സഞ്ജുവിന്‍റെ കൈയില്‍ നിന്ന് എല്ലാം പോയി! തുടരെ തുടരെ പിഴവുകൾ, തുലച്ച് കളഞ്ഞത് സുവര്‍ണാവസരം; ആരാധക‍ർക്ക് നിരാശ

By Web Team  |  First Published May 6, 2023, 9:41 AM IST

ഇനിയുള്ള കളികളില്‍ ഈ പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് ഇത്തവണ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ തലകുനിച്ച് മടങ്ങേണ്ട അവസ്ഥയുണ്ടാകും. ടീം സെലക്ഷനില്‍ വന്ന പിഴവാണ് സഞ്ജുവിനും സംഘത്തിനും തിരിച്ചടിയായത്.


ജയ്പുര്‍: ടീം സെലക്ഷനില്‍ ഉള്‍പ്പെടെ സകലതും രാജസ്ഥാൻ റോയല്‍സിന് പാളിയപ്പോള്‍ സഞ്ജു സാംസണും കൂട്ടാളികളും തുലച്ച് കളഞ്ഞത് സുവര്‍ണാവസരം. ഐപിഎല്‍ പതിനാറാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ മോഹങ്ങളാണ് ഗുജറാത്ത് ടൈറ്റൻസ് അവസാനിപ്പിച്ചത്. ആദ്യ പകുതി പിന്നിട്ടപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന രാജസ്ഥാൻ റോയല്‍സിന്‍റെ പ്ലേ ഓഫ് എന്ന സ്വപ്നത്തിന് കൂടിയാണ് മങ്ങലേറ്റത്.

ഇനിയുള്ള കളികളില്‍ ഈ പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് ഇത്തവണ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ തലകുനിച്ച് മടങ്ങേണ്ട അവസ്ഥയുണ്ടാകും. ടീം സെലക്ഷനില്‍ വന്ന പിഴവാണ് സഞ്ജുവിനും സംഘത്തിനും തിരിച്ചടിയായത്. ദേവദത്ത് പടിക്കലും റിയാൻ പരാഗും ഒരുമിച്ച് കളിച്ചപ്പോഴെല്ലാം അത് ടീമിന് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. പരാഗിനെ ഇംപാക്ട് പ്ലെയറായി ഇറക്കേണ്ടി വന്ന ഗതികേടിലേക്ക് ടീം എത്തിപ്പെടുകയായിരുന്നു.

Latest Videos

undefined

മുംബൈക്കെതിരെ മങ്ങിയ ജേസണ്‍ ഹോള്‍ഡറിനെ പുറത്ത് ഇരുത്തുന്നത് സ്വാഭാവികമാണ്. പക്ഷേ, ബാറ്റ് കൊണ്ട് എന്തെങ്കിലും ചെയ്തേക്കുമെന്ന പ്രതീക്ഷയുള്ള ഹോള്‍ഡര്‍ മാറുമ്പോള്‍ പകരം വന്നത് ആദം സാംപയാണ്. ഒരു എക്സ്ട്രാ ബാറ്ററിനെ ടീമില്‍ ഉള്‍ക്കൊള്ളാൻ സാധിക്കുമെന്ന ഇംപാക്ട് പ്ലെയര്‍ അഡ്വാന്‍റേജ് സഞ്ജുവിന് കൃത്യമായ ഉപയോഗിക്കാനായില്ല. പ്രതീക്ഷ അര്‍പ്പിച്ച ബാറ്റിംഗ് നിര ചീട്ടുക്കൊട്ടാരം പോലെ തകര്‍ന്ന് വീണപ്പോള്‍ റിയാൻ പരാഗിനെ ഇംപാക്ട് പ്ലെയറായി ഉപയോഗിക്കേണ്ടി വന്നു.

ഇതോടെ ഒരു എക്സ്ട്രാ ബൗളറിനെ കളിപ്പിക്കാമെന്ന അഡ്വാന്‍റേജ് ടീമിന് ലഭിച്ചില്ല. ജോ റൂട്ടിനെ പോലെ ഇത്തരമൊരു പിച്ചില്‍ പിടിച്ച് നില്‍ക്കാൻ സാധിക്കുന്ന താരത്തെ ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നുള്ളതും ടീം സെലക്ഷനിലെ പരാജയമായാണ് ആരധകര്‍ ചൂണ്ടിക്കാട്ടുന്നത്. രവിചന്ദ്ര അശ്വിൻ, യുസ്വേന്ദ്ര ചഹാല്‍ എന്നിങ്ങനെ രണ്ട് ടോപ്പ് ലെവല്‍ സ്പിന്നര്‍മാര്‍ ഉള്ള ടീമില്‍ ഒരു അധിക സ്പിന്നര്‍ എന്തിന് എന്ന ചോദ്യവും ഉയരുന്നുണ്ട്.

ജയ്പുരില്‍ ചെന്നൈക്കെതിരെ സാംപയുടെ പ്രകടനം കൊണ്ട് ആ ചോദ്യത്തിന് മറുപടി നല്‍കാമെങ്കിലും ബാറ്റര്‍മാരുടെ പ്രകടനം ആ നീക്കത്തെ പിന്നോട്ടടിച്ച് കളഞ്ഞു. ജയ്‌പൂരിലെ സ്വന്തം മൈതാനമായ സവായ് മാന്‍‌സിംഗ് സ്റ്റേഡിയത്തില്‍ 9 വിക്കറ്റിന്‍റെ ദയനീയ തോല്‍വിയാണ് റോയല്‍സ് നേരിട്ടത്. 119 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.

6,4,6,6,6,6,6,4... റണ്‍മഴയെന്ന് പറഞ്ഞാൽ ചെറുതായി പോകും, റണ്‍ പേമാരി തന്നെ! ഒരോവറിൽ 46 റണ്‍സ്; വൈറൽ വീഡിയോ

click me!