ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു ടി20 മത്സരവും ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി അഞ്ച് മത്സരവും കളിച്ചിട്ടുള്ള താരമായ സന്ദീപ് വാര്യര്‍ 50 ലക്ഷം രൂപക്കാണ് മുംബൈ ഇന്ത്യന്‍സിനായി പന്തെറിയാനെത്തുന്നത്.
മുംബൈ: അല്പസമയം മുമ്പാണ് മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്നുവെന്ന വാര്‍ത്ത വന്നത്. പരിക്കേറ്റ് പിന്മാറിയ ജസ്പ്രിത് ബുമ്രയ്ക്ക് പകരമാണ് സന്ദീപ് ടീമിലെത്തിയത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചിരുന്ന താരമാണ് സന്ദീപ്. ആഭ്യന്തര ക്രിക്കറ്റില്‍ നിലവില്‍ തമിഴ്നാടിനുവേണ്ടിയാണ് സന്ദീപ് വാര്യര്‍ പന്തെറിയുന്നത്. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പും ടി20 ലോകകപ്പും നഷ്ടമായ ബുമ്രക്ക് ശസ്ത്രക്രിയക്ക് വിധേയനായതോടെ ഐപിഎല്‍ പൂര്‍ണമായും നഷ്ടമാകുമെന്ന് ഉറപ്പായിരുന്നെങ്കിലും പകരക്കാരനെ മുംബൈ ഇന്ത്യന്‍സ് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല.
ഇപ്പോള്‍ സന്ദീപിനെ ടീമിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. മലയാളത്തില്‍ കുറിപ്പെഴുതികൊണ്ടാണ് മുംബൈ തമിഴ്നാടിന് വേണ്ടി കളിക്കുന്ന താരത്തെ സ്വാഗതം ചെയ്തത്. 'നീലയില്‍ ആറാടുകയാണ് ചെക്കന്...' എന്നാണ് മുംബൈ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടത്. സന്ദീപിന്റെ ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. പോസ്റ്റ് കാണാം..
undefined
ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു ടി20 മത്സരവും ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി അഞ്ച് മത്സരവും കളിച്ചിട്ടുള്ള താരമായ സന്ദീപ് വാര്യര്‍ 50 ലക്ഷം രൂപക്കാണ് മുംബൈ ഇന്ത്യന്‍സിനായി പന്തെറിയാനെത്തുന്നത്. 2013ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി അരങ്ങേറിയ സന്ദീപ് വാര്യര്‍ 2020 മുതല്‍ തമിഴ്നാടിന് വേണ്ടിയാണ് കളിക്കുന്നത്. 68 ടി20 മത്സരങ്ങളില്‍ 62 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള സന്ദീപ് ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റ് നേടി. മലയാളി താരം വിഷ്ണു വിനോദും ഇത്തവണ മുംബൈ ഇന്ത്യന്‍സിലുണ്ട്. സന്ദീപ് കൂടി എത്തുന്നതോടെ മുംബൈ ടീമിലെ മലയാളി സാന്നിധ്യം രണ്ടായി. രാജസ്ഥാന് റോയല്‍സിനായി കളിക്കുന്ന സഞ്ജു സാംസണും കെ എം ആസിഫുമാണ് ഇത്തവണ ഐപിഎല്ലില്‍ കളിക്കുന്ന മറ്റ് മലയാളി താരങ്ങള്‍.
ബുമ്രയുടെ ആഭാവത്തില്‍ ജോഫ്ര ആര്‍ച്ചറിലാണ് ഇത്തവണ മുംബൈയുടെ പ്രധാന ബൗളിംഗ് പ്രതീക്ഷ. ഓസ്ട്രേലിയയുടെ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫും ദക്ഷിണാഫ്രിക്കയുടെ ഡ്വാന്‍ യാന്‍സനുമാണ് മറ്റ് വിദേശ പേസര്‍മാര്‍. മുംബൈയില്‍ നടക്കുന്ന ടീമിന്റെ പരീശിലന മത്സരം കാണാനും കളിക്കാരെ പ്രചോദിപ്പിക്കാനും ബുമ്ര ടീം അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.