ഒരു സീസണിൽ 900ത്തിലധികം റൺസ് അടിച്ച ഒരേയൊരു താരമാണ് കോലി ഇപ്പോഴും. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍ കോലിയുടെ റെക്കോര്‍ഡിന് അടുത്തെത്തിയിരുന്നു. നാലു സെഞ്ചുറിയും നാലു ഫിഫ്റ്റിയും അടക്കം 863 റണ്‍സാണ് ബട്‌ലര്‍ കഴിഞ്ഞ സീസണില്‍ നേടിയത്.
അഹമ്മദാബാദ്: ഐപിഎല്‍ സീസണിലെ റണ്‍വേട്ടയില്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പോകുന്ന താരത്തെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണറായ ശുഭ്മാന്‍ ഗില്ലായിരിക്കും 2016 ഐപിഎല്‍ സീസണില്‍ കോലി നേടിയ 973 റണ്‍സിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുകയെന്ന് രവി ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ കോലിയുടെ പേരില്‍ തന്നെയാണ് സീസണിലെ ഏറ്റവും വലിയ റണ്‍വേട്ടയുടെ റെക്കോര്‍ഡും. 2016-ൽ നാലു സെഞ്ചുറികളടക്കം 973 റൺസാണ് കോലി നേടിയത്. ഐപിഎല്ലില്‍ ഒരു സീസണില്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഒരു സീസണിൽ 900ത്തിലധികം റൺസ് അടിച്ച ഒരേയൊരു താരമാണ് കോലി ഇപ്പോഴും. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍ കോലിയുടെ റെക്കോര്‍ഡിന് അടുത്തെത്തിയിരുന്നു. നാലു സെഞ്ചുറിയും നാലു ഫിഫ്റ്റിയും അടക്കം 863 റണ്‍സാണ് ബട്‌ലര്‍ കഴിഞ്ഞ സീസണില്‍ നേടിയത്.
സീസണിലെ റണ്‍വേട്ടയില്‍ കോലിയുടെ റെക്കോർഡ് തകര്‍ക്കാന്‍ എളുപ്പമല്ലെങ്കിലും അത് ചെയ്യാന്‍ കഴിയുമെങ്കില്‍ ഒരു ഓപ്പണർക്ക് മാത്രമേ അതിന് സാധിക്കൂവെന്നും രവി ശാസ്ത്രി പറഞ്ഞു. ഗില്‍ ഓപ്പണറാണ്, ബാറ്റ് ചെയ്യാന്‍ കൂടുതല്‍ അവസരവും സമയവും ലഭിക്കും. ടോപ് ഓര്‍ഡറില്‍ കളിക്കുന്നത് ഗില്ലിന് അനുകൂല ഘടകമാണ്. പിച്ചുകളും ഇപ്പോള്‍ ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമാണ്. 300-400 റണ്ഡസടിച്ചശേഷം രണ്ടോ മൂന്നോ ഇന്നിംഗ്സുകളില്‍ തുടര്‍ച്ചയായി 80-90 റണ്‍സ് നേടിയാല്‍ ഗില്ലിന് കോലിയെ മറികടക്കാനുള്ള അവസരം ഒരുങ്ങും. എന്നാലും കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കുക അത്ര എളുപ്പമല്ലെന്നും ശാസ്ത്രി പറഞ്ഞു.
ഈ സീസണില്‍ അര്‍ധസെഞ്ചുറിയോടെ തുടങ്ങിയ ഗില്‍ പിന്നീടുള്ല മത്സരങ്ങളില്‍ 14, 39 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ഗില്‍ കഴിഞ്ഞ സീസണിലാണ് ഗുജറാത്ത് ടൈറ്റന്‍സിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഗുജറാത്തിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ ഗില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.