ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഉടമയാണ് മുകേഷ് അംബാനി. അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്ക്കറ്റ് ബോള്‍ ടീമായ ലോസ് ആഞ്ചല്‍സ് ക്ലിപ്പേഴ്സ് ഉടമ സ്റ്റീവ് ബല്ലാമറിനെയാണ് അംബാനി പിന്തള്ളിയത്.
ഗുവാഹത്തി: ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും സമ്പന്നനായ വ്യക്തി എന്നതിനൊപ്പം മറ്റൊരു വലിയ നേട്ടം കൂടെ പേരിലെഴുതി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും സമ്പന്നനായ സ്പോര്‍ട്സ് ടീം ഉടമ കൂടിയായി മാറി. ഫോബ്സിന്റെ ശതകോടീശ്വര പട്ടികയിലാണ് മുകേഷ് അംബാനി ഏഷ്യയിലെ ഒന്നാമത്തെ സമ്പന്നനായത്. ഫോബ്‌സിന്റെ പട്ടിക പ്രകാരം ലോക സമ്പന്ന പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുകേഷ് അംബാനി.
83.4 ബില്യൺ ഡോളർ ആണ് മുകേഷ് അംബാനിയുടെ ആസ്തി. ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഉടമയാണ് മുകേഷ് അംബാനി. അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്ക്കറ്റ് ബോള്‍ ടീമായ ലോസ് ആഞ്ചല്‍സ് ക്ലിപ്പേഴ്സ് ഉടമ സ്റ്റീവ് ബല്ലാമറിനെയാണ് അംബാനി പിന്തള്ളിയത്. കഴിഞ്ഞ വർഷം 1.3 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് ഫ്രാഞ്ചൈസിയായി മുംബൈ ഇന്ത്യൻസിനെ ഫോബ്സ് തെരഞ്ഞെടുത്തിരുന്നു.
അതേസമയം, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് വീണതോടെയാണ് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി വീണ്ടും മാറിയത്. ഫോബ്സ് പട്ടിക പ്രകാരം ഇന്ത്യക്കാരില്‍ രണ്ടാമന്‍ ഗൗതം അദാനി തന്നെയാണ്. ജനുവരി 24-ന് 1260 കോടി ഡോളര്‍ ആസ്തിയോടെ അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായിരുന്നു.
എന്നാല്‍, യു എസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിന് ശേഷം അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരികള്‍ക്ക് ഇടിവുണ്ടാകുകയായിരുന്നു. ഫോബ്സ് പട്ടികയില്‍ മുകേഷ് അംബാനിക്കും, ഗൗതം അദാനിക്കും പിന്നാലെയുള്ളത് എച്ച്‌സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാര്‍ ആണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഉള്‍പ്പെടെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയില്‍ ആകെ ഒമ്പത് മലയാളികളാണ് ഇടം നേടിയത്.