നീണ്ട ക്യൂവില്ല, ആയിരങ്ങള്‍ മുടക്കി കരിഞ്ചന്തയെ ആശ്രയിക്കേണ്ട; ചെന്നൈയിലെ ആരാധകര്‍ക്ക് ആശ്വാസം

By Web Team  |  First Published May 16, 2023, 7:24 PM IST

ചെപ്പോക്കിലെ മത്സരങ്ങള്‍ക്ക് മുമ്പേ നീണ്ട ക്യൂ ആണ് എല്ലാ മത്സരങ്ങള്‍ക്കും കാണാനായത്


ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ മത്സരങ്ങള്‍ കാണാന്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ സ്റ്റേഡിയങ്ങളില്‍ എത്തിയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേതായിരിക്കും. ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലെ എല്ലാ ഹോം മത്സരങ്ങള്‍ക്കും നിറഞ്ഞ ഗ്യാലറിയാണുണ്ടായിരുന്നത്. മാത്രമല്ല, സിഎസ്‌കെയുടെ എവേ മത്സരങ്ങള്‍ പോലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ കൊണ്ട് തിങ്ങിനിറഞ്ഞു. ചെപ്പോക്കിലെ മത്സരങ്ങള്‍ക്ക് പല സിഎസ്‌കെ ആരാധകരും ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്ന കാഴ്‌ചയാണ് ആരാധകര്‍ കണ്ടത്. ഇതോടെ ചെപ്പോക്കില്‍ നടക്കേണ്ട രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് മുമ്പ് നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ബിസിസിഐയും തമിഴ്‌നാട് ക്രിക്കറ്റ് ബോര്‍ഡും. 

ചെപ്പോക്കിലെ മത്സരങ്ങള്‍ക്ക് മുമ്പേ നീണ്ട ക്യൂ ആണ് എല്ലാ മത്സരങ്ങള്‍ക്കും കാണാനായത്. രാത്രി-പകല്‍ വ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വരെ ടിക്കറ്റിനായി മണിക്കൂറുകള്‍ വരി നിന്നു. ഇതിന് പുറമെ കരിഞ്ചന്തയില്‍ സിഎസ്‌കെയുടെ ടിക്കറ്റുകള്‍ എത്തുന്ന സംഭവങ്ങളുമുണ്ടായി. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിഞ്ഞ സാഹചര്യത്തില്‍ ഓഫ്‌ലൈന്‍ ടിക്കറ്റുകള്‍ക്കായി പരക്കംപായുകയായിരുന്നു ആരാധകര്‍. സ്ത്രീകളെയും വിദ്യാര്‍ഥികളേയും ക്യൂവില്‍ നിര്‍ത്തി കരിഞ്ചന്ത തട്ടിപ്പുകാര്‍ ടിക്കറ്റുകള്‍ വാങ്ങിപ്പിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതോടെ ഇവര്‍ക്ക് ടിക്കറ്റൊന്നിന് 800 രൂപ വരെ കമ്മീഷന്‍ കിട്ടി. ബ്ലാക്ക് മാര്‍ക്കറ്റില്‍ എന്നാല്‍ ഈ ടിക്കറ്റുകള്‍ വില്‍ക്കുന്നത് അയ്യായിരം രൂപ മുതല്‍ മുകളിലേക്കാണ്. 

Latest Videos

undefined

ചെപ്പോക്കില്‍ നടക്കേണ്ട രണ്ട് പ്ലേ ഓഫ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായും ഈ സാഹചര്യത്തില്‍ ഓണ്‍ലൈനായി വില്‍പന നടത്താനാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍റെയും ബിസിസിഐയുടേയും തീരുമാനം. മെയ് 23ന് ഒന്നാം ക്വാളിഫയറും മെയ് 24ന് എലിമിനേറ്റര്‍ മത്സരവുമാണ് ചെപ്പോക്കില്‍ നടക്കേണ്ടത്. ഇരു മത്സരങ്ങളും ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ആരംഭിക്കുക.  

Read more: സിറാജിന്‍റെ വീട്ടിലെത്തി ആര്‍സിബി താരങ്ങള്‍; സ്നേഹ ചിത്രങ്ങള്‍ വൈറല്‍

click me!