മത്സരത്തിനായി ചെന്നൈയിലെത്തിയ രാജസ്ഥാന്‍ താരങ്ങള്‍ ചെന്നൈ താരങ്ങളുമായി പരിശീലനത്തിനിടെ സൗഹൃദം പങ്കിട്ടു. രാജസ്ഥാന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ ചെന്നൈയുടെ 'തല' ആയ എം എസ് ധോണിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് വാത്തി ഇവിടെയുണ്ട് എന്നായിരുന്നു
ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ-രാജസ്ഥാന്‍ പോരാട്ടം. ജയത്തോടെ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് സഞ്ജുവും സംഘവും നാളെ ഇറങ്ങുന്നത്. ഇന്നലെ ആര്‍സിബിക്കെതിരായ നാടകീയ ജയത്തോടെ രാജസ്ഥാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലഖ്നൗ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
മറുവശത്ത് ജയിച്ചാല്‍ ചെന്നൈക്കും ഒന്നാമതോ രണ്ടാമതോ എത്താന്‍ അവസരമുണ്ട്. വമ്പന്‍ ജയമാണെങ്കില്‍ ചെന്നൈക്ക് ഒന്നാം സ്ഥാനത്തെത്താം. മികച്ച നെറ്റ് റണ്‍ റേറ്റുള്ള രാജസ്ഥാനാകട്ടെ വെറും ജയം നേടിയാലും ഒന്നാം സ്ഥാനത്തെത്താം. അതിനാല്‍ തന്നെ നാളത്തെ പോരാട്ടം തീപാറുമെന്നുറപ്പ്.
മത്സരത്തിനായി ചെന്നൈയിലെത്തിയ രാജസ്ഥാന്‍ താരങ്ങള്‍ ചെന്നൈ താരങ്ങളുമായി പരിശീലനത്തിനിടെ സൗഹൃദം പങ്കിട്ടു. രാജസ്ഥാന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ ചെന്നൈയുടെ 'തല' ആയ എം എസ് ധോണിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് വാത്തി ഇവിടെയുണ്ട് എന്നായിരുന്നു. വാധ്യാര്‍(അധ്യാപകന്‍) എന്നതിന്‍റെ ചുരുക്കെഴുത്താണ് വാത്തി.ചെന്നൈയുടെ ഡ്രസ്സിംഗ് റൂമില്‍ നിന്നുളള ചിത്രമാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്.
ധോണിക്കൊപ്പമുള്ള സഞ്ജുവിന്‍റെ ചിത്രത്തിന് താഴെ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരമായ ജോസ് ബട്‌ലര്‍ അടക്കം നിരവധിപേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ബട്‌ലര്‍ക്ക് പുറമെ യശസ്വി ജയ്‌സ്വാള്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ചാഹലിന്‍റെ പത്നി ധനശ്രീ എന്നിവരടക്കം നിരവധി പ്രമുഖര്‍ സഞ്ജുവിന്‍റെ ചിത്രത്തിന് താഴെ പ്രതികരണവുമായി എത്തിയിട്ടുണ്ട്.