ഐപിഎല്‍ പ്രതിഫലത്തേക്കാള്‍ മൂന്നിരട്ടി; ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി എം എസ് ധോണി

By Web Team  |  First Published Apr 5, 2023, 4:22 PM IST

2020-21 സാമ്പത്തിക വര്‍ഷവും ധോണി മുന്‍കൂര്‍ നികുതിയായി 30 കോടി രൂപ ആദായനികുതി വകുപ്പില്‍ ഒടുക്കിയിരുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ഏകദേശം 106 കോടി രൂപയാണ് ധോണി നികുതിയായി നല്‍കിയത്.


റാഞ്ചി: ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി മുന്‍ ഇന്ത്യന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം നായകനുമായ എം എസ് ധോണി. ഐപിഎല്‍ പ്രതിഫലത്തേക്കാള്‍ മൂന്നിരട്ടി തുകയാണ് ധോണി മാര്‍ച്ചില്‍ അവസാനിച്ച 2022-2023 സാമ്പത്തിക വര്‍ഷം ആദായ നികുതിയായി ഒടുക്കിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ആദായത്തിന്‍റെ അടിസ്ഥാനത്തില്‍ ധോണി മുന്‍കൂര്‍ നികുതിയായി നല്‍കിയത് 38 കോടി രൂപയാണ്. 130 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ധോണിയുടെ പ്രതീക്ഷിത വരുമാനം.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ധോണിയുടെ സാമ്പത്തിക വരുമാനത്തില്‍ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ധോണി രാജ്യാന്തര കരിയര്‍ തുടങ്ങിയതുമുതല്‍ ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ വ്യക്തിഗത നികുതിദായകനാണെന്നും ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. 2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗിക വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Latest Videos

2020-21 സാമ്പത്തിക വര്‍ഷവും ധോണി മുന്‍കൂര്‍ നികുതിയായി 30 കോടി രൂപ ആദായനികുതി വകുപ്പില്‍ ഒടുക്കിയിരുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ഏകദേശം 106 കോടി രൂപയാണ് ധോണി നികുതിയായി നല്‍കിയത്. 12 കോടി രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് കഴിഞ്ഞ സീസണില്‍ ധോണിയെ നിലനിര്‍ത്തിയത്. ഇതിന്‍റെ മൂന്നിരട്ടി തുകയാണ് ധോണി ഇത്തവണ മുന്‍കൂര്‍ നികുതിയായി നല്‍കിയത്. ഐപിഎല്ലില്‍ നിന്നുള്ള പ്രതിഫലത്തിന് പുറമെ പരസ്യങ്ങളില്‍ നിന്നാണ് ധോണിയുടെ പ്രധാന വരുമാനം.

സഞ്ജു ആരാധകര്‍ക്ക് സന്തോഷ ദിനം; മലയാളി താരത്തിന്‍റെ ബാറ്റിന്‍റെ ചൂട് അറിഞ്ഞിട്ടുള്ള പഞ്ചാബ്, കണക്കുകള്‍ ഇങ്ങനെ

വരുമാനത്തിന്‍റെ കാര്യത്തില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ധോണിയുണ്ട്. സച്ചിന് 170 മില്യണ്‍ ഡോളറിന്‍റെ ആസ്തിയുള്ളപ്പോള്‍ ധോണിക്ക് 115 മില്യണ്‍ ഡോളറിന്‍റെ ആസ്തിയുണ്ട്. 112 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്.

click me!