യുഎഇയുടെ സ്വപ്നങ്ങള്‍ തകര്‍ത്തു; ഇന്ത്യയും പാകിസ്ഥാനും അണിനിരക്കുന്ന വമ്പന്മാരുടെ ഗ്രൂപ്പ്, പോരാടാൻ നേപ്പാളും

By Web Team  |  First Published May 2, 2023, 2:45 PM IST

87 പന്തില്‍ 67 റണ്‍സ് നേടിയ 17കാരൻ ഗുല്‍ഷൻ കുമാറാണ് ആതിഥേയരെ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിന് നേപ്പാള്‍ യോഗ്യത നേടി


മുംബൈ: എസിസി പ്രീമിയര്‍ കപ്പിന്‍റെ ഫൈനലില്‍ യുഎഇയെ തകര്‍ത്ത് നേപ്പാള്‍. കാഠ്മണ്ഡുവിലെ ടി യു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ വിജയാണ് നേപ്പാള്‍ സ്വന്തമാക്കിയത്. 87 പന്തില്‍ 67 റണ്‍സ് നേടിയ 17കാരൻ ഗുല്‍ഷൻ കുമാറാണ് ആതിഥേയരെ വിജയത്തിലെത്തിച്ചത്. ഈ വിജയത്തോടെ ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിന് നേപ്പാള്‍ യോഗ്യത നേടി. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും അണിനിരക്കുന്ന ഗ്രൂപ്പ് എയിലാണ് നേപ്പാള്‍ ഉള്‍പ്പെടുന്നത്.

ബി ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഉള്ളത്. അതേസമയം, സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യാ കപ്പിന്‍റെ വേദി സംബന്ധിച്ച പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. പാകിസ്ഥാനാണ് വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ന്യൂട്രല്‍ വേദി വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയെ ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഒക്ടോബറില്‍ എസിസി പ്രസിഡന്‍റ് ജയ് ഷാ വ്യക്തമാക്കിയിരുന്നു.

Latest Videos

undefined

ആറ് ടീമുകൾ ഉൾപ്പെടുന്ന ഏഷ്യാ കപ്പ് സെപ്റ്റംബര്‍ രണ്ട് മുതൽ 17 വരെയാണ് നടക്കുക. എന്നാൽ വേദി സംബന്ധിച്ച അനിശ്ചിതത്വം കാരണം മത്സരങ്ങളുടെ കൃത്യമായ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഏഷ്യാ കപ്പ് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ബോർഡ് അംഗം തള്ളിക്കളഞ്ഞിട്ടുണ്ട്.

ഒരു ന്യൂട്രൽ വേദിയിൽ ഏഷ്യാ കപ്പ് കളിക്കാൻ പിസിബി സമ്മതിച്ചില്ലെങ്കിൽ ടൂർണമെന്റ് രാജ്യത്ത് നിന്ന് മാറ്റുമെന്ന തരത്തില്‍ പാകിസ്ഥാൻ മാധ്യമങ്ങളിൽ റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതോടെ വേദി മാറ്റിയാല്‍ പാകിസ്ഥാൻ ഏഷ്യാ കപ്പില്‍ പങ്കെടുക്കില്ലെന്ന പിസിബി വ്യക്തമാക്കിയെന്നും വാര്‍ത്തകള്‍ വന്നു. ഏഷ്യാ കപ്പ് മാറ്റുമെന്ന തരത്തില്‍ ഒരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് എസിസി പ്രതിനിധി വ്യക്തമാക്കി.  

സന്തോഷം സഹിക്കാൻ വയ്യ! ലഖ്നൗവിന്‍റെ സ്വന്തം തട്ടകം, കാലിൽ തൊടാൻ വന്ന ആരാധകനെ നെ‌ഞ്ചോട് ചേർത്ത് കിംഗ്; വീഡിയോ

click me!