'അവനെ കിട്ടുമെങ്കില്‍ പിന്നെ വേറൊന്നും നോക്കേണ്ട'; ഐപിഎല്‍ ലേലത്തിന് മുമ്പ് രഹാനെയെക്കുറിച്ച് ധോണി പറഞ്ഞത്

By Web Team  |  First Published Apr 29, 2023, 1:07 PM IST

ലേലത്തിന് തൊട്ടു മുമ്പ് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രഹാനെ നിരാശാജനകമായ പ്രകടനമായിരുന്നു പുറത്തെടുത്തത്. എട്ട് ഇന്നിംഗ്സില്‍ 112 റണ്‍സ് മാത്രം നേടിയ രഹാനെയുടെ സ്ട്രൈക്ക് റേറ്റ് 117.89 മാത്രമായിരുന്നു. 34 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍.


ചെന്നൈ: കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ അജിങ്ക്യാ രഹാനെയെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെടുത്തപ്പോള്‍ ചെന്നൈ ആരാധകര്‍ പോലും നെറ്റി ചുളിച്ചിട്ടുണ്ടാവും. അതിന് തൊട്ടു മുന്‍ സീസണില്‍ ചേതേശ്വര്‍ പൂജാരയെ 50 ലക്ഷം രൂപക്ക് ടീമിലെടുത്തശേഷം ഒരു മത്സരത്തില്‍പോലും കളിപ്പിക്കാതിരുന്നത് അവര്‍ക്ക് ഓര്‍മ വന്നിട്ടും ഉണ്ടാകാം. എന്നാല്‍ രഹാനെയെ ടീമിലെടുക്കാന്‍ കാരണം ക്യാപ്റ്റന്‍ എം എസ് ധോണിയുട വാക്കുകളാണെന്ന് വ്യക്തമാക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം സിഇഒ ആയ കാശി വിശ്വനാഥന്‍.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ താരലേലത്തിന് മുമ്പ് നടന്ന കൂടിയാലോചനയില്‍ രഹാനെയുടെ പേര് വന്നപ്പോള്‍ ധോണി പറഞ്ഞത്, 'അവനെ കിട്ടുമെങ്കില്‍ പിന്നെ വേറൊന്നും നോക്കേണ്ട' എന്നായിരുന്നുവെന്ന് കാശി വിശ്വനാഥന്‍ പറഞ്ഞു. സത്യത്തില്‍ ധോണിയുടെ ഈ വാക്കുകളാണ് ലേലത്തില്‍ രഹാനെയെ ടീമിലെടുക്കാന്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയതെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. ലേലത്തില്‍ രഹാനെക്കായി മറ്റാരും രംഗത്തുവരാതിരുന്നതോടെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ ചെന്നൈ ടീമിലെത്തിച്ചത്.

Latest Videos

undefined

ലേലത്തിന് തൊട്ടു മുമ്പ് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രഹാനെ നിരാശാജനകമായ പ്രകടനമായിരുന്നു പുറത്തെടുത്തത്. എട്ട് ഇന്നിംഗ്സില്‍ 112 റണ്‍സ് മാത്രം നേടിയ രഹാനെയുടെ സ്ട്രൈക്ക് റേറ്റ് 117.89 മാത്രമായിരുന്നു. 34 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. എന്നാല്‍ അതിനുശേഷം നടന്ന രഞ്ജി ട്രോഫിയില്‍ മുംബൈയെ നയിച്ച രഹാനെ 600ല്‍ അധികം റണ്‍സടിച്ച് ഫോമിലേക്ക് മടങ്ങിയെത്തി.

ക്രുനാലിന് മുമ്പെ ഇറങ്ങി സ്വന്തം ടീമിന്‍റെ തന്ത്രം പൊളിച്ച് സ്റ്റോയ്നിസ്, പിന്നെ കണ്ടത് വെടിക്കെട്ട്

ഐപിഎല്ലില്‍ ആദ്യ രണ്ട് കളികളിലും ചെന്നൈയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന രഹാനെ പിന്നീട് കളിച്ച ആറ് മത്സരങ്ങളില്‍ 189.83 സ്ട്രൈക്ക് റേറ്റില്‍ 224 റണ്‍സടിച്ച് ധോണിയര്‍പ്പിച്ച വിശ്വാസം കാത്തു. ഈ സീസണില്‍ കുറഞ്ഞത് 100 പന്തെങ്കിലും നേരിട്ട ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്ട്രൈക്ക് റേറ്റ് രഹാനെയുടെ പേരിലാണ്. ഫീല്‍ഡിംഗിലും മികവ് കാട്ടിയ രഹാനെ ഐപിഎല്ലിലെയും രഞ്ജി ട്രോഫിയിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലും തിരിച്ചെത്തി.

click me!