റണ്‍സടിക്കാവുന്ന വിക്കറ്റായിരുന്നു ചെപ്പോക്കിലേതെങ്കിലും രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ വേഗത കുറവായിരുന്നുവെന്ന് ധോണി പറഞ്ഞു. അടുത്ത മത്സരങ്ങളില്‍ പിച്ച് എങ്ങനെ പെരുമാറുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
ചെന്നൈ: ഐപിഎല്ലില്‍ തോറ്റ് തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്ത് വിജയവഴി കണ്ടെത്തിയെങ്കിലും നായകന്‍ എം എസ് ധോണി തൃപ്തനല്ല. ആദ്യം ബാറ്റ് ചെയ്ത് 217 റണ്‍സടിച്ചിട്ടും 12 റണ്‍സിനാണ് ചെന്നൈ ജയിച്ചത്. പേസര്‍മാരായ തുഷാര്‍ ദേശ്‌പാണ്ഡെയും ദീപക് ചാഹറും ബെന്‍ സ്റ്റോക്സുമെല്ലാം നിറം മങ്ങിയപ്പോള്‍ മൊയീന്‍ അലിയുടെയും മിച്ചല്‍ സാന്‍റ്നറുടെയും ബൗളിംഗ് മികവിലായിരുന്നു ചെന്നൈ ജയിച്ചുകയറിയത്.
നാലു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഹോം ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങുന്നത്. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം കളിക്കാനിറങ്ങിയപ്പോള്‍ ചെന്നൈയിലെ പിച്ചിനെക്കുറിച്ച് ആകാംക്ഷയും ആശങ്കയും ഉണ്ടായിരുന്നുവെന്ന് മത്സരശേഷം ധോണി പറഞ്ഞു. വമ്പന്‍ സ്കോര്‍ പിറന്ന മത്സരമായിരുന്നെങ്കിലും രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് വേഗം കുറഞ്ഞിരുന്നു. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനിടെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങിയപ്പോള്‍ പിച്ച് ഇതിനെക്കാള്‍ വേഗം കുറവായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.
റണ്‍സടിക്കാവുന്ന വിക്കറ്റായിരുന്നു ചെപ്പോക്കിലേതെങ്കിലും രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ വേഗത കുറവായിരുന്നുവെന്ന് ധോണി പറഞ്ഞു. അടുത്ത മത്സരങ്ങളില്‍ പിച്ച് എങ്ങനെ പെരുമാറുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഹോം ഗ്രൗണ്ടില്‍ ഇന്നത്തേതുപോലെ ഞങ്ങള്‍ക്ക് വലിയ സ്കോറുകള്‍ നേടാനാവുമെന്നാണ് പ്രതീക്ഷ. ഞങ്ങളുടെ പേസ് ബൗളിംഗ് ഇനിയും മെച്ചപ്പേടേണ്ടതുണ്ടെന്ന് ഇന്നത്തെ മത്സരം വ്യക്താക്കി.
സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പന്തെറിയാന്‍ പേസര്‍മാര്‍ പഠിക്കേണ്ടിയിരിക്കുന്നു. ഫ്ലാറ്റ് പിച്ചാണെങ്കില്‍ പോലും ഫീല്‍ഡര്‍മാരുടെ തലക്ക് മുകളിലൂടെ പന്തടിക്കാനാണ് ബാറ്റര്‍മാരെ പ്രേരിപ്പിക്കേണ്ടത്. അതുപോലെ വൈഡുകളും നോ ബോളുകളും എറിയാതിരിക്കാനും. ലഖ്നൗവിനെതിരെ ചെന്നൈ ഒരുപാട് എക്സ്ട്രാസ് വഴങ്ങി. അത് നിര്‍ത്തിയെ പറ്റു. ഇല്ലെങ്കില്‍ അവര്‍ പുതിയ ക്യാപ്റ്റന് കീഴില്‍ കളിക്കേണ്ടിവരുമെന്നും ധോണി മത്സരശേഷം പറഞ്ഞു. ലഖ്നൗവിനെതിരെ 13 വൈഡുകളും മൂന്ന് നോ ബോളുകളുമാണ് ചെന്നൈ ബൗളര്‍മാര്‍ എറിഞ്ഞത്. ദീപക് ചാഹര്‍ അഞ്ച് വൈഡെറിഞ്ഞപ്പോള്‍ തുഷാര്‍ ദേശ്പാണ്ഡെ നാലു വൈഡും മൂന്ന് നോ ബോളും എറിഞ്ഞിരുന്നു.
MS Dhoni in presentations is amazing!
Talking about how bowlers need to control or need to play under different captain! 😂 pic.twitter.com/WEQCRxUWHP