ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് അവസാന പന്തില്‍ ലക്ഷ്യം മറികടന്നു.
ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സ്വന്തം ഗ്രൗണ്ടില്‍ പഞ്ഞിക്കിട്ട് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് അവസാന പന്തില്‍ ലക്ഷ്യം മറികടന്നു. മാര്‍കസ് സ്‌റ്റോയിനിസ് (30 പന്തില്‍ 65), നിക്കോളാസ് പുരാന്‍ (19 പന്തില്‍ 62) എന്നിവരാണ് തോല്‍ക്കുമെന്ന് തോന്നിയ മത്സരത്തില്‍ ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ ആയുഷ് ബദോനി (24 പന്തില്‍ 30) പുറത്തെടുത്ത പോരാട്ടവീര്യം ലഖ്‌നൗവിന് തുണയായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലി (44 പന്തില്‍ 61) മികച്ച തുടക്കം നല്‍കി. പിന്നാലെ ഫാഫ് ഡുപ്ലെസിസ് (46 പന്തില്‍ 79), മാക്‌സ്‌വെല്‍ (29 പന്തില്‍ 59) എന്നിവരും അര്‍ധ സെഞ്ചുറി നേടിയതോടെ ആര്‍സിബി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി.
ഒട്ടും മികച്ചതല്ലായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ലഖ്‌നൗവില്‍ ഓപ്പണര്‍ മയേഴ്‌സിനെ നഷ്ടമായി. റണ്‍സെടുക്കും മുമ്പ് മയേഴ്‌സിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. നാലാം ഓവറില്‍ ദീപക് ഹൂഡയും (0) മടങ്ങി. പാര്‍നെല്ലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച്. അതേ ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയേയും (0) പാര്‍നെല്‍ കാര്‍ത്തികിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാല് ഓവറില്‍ ലഖ്‌നൗ മൂന്നിന് 23 എന്ന നിലയിലായി. അഞ്ചാം ഓവറില്‍ സ്‌റ്റോയിനിസ് നല്‍കിയ ഒരു അര്‍ധാവസരം സിറാജ് പാഴാക്കി. പിന്നീട് കെ എല്‍ രാഹുലിനൊപ്പം (20 പന്തില്‍ 18) ചേര്‍ന്ന് സ്റ്റോയിനിസുണ്ടാക്കിയ കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് ലഖ്‌നൗവിനെ രക്ഷിച്ചത്. ഇരുവരും 76 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിന്റെ മെല്ലപ്പോക്ക് ലഖ്‌നൗവിന് വിനയായി. രാഹുലും സ്‌റ്റോയിനിസും കൃത്യമായ ഇടവേളകളിലാണ് മടങ്ങിയത്. ഇതോടെ ലഖ്‌നൗ 11.1 ഓവറില്‍ അഞ്ചിന് 105 എന്ന നിലയിലായി. അഞ്ച് സിക്‌സും ആറ് ഫോറും സ്‌റ്റോയിനിസിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
പിന്നീട് പുരാനാണ് ലഖ്‌നൗവിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നത്. 19 പന്തുകള്‍ മാത്രം നേരിട്ട പുരാന്‍ ഏഴ് സിക്‌സും നാല് ഫോറും പായിച്ചു. ആയുഷ് ബദോനിക്കും 84 റണ്‍സ് പുരാന്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ സിറാജിന്റെ പന്തില്‍ ഷഹ്ബാസ് അഹമ്മദിന് ക്യാച്ച് നല്‍കി പുരാന്‍ മടങ്ങി. ലഖ്‌നൗ വിജയിക്കുമെന്ന് തോന്നിരിക്കെ ബദോനി ഹിറ്റ് വിക്കറ്റാവുകയും ചെയ്തു. വീണ്ടും ഫോട്ടോഫിനിഷിലേക്ക്. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ഓവറില്‍ മാര്‍ക്ക് വുഡിനെ (1), ജയ്‌ദേവ് ഉനദ്ഖട് (9) എന്നിവരെ നഷ്ടമായെങ്കിലും അവസാന പന്തില്‍ ബൈയിലുടെ ഒരു റണ്‍ നേടി ആവേഷ് ഖാന്‍ ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചു. രവി ബിഷ്‌നോയ് (3) പുറത്താവാതെ നിന്നു.
നേരത്തെ, തുടക്കത്തില്‍ തകര്‍ത്തടിച്ച വിരാട് കോലിയാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ കാഴ്ചക്കാരനായി കോലി തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സിലെത്തി. ഇതില്‍ 42 റണ്‍സും കോലിയപുടെ ബാറ്റില്‍ നിന്നായിരുന്നു. പവര്‍ പ്ലേയില്‍ മാത്രം മൂന്ന് സിക്‌സും നാലു ഫോറും കോലി പറത്തി.മാര്‍ക്ക് വുഡിനെയടക്കം സിക്‌സിന് പറത്തിയ കോലിയെ പിടിച്ചുകെട്ടാന്‍ ലഖ്‌നൗ സ്പിന്നര്‍മാരെ രംഗത്തിറക്കിയതോടെ ആര്‍സിബി സ്‌കോറിംഗിന് കടിഞ്ഞാണ്‍ വീണു. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലി 44 പന്തില്‍ 61 റണ്‍സടിച്ച് പുറത്താകുമ്പോള്‍ ആര്‍സിബി പന്ത്രണ്ടാം ഓവറില്‍ 96ല്‍ എത്തിയിരുന്നു.
കോലി പുറത്തായശേഷം കടിഞ്ഞാണ്‍ ഏറ്റെടുത്ത ഫാഫ് ഡൂപ്ലെസി തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ വീണ്ടും കുതിച്ചു. കൂട്ടിന് മാക്‌സ്വെല്‍ കൂടിയെത്തിയതോടെ ലഖ്‌നൗ ബൗളര്‍മാര്‍ കാഴ്ച്ചകാരായി. കോലിയെപ്പോലെ 35 പന്തിലാണ് ഡൂപ്ലെസിയും അര്‍ധസെഞ്ചുറി തികച്ചത്. മറുവശത്ത് മിന്നലടികളുമായി മാക്‌സ്വെല്‍ ആളിക്കത്തിയതോടെ ആര്‍സിബി 200 കടന്ന് കുതിച്ചു.ഉനദ്ഘട്ട് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 23 റണ്‍സടിച്ച ആര്‍സിബി 200 കടന്നു. പത്തൊമ്പതാം ഓവറില്‍ ആവേശ് ഖാനെ തുടര്‍ച്ചയായി സിക്‌സിന് പറത്തി 24 പന്തില്‍ മാക്‌സ്വെല്‍ അര്‍ധസെഞ്ചുറി തികച്ചു.
ആവേശ് ഖാന്റെ ആ ഓവറില്‍ പിറന്നത് 20 റണ്‍സ്. മാര്‍ക്ക് വുഡ് എറിഞ്ഞ അവസാന ഓവറില്‍ മാക്‌സ്വെല്‍(29 പന്തില്‍ 59) പുറത്തായെങ്കിലും ആര്‍സിബി 212ല്‍ എത്തിയിരുന്നു. 46 പന്തല്‍ 79 റണ്‍സുമായി ഡൂപ്ലെസിയും ദിനേശ് കാര്‍ത്തിക്കും(1) പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി മാര്‍ക് വുഡ് നാലോവറില്‍ 32 റണ്‍സിനും അമിത് മിശ്ര രണ്ടോവറില്‍ 18 റണ്‍സിനും ഓരോ വിക്കറ്റെടുത്തു. അവസാന അഞ്ചോവറില്‍ മാത്രം ആര്‍സിബി 75 റണ്‍സാണ് അടിച്ചെടുത്തത്.
ഐപിഎല്‍ റണ്‍വേട്ടയില്‍ കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പോകുന്ന താരത്തെ പ്രവചിച്ച് രവി ശാസ്ത്രി