മുംബൈയില്‍ നടക്കുന്ന ടീമിന്‍റെ പരീശിലന മത്സരം കാണാനും കളിക്കാരെ പ്രചോദിപ്പിക്കാനും ബുമ്ര ടീം അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. 50 ലക്ഷം രൂപക്കാണ് സന്ദീപ് വാര്യര്‍ മുംബൈ ഇന്ത്യന്‍സിനായി പന്തെറിയാനെത്തുന്നത്.
മുംബൈ: ഐപിഎല്ലില്‍ ആദ്യ മത്സരത്തിനിറങ്ങും മുമ്പെ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവും മലയാളി പേസറുമായ സന്ദീപ് വാര്യരാണ് ബുമ്രയുടെ പകരക്കാരനായി മുംബൈക്കായി കളിക്കുക. ആഭ്യന്തര ക്രിക്കറ്റില്‍ നിലവില്‍ തമിഴ്നാടിനുവേണ്ടിയാണ് സന്ദീപ് വാര്യര്‍ പന്തെറിയുന്നത്. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പും ടി20 ലോകകപ്പും നഷ്ടമായ ബുമ്രക്ക് ശസ്ത്രക്രിയക്ക് വിധേയനായതോടെ ഐപിഎല്‍ പൂര്‍ണമായും നഷ്ടമാകുമെന്ന് ഉറപ്പായിരുന്നെങ്കിലും പകരക്കാരനെ മുംബൈ ഇന്ത്യന്‍സ് ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല.
മുംബൈയില്‍ നടക്കുന്ന ടീമിന്‍റെ പരീശിലന മത്സരം കാണാനും കളിക്കാരെ പ്രചോദിപ്പിക്കാനും ബുമ്ര ടീം അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു ടി20 മത്സരവും ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി അഞ്ച് മത്സരവും കളിച്ചിട്ടുള്ള താരമായ സന്ദീപ് വാര്യര്‍ 50 ലക്ഷം രൂപക്കാണ് മുംബൈ ഇന്ത്യന്‍സിനായി പന്തെറിയാനെത്തുന്നത്. ജസ്പ്രീത് ബുമ്രയുടെ ആഭാവത്തില്‍ ജോഫ്ര ആര്‍ച്ചറിലാണ് ഇത്തവണ മുംബൈയുടെ പ്രധാന ബൗളിംഗ് പ്രതീക്ഷ. ഓസ്ട്രേലിയയുടെ ജേസൺ ബെഹ്‌റൻഡോർഫും ദക്ഷിണാഫ്രിക്കയുടെ ഡ്വാൻ യാൻസനുമാണ് മറ്റ് വിദേശ പേസർമാർ.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരില്‍ വരുന്നു
2013ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി അരങ്ങേറിയ സന്ദീപ് വാര്യര്‍ 2020 മുതല്‍ തമിഴ്നാടിന് വേണ്ടിയാണ് കളിക്കുന്നത്. 68 ടി20 മത്സരങ്ങളില്‍ 62 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള സന്ദീപ് ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റ് നേടി. മലയാളി താരം വിഷ്ണു വിനോദും ഇത്തവണ മുംബൈ ഇന്ത്യന്‍സിലുണ്ട്. സന്ദീപ് കൂടി എത്തുന്നതോടെ മുംബൈ ടീമിലെ മലയാളി സാന്നിധ്യം രണ്ടായി. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന സഞ്ജു സാംസണും കെ എം ആസിഫുമാണ് ഇത്തവണ ഐപിഎല്ലില്‍ കളിക്കുന്ന മറ്റ് മലയാളി താരങ്ങള്‍.
മുംബൈ ഇന്ത്യന്‍സ് ടീം: രോഹിത് ശർമ്മ,സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, ജോഫ്ര ആർച്ചർ, ടിം ഡേവിഡ്, മുഹമ്മദ് അർഷാദ് ഖാൻ, രമൺദീപ് സിംഗ്, ഹൃത്വിക് ഷോക്കീൻ, അർജുൻ ടെന്‍ഡുൽക്കർ, ട്രിസ്റ്റൺ സ്റ്റബ്‌സ്, കുമാർ കാർത്തികേയ, ജേസൺ ബെഹ്‌റൻഡോർഫ്, കാമറോൺ ഗ്രീൻ,പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, വിഷ്ണു വിനോദ്, ഷംസ് മുലാനി, നെഹാൽ വാധേര, രാഘവ് ഗോയൽ, സന്ദീപ് വാര്യര്‍.