മത്സരത്തിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടിയ രോഹിത് ഒടുവില്‍ ആകാശ് ദീപിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്
ബംഗളൂരു: ഐപിഎല്‍ 2023 സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. എട്ട് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രോഹിത് ശര്‍മ്മയെയും കൂട്ടരേയും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മലര്‍ത്തിയടിച്ചത്. മുംബൈ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. വിരാട് കോലി, ഫാഫ് ഡുപ്ലസിസ് ഓപ്പണിംഗ് സഖ്യം 141 റണ്‍സ് കൂട്ടുകെട്ടുമായി ആര്‍സിബിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ സീസണിലേതിന് സമാനമായി മോശം പ്രകടനമാണ് മുംബൈ നായകൻ രോഹിത് ശര്‍മ്മ കാഴ്ചവെച്ചത്. 10 പന്തില്‍ ഒരു റണ്ണുമായി താരം മടങ്ങുകയായിരുന്നു. മത്സരത്തിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടിയ രോഹിത് ഒടുവില്‍ ആകാശ് ദീപിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അതേസമയം, മത്സരത്തില്‍ രോഹിത് ഉൾപ്പെടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിട്ടുള്ളത്.
ഇത് സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. മുഹമ്മദ് സിറാജിന്‍റെ പന്ത് ഫൈൻ ലെഗ്ഗിലേക്ക് തട്ടി രോഹിത് സിംഗിള്‍ നേടുമ്പോള്‍ ആര്‍സിബി താരങ്ങളിലാരോ പറയുന്ന വാക്കുകളാണ് സ്റ്റംമ്പ് മൈക്കില്‍ കുടുങ്ങിയത്. 'തലയ്ക്കിട്ട് എറിയൂ' എന്നാണ് ആരോ പറയുന്നത്. ഇത് വിരാട് കോലിയാണ് പറഞ്ഞതെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വാദിക്കുന്നത്.
ഇത് നിരവധി പേര്‍ എതിര്‍ക്കുന്നുമുണ്ട്. രോഹിത്തെയാണോ അതോ ഇഷാൻ കിഷനെ ഉദ്ദേശിച്ചാണോ ഇത് പറഞ്ഞതെന്നും വ്യക്തമല്ല. എന്തായാലും ആരാധകര്‍ തമ്മില്‍ വലിയ വാഗ്വാദങ്ങള്‍ വീഡിയോ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ആര്‍സിബി നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും നേരിടും.