എന്നാല്‍ കളിക്കു മുമ്പുള്ള തന്‍റെ വിശ്വാസങ്ങളെക്കുറിച്ച് പറയുന്നതിനിടെ ഓരോ മത്സരത്തിനു മുമ്പും അത് ടെസ്റ്റായാലും ഏകദിനമായാലും ഹര്‍ഭജന്‍ സിംഗിനെ ആലിംഗനം ചെയ്താല്‍ തനിക്ക് ആ കളിയില്‍ നല്ല പ്രകടനം പുറത്തെടുക്കാന്‍ കഴിയാറുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു.
മുംബൈ: ഐപിഎല്‍ പോരാട്ടങ്ങളില്‍ കളി പറയാന്‍ എത്തുന്ന വീരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിംഗും മലയാളി താരം ശ്രീശാന്തും യൂസഫ് പത്താനുമെല്ലാം ചേര്‍ന്ന് 2011ലെ ലോകകപ്പ് ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ ഐപിഎല്ലിനിടെ ഹര്‍ഭജന്‍ ശ്രീശാന്തിന്‍റെ മുഖത്തടിച്ച സംഭവം ഓര്‍മിപ്പിച്ച് സെവാഗ്. ലോകകപ്പ് ക്വിസില്‍ പങ്കെടുത്ത നാലു താരങ്ങളോടും അവതാരകന്‍ മുഖം മറച്ചൊരു ബൗളറുടെ ചിത്രം കാണിച്ച് ഇതാരാണെന്ന് ചോദിച്ചു. കൈയിലെ ചരട് കണ്ടാലറിയില്ലേ അത് ശ്രീശാന്താണെന്ന് ഹര്‍ഭജന്‍ മറുപടി നല്‍കി. ഇപ്പോഴും അവന്‍ ഇതുപോലെ ചരട് കെട്ടിയിട്ടുണ്ടാവുമെന്നും ഹര്‍ഭജന്‍ തമാശ പറഞ്ഞു.
എന്നാല്‍ കളിക്കു മുമ്പുള്ള തന്‍റെ വിശ്വാസങ്ങളെക്കുറിച്ച് പറയുന്നതിനിടെ ഓരോ മത്സരത്തിനു മുമ്പും അത് ടെസ്റ്റായാലും ഏകദിനമായാലും ഹര്‍ഭജന്‍ സിംഗിനെ ആലിംഗനം ചെയ്താല്‍ തനിക്ക് ആ കളിയില്‍ നല്ല പ്രകടനം പുറത്തെടുക്കാന്‍ കഴിയാറുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ഉടനെ സെവാഗിന്‍റെ മറുപടി എത്തി. ഇത് അന്ന് മുഖത്തടി കിട്ടിയശേഷമാണോ എന്ന്. എന്നാല്‍ അതിന് മുമ്പെ 2006 മുതലുള്ള ശീലമാണത് എന്ന് ശ്രീശാന്ത് മറുപടി പറയുമ്പോള്‍, അതൊന്നും ഇവിടെ പറയേണ്ട, വിട്ടു കളയൂ എന്നായിരുന്നു സെവാഗിനോട് ഹര്‍ഭജന്‍റെ മറുപടി. സ്റ്റാര്‍ സ്പോര്‍ട്സാണ് 2011ലെ ലോകകപ്പ് വിജയത്തിന്‍റെ 12ാം വാര്‍ഷികത്തില്‍ താരങ്ങളെ പങ്കെടുപ്പിച്ച് ഓര്‍മ പുതുക്കിയത്.
ഐപിഎല്ലിന്‍റെ 2008 സീസണിലാണ് ഹര്‍ഭജന്‍ സിംഗും എസ് ശ്രീശാന്തും തമ്മില്‍ നാടകീയ പ്രശ്‌നങ്ങളുണ്ടായത്. പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനുശേഷം മുംബൈ താരമായിരുന്ന ഹര്‍ഭജന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്‍റെ മുഖത്ത് അടിച്ചത് വലിയ വിവാദമായിരുന്നു. ഹര്‍ഭജന്റെ അപ്രതീക്ഷിത അടിയില്‍ ശ്രീശാന്ത് കരഞ്ഞതും സഹതാരങ്ങള്‍ ആശ്വസിപ്പിച്ചതും അന്ന് വലിയ വാര്‍ത്തയായി. എന്നാല്‍ ഈ സംഭവങ്ങളില്‍ പശ്ചാത്താപമുണ്ടെന്നും മാപ്പ് ചോദിക്കുന്നതായും ഭാജി പിന്നീട് വ്യക്തമാക്കിയിരുന്നു.
റാഷിദ് ഖാനൊപ്പം നോമ്പ് അത്താഴം പങ്കിട്ട് ഹാര്‍ദിക്; ഹൃദയസ്പര്‍ശിയായ ചിത്രമെന്ന് സോഷ്യല്‍ മീഡിയ
മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ കാരണം എന്റെ സഹതാരം നാണംകെട്ടു. എനിക്കും നാണക്കേടുണ്ടായി. എന്റെ ഭാഗത്ത് തന്നെയായിരുന്നു തെറ്റ്. മൈതാനത്ത് വെച്ച് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ട്. ജീവിതത്തില്‍ ഞാന്‍ തിരുത്തണമെന്ന് ആഗ്രഹിക്കുന്ന തെറ്റാണത്. ഞാനൊരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു' എന്നായിരുന്നു പിന്‍കാലത്ത് ഹര്‍ഭജന്‍റെ വാക്കുകള്‍.