മൊഹാലിയില്‍ പഞ്ചാബ് കിംഗ്സുമായി മുംബൈ ഇന്ത്യൻസിന്‍റെ മത്സരം നടക്കുന്ന സമയത്താണ് നിത അംബാനി സുവര്‍ണ ക്ഷേത്രത്തില്‍ എത്തിയത്
അമൃത്സര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ വിജയത്തിനായി അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് ടീം ഉടമ നിത അംബാനി. മൊഹാലിയില്‍ പഞ്ചാബ് കിംഗ്സുമായി മുംബൈ ഇന്ത്യൻസിന്‍റെ മത്സരം നടക്കുന്ന സമയത്താണ് നിത അംബാനി സുവര്‍ണ ക്ഷേത്രത്തില്‍ എത്തിയത്. മുംബൈ ജേഴ്സിയും ധരിച്ചാണ് നിത അംബാനി ക്ഷേത്രത്തില്‍ എത്തിയത്. പിന്നീട് സിഖ് വിശ്വാസം അനുസരിച്ചുള്ള വസ്ത്രം ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.
അതേസമയം, പഞ്ചാബ് കിംഗ്സിനെ അവരുടെ കോട്ടയില്‍ കയറി അടിച്ചൊതുക്കിയാണ് മുംബൈ ഇന്ത്യൻസ് വിജയം കുറിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200 റണ്‍സിന് മുകളിലുള്ള സ്കോര്‍ ചേസ് ചെയ്താണ് മുംബൈ ഹീറോയിസം കാട്ടിയത്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈക്ക് വേണ്ടി അര്‍ധ സെഞ്ചുറികളുമായി ഇഷാൻ കിഷനും (75) സൂര്യ കുമാര്‍ യാദവും (66) കളം നിറഞ്ഞു.
undefined
പഞ്ചാബിനായി നഥാൻ എല്ലിസ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് 214 എന്ന മിന്നും സ്കോറിലേക്ക് എത്തിയത്. കിംഗ്സിനായി ലിയാം ലിവിംഗ്സ്റ്റോണ്‍ (82*), ജിതേഷ് ശര്‍മ്മ (49*) എന്നിവര്‍ മിന്നി. മുംബൈക്കായി അർഷദ് ഖാൻ 48 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. അവസാന നാലോവറില്‍ 37 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനേഴാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപ് ആദ്യ പന്തില്‍ തന്നെ ഇഷാന്‍ കിഷനെ(75) മടക്കിയതോടെ മുംബൈ ഞെട്ടി.
എന്നാല്‍ പിന്നീട് ക്രീസിലെത്തിയ തിലക് വര്‍മ അര്‍ഷ്ദീപിന്‍റെ ആദ്യ രണ്ട് പന്തില്‍ റണ്ണടിച്ചില്ലെങ്കിലും നാലും അഞ്ചും ആറും പന്തില്‍ സിക്സ്, ഫോര്‍, സിക്സ് അടിച്ച് കളി മുംബൈയുടെ കൈപ്പിടിയിലാക്കി. ഒടുവില്‍ പത്തൊമ്പതാം ഓവറില്‍ അര്‍ഷ്ദീപിനെ 102 മീറ്റര്‍ ദൂരത്തേക്ക് പായിച്ച് മുംബൈയുടെ ജയം ആധികാരികമാക്കിയതും തിലക് തന്നെയായിരുന്നു.