എല്ലാ പന്തുകളും യോര്‍ക്കര്‍ ലെങ്ത്തില്‍ എറിയാനായിരുന്നു എന്‍റെ പദ്ധതി. മനസിലുദ്ദേശിച്ചപോലെ ആദ്യ നാലു പന്തുകളും എറിയാനും എനിക്കായി. ഈ സമയത്താണ് പരിശീലകന്‍ നെഹ്റയും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇടപെടുന്നത്.
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ തോല്‍വിക്കുശേഷം ആ രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് മത്സരത്തിലെ നിര്‍ണായക അവസാന ഓവര്‍ എറിഞ്ഞ ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മോഹിത് ശര്‍മ. ഫൈനലില്‍ അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ നാലു പന്തും യോര്‍ക്കര്‍ ലെങ്ത്തില്‍ എറിഞ്ഞ മോഹിത് മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാല്‍ അഞ്ചാം പന്തില്‍ സിക്സും അവസാന പന്തില്‍ ബൗണ്ടറിയും നേടി രവീന്ദ്ര ജഡേജ ചെന്നൈക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.
നിര്‍ണായക അവസാന ഓവറിലെ അഞ്ചാം പന്തിന് മുമ്പ് കോച്ച് നെഹ്റയുടെ നിര്‍ദേശമോ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഉപദേശമോ അല്ല കളി തോല്‍പ്പിച്ചതെന്ന് മോഹിത് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ മുമ്പും ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട്. നെറ്റ്സിലും ഇത്തരം സാഹചര്യങ്ങള്‍ പതിവായി പരീശീലിക്കാറുണ്ട്. അതുകൊണ്ടുതന്നെ ആ സമയത്ത് എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. എല്ലാ പന്തുകളും യോര്‍ക്കര്‍ ലെങ്ത്തില്‍ എറിയാനായിരുന്നു എന്‍റെ പദ്ധതി. മനസിലുദ്ദേശിച്ചപോലെ ആദ്യ നാലു പന്തുകളും എറിയാനും എനിക്കായി.
undefined
ഈ സമയത്താണ് പരിശീലകന്‍ നെഹ്റയും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇടപെടുന്നത്. അടുത്ത രണ്ട് പന്തില്‍ ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നത് മാത്രമാണ് അവര്‍ക്കറിയേണ്ടിയിരുന്നത്. ഞാന്‍ പറഞ്ഞു, യോര്‍ക്കര്‍ തന്നെ പരീക്ഷിക്കാമെന്ന്. എന്നാലിപ്പോള്‍ ആളുകള്‍ പറയുന്നത്, ആ സമയത്ത് ആവശ്യമില്ലാത്ത അവരുടെ ഇടപെടലാണ് ഗുജറാത്തിനന്‍റെ തോല്‍വിക്ക് കാരണമെന്നാണ്. തുറന്നുപറഞ്ഞാല്‍ അതിലൊന്നും വലിയ കാര്യമില്ല. കാരണം, എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.
ആദ്യ നാലു പന്തും യോര്‍ക്കറുകള്‍ എറിഞ്ഞ ഞാന്‍ അഞ്ചാം പന്തില്‍ ജഡേജ സിക്സ് അടിച്ചശേഷവും അവസാന പന്ത് യോര്‍ക്കര്‍ എറിയാനാണ് ശ്രമിച്ചത്. ജഡേജയുടെ ഉപ്പൂറ്റി ലക്ഷ്യമാക്കി യോര്‍ക്കര്‍ എറിയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അത് ചെറുതായൊന്ന് മാറിപ്പോയി. ലെഗ് സ്റ്റംപില്‍ ലോ ഫുള്‍ട്ടോസായി ആ പന്തില്‍ ജഡേജക്ക് കൃത്യമായിബാറ്റ് കൊള്ളിക്കാനുമായി. ആ പന്ത് ബൗണ്ടറി കടന്നു. ഞാനെന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ വിചാരിച്ചതുപോലെ വന്നില്ല.
അന്ന് രാത്രി എനിക്ക് ഉറങ്ങാനായില്ല. ഞാന്‍ ആ പന്തിന് പകരം മറ്റൊരു പന്തായിരുന്നു എറിഞ്ഞിരുന്നെങ്കിലെന്ന ചിന്ത എന്‍റെ ഉറക്കം കെടുത്തി. പക്ഷെ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ, എല്ലാം വിചാരിച്ചപോലെ സംഭവിക്കണമെന്നില്ലല്ലോ, അതുകൊണ്ട് അതില്‍ നിന്ന് പുറത്തുകടക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മോഹിത് ശര്‍മ പറഞ്ഞു.