത്സരത്തിനിറങ്ങിയത്. 2019 മെയിലായിരുന്നു ചെന്നൈ അവസാനം ചെപ്പോക്കില്‍ അവസാന ഹോം മത്സരം കളിച്ചത്. 

ചെന്നൈക്കായി എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ധോണി മാര്‍ക്ക് വുഡിന്റെ ആദ്യ പന്ത് തേര്‍ഡ് മാനിന് മുകളിലൂടെ സിക്‌സിന് പറത്തി. രണ്ടാം പന്ത് ബൗണ്‍സര്‍ എറിഞ്ഞ വുഡിനെ സ്‌ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ ധോണി സിക്‌സിന് പറത്തി. മൂന്നാം പന്തില്‍ ക്യാച്ച് നല്‍കി പുറത്തായി. ഈ ബാറ്റിംഗാണ് ജിയോ സിനിമയിലൂടെ 1.7 കോടി പേര്‍ തത്സമയം കണ്ടത്.

ഐപിഎല്ലില്‍ ആദ്യം; രാജസ്ഥാൻ റോയൽസ്-പഞ്ചാബ് കിംഗ്‌സ് മത്സരം ചരിത്രമാകും

click me!