ഭുവനേശ്വര് കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സെ നേടിയുള്ളുവെങ്കിലും ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സടിച്ച് ജയ്‌സ്വാളാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത്.
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ബാറ്റ് ചെയ്യുന്ന രാജസ്ഥാന്‍ റോയല്‍സിന് വെടിക്കെട്ട് തുടക്കം. ഏഴോവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലിയിലാണ്. 18 പന്തില്‍ 37 റണ്‍സുമായി യശസ്വി ജയ്‌സ്വാളും ഒരു റണ്ണുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും ക്രീസില്‍. 22 പന്തില്‍ 54 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റാണ് പവര്‍പ്ലേയില്‍ രാജസ്ഥാന് നഷ്ടമായത്.
ആദ്യം യശസ്വി പിന്നെ ജോസേട്ടന്‍
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സെ നേടിയുള്ളുവെങ്കിലും ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സടിച്ച് ജയ്‌സ്വാളാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത്. ഭുവനേശ്വര്‍ കുമാറിന്‍റെ മൂന്നാം ഓവറില്‍ ബട്‌ലര്‍, സിക്സ് അടിച്ചു തുടങ്ങിവെച്ചപ്പോള്‍ രണ്ട് ബൗണ്ടറി കൂടി അടിച്ച് ആ ഓവറില്‍ 17 റണ്‍സടിച്ച ജയ്‌സ്വാള്‍ ആളിക്കത്തി.
വാഷിംഗ്ട്‌ണ്‍ സുന്ദര്‍ എറിഞ്ഞ നാലാം ഓവറിലെ ആദ്യ രണ്ട് പന്തും തുടര്‍ച്ചയായി രണ്ട് സിക്സ് പറത്തിയ ബട്‌ലര്‍ക്കൊപ്പം ബൗണ്ടറിയടിച്ച് ജയ്‌സ്വാളും ചേര്‍ന്നപ്പോള്‍ രാജസ്ഥാന്‍ അടിച്ചെടുത്തത് 19 റണ്‍സ്. അഞ്ചാം ഓവര്‍ എറിയാനെത്തിയ ടി നടരാജനെ ബൗണ്ടറിയടിച്ച് വരവേറ്റ ബട്‌ലര്‍ ആ ഓവറില്‍ നേടിയത് 17 റണ്‍സ്.
പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ഫസല്‍ഹഖ് ഫാറൂഖിയെയും ബൗണ്ടറിയടിച്ച് സ്വീകരിച്ച ബട്‌ലര്‍ മൂന്നാം പന്തില്‍ വീണ്ടും ബൗണ്ടറി നേടി 20 പന്തില്‍ അറ്‍ധസെഞ്ചുറിയിലെത്തി. ആറ് ഫോറും മൂന്ന് സിക്സും പറത്തിയാണ് ബട്‌ലര്‍ അര്‍ധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം ഒരു ബൗണ്ടറി കൂടി നേടിയ ബട്‌ലര്‍ 22 പന്തില്‍ 54 റണ്‍സെടുത്ത് മടങ്ങി. ഫസല്‍ഹഖ് ഫാറൂഖിയാണ് ബട്‌ലറെ ബൗള്‍ഡാക്കിയത്. മറുവശത്ത് 13 പന്തില്‍ 30 റണ്‍സെടുത്ത യശസ്വിയും മോശമാക്കിയില്ല. ആറ് ബോണ്ടറിയടക്കമാണ് ജയ്‌സ്വാള്‍ 30 റണ്‍സടിച്ചത്.
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്‍റ് ബോൾട്ട്, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): മായങ്ക് അഗർവാൾ, അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി, ഹാരി ബ്രൂക്ക്, വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്‌സ്, ഉമ്രാൻ മാലിക്, ആദിൽ റഷീദ്, ഭുവനേശ്വര് കുമാർ, ടി നടരാജൻ, ഫസൽഹഖ് ഫാറൂഖി