എന്തുകൊണ്ട് അശ്വിന്‍ ഓപ്പണറായെത്തി? കാരണം വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍

By Web Team  |  First Published Apr 6, 2023, 1:04 PM IST

ബട്‌ലറെ ഓപ്പണിംഗ് സ്ഥാനത്ത് മാറ്റിയതിന് കാരണമുണ്ടെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറയുന്നത്. ബട്‌ലര്‍ക്ക് നേരിയ പരിക്കുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് മൂന്നാം സ്ഥാനത്തിറക്കിയതെന്നാണ് സഞ്ജു പറയുന്നത്.


ഗുവാഹത്തി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ്് താരം ആര്‍ അശ്വിനെ ഓപ്പണറാക്കിയത് കടുത്ത വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ മികച്ച ഫോമില്‍ കളിച്ച ജോസ് ബട്‌ലര്‍ക്ക് പകരമാണ് അശ്വിന്‍ ഓപ്പണറായെത്തിയത്. എന്നാല്‍ അശ്വിന് തിളങ്ങാനായില്ല. നാല് പന്തുകള്‍ മാത്രം നേരിട്ട അശ്വിന്‍ റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. മൂന്നാമതായി ക്രീസിലെത്തിയ ബ്ടലറാവട്ടെ 11 പന്തില്‍ 19 റണ്‍സുമായി മടങ്ങി. ഇതോടെ കടുത്ത വിമര്‍ശനങ്ങളുണ്ടായിരുന്നു. രണ്ടാം മത്സരത്തില്‍ ഇത്തരത്തില്‍ പരീക്ഷണം വേണ്ടെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. 

എന്നാല്‍ ബട്‌ലറെ ഓപ്പണിംഗ് സ്ഥാനത്ത് മാറ്റിയതിന് കാരണമുണ്ടെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറയുന്നത്. ബട്‌ലര്‍ക്ക് നേരിയ പരിക്കുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് മൂന്നാം സ്ഥാനത്തിറക്കിയതെന്നാണ് സഞ്ജു പറയുന്നത്. മത്സരത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു. ക്യാപ്റ്റന്റെ വാക്കുകള്‍... ''ഫീല്‍ഡ് ചെയ്യുന്നതിനിടെ ജോസ് ബട്‌ലര്‍ക്ക് നേരിയ പരിക്കേറ്റിരുന്നു. ഫിസിയോ അത് തുന്നികൊണ്ടിരിക്കുകയായിരുന്നു. കൂടുതല്‍ സമയം വേണ്ടിവന്നതുകൊണ്ടാണ് അദ്ദേഹം ഓപ്പണ്‍ ചെയ്യാതിരുന്നത്. അശ്വിനെ ഓപ്പണറായി കളിപ്പിക്കാനുള്ള തീരുമാനത്തെ എല്ലാവരും പിന്തുണച്ചു. ദേവ്ദത്ത് പടിക്കലിനെ മധ്യനിരയില്‍ കളിപ്പിക്കാനും തീരുമാനമായി. 

Latest Videos

പഞ്ചാബ് സ്പിന്നര്‍മാരെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ദേവ്ദത്തിനെ മധ്യനിരയില്‍ കളിപ്പിച്ചത്. ഒന്നോ രണ്ടോ സിക്‌സുകള്‍ കിട്ടിയിരുന്നെങ്കില്‍ നേട്ടമാവുമായിരുന്നു. ഞങ്ങള്‍ നന്നായിട്ടാണ് തുടങ്ങിയത്. പവര്‍ പ്ലേയില്‍ റണ്ണുയര്‍ത്താനും സാധിച്ചു. എന്നാല്‍ മധ്യ ഓവറുകള്‍ റണ്ണുയര്‍ത്താന്‍ സാധിച്ചില്ല അവര്‍ നന്നായി ബാറ്റ് ചെയ്തു. രണ്ടോ മൂന്നോ ഓവറുള്‍ അവര്‍ നന്നായിയെറിഞ്ഞു. അതോടെ ഉണ്ടായിരുന്ന ആനുകൂല്യം നഷ്ടപ്പെട്ടു. എന്നാല്‍ വിജയത്തിനടുത്തെത്താന്‍ ടീമിനായി. ഒരു സിക്‌സാണ് കുറവുണ്ടായിരുന്നത്. ഒരൊറ്റ ഷോട്ടിനാണ് ടീം പരാജയപ്പെട്ടത്.'' സഞ്ജു പറഞ്ഞു.

ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അഞ്ച് റണ്‍സിന്റെ തോല്‍വി. 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളുു. 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കലിന്റെ മെല്ലെപ്പോക്കിന് ശേഷം ഷിമ്രോണ്‍ ഹെറ്റ്‌മെയറും യുവതാരം ധ്രുവ് ജൂറെലും അവസാന ഓവറുകളില്‍ നടത്തിയ പോരാട്ടം രാജസ്ഥാനെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും കൈയകലത്തില്‍ വിജയം കൈവിട്ടു.

പഞ്ചാബിനായി നേഥന്‍ എല്ലിസ് 14 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം ജയവും രാജസ്ഥാന്റെ ആദ്യ തോല്‍വിയുമാണിത്. സ്‌കോര്‍ പഞ്ചാബ് 20 ഓവറില്‍ 197-5, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 192-7.

വമ്പനടിക്കാരെല്ലാം പിന്നില്‍, നായകനായശേഷം പ്രഹരശേഷിയിലും സഞ്ജു 'തലൈവര്‍' തന്നെ

click me!