മോഹിത് ശർമ്മയെ തലങ്ങും വിലങ്ങുമിട്ട് പായിച്ച് 20 റൺസാണ് സൂര്യ അടിച്ച് കൂട്ടിയത്. അടുത്ത ഓവറിൽ ഷമിയും 17 റൺസ് വഴങ്ങിയതോടെ മുംബൈ 200 കടന്നു. അവസാന ഓവറിൽ അൽസാരിയെയും ശിക്ഷിച്ച് സൂര്യ അർഹിച്ച ആദ്യ ഐപിഎൽ സെഞ്ചുറിയും സ്വന്തമാക്കി.
മുംബൈ: ഒന്നാമന്റെ പകിട്ടോടെ എത്തിയ ഗുജറാത്ത് ടൈറ്റൻസിനെ വാംഖഡെയിൽ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. നിർണായകമായ മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് രോഹിത് ശർമ്മയും സംഘവും പേരിലാക്കിയത്. മുംബൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ടൈറ്റൻസിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 191ൽ റൺസിൽ അവസാനിച്ചു. സെഞ്ചുറി നേടി ഒരിക്കൽ കൂടി സൂര്യകുമാർ യാദവാണ് (49 പന്തിൽ 103) മുംബൈ ഇന്ത്യൻസിന്റെ കരുത്തായത്.
മികച്ച പിന്തുണ നൽകാൻ വിഷ്ണു വിനോദിനും (30) സാധിച്ചു. ഗുജറാത്തിന് വേണ്ടി നാലോവറിൽ 30 റൺസ് വഴങ്ങി റാഷിദ് ഖാൻ നാല് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗിൽ 41 റൺസ് എടുത്ത ഡേവിഡ് മില്ലറും 79 റൺസെടുത്ത റാഷിദ് ഖാനുമാണ് ഗുജറാത്തിന് വേണ്ടി പൊരുതി നോക്കിയത്. മുംബൈക്കായി ആകാശ് മദ്വാൽ സുപ്രധാനമായ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. വിജയത്തോടെ മുംബൈ രാജസ്ഥാനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി.
undefined
സർവ്വം 'സൂര്യ'തേജസ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ആരാധകർ സ്വപ്നം കണ്ട പോലെയൊരു തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് ഷമിയെയും മോഹിത് ശർമ്മയെയും അനായാസം നേരിട്ട രോഹിത് ശർമ്മയും ഇഷാൻ കിഷനും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. എന്നാൽ, പവർ പ്ലേ അവസാനിച്ച് ടൈം ഔട്ടിന് ശേഷമുള്ള ആദ്യ ഓവറിൽ രോഹിത് ശർമ്മയെയും ഇഷാൻ കിഷനെയും മടക്കി റാഷിദ് ഖാൻ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി നൽകി.
രോഹിത് 18 പന്തിൽ 29 റൺസെടുത്തപ്പോൾ ഇഷാൻ കിഷൻ 20 പന്തിൽ 31 റൺസെടുത്താണ് മടങ്ങിയത്. പിന്നാലെ സ്റ്റാർ പ്ലെയർ നെഹാൽ വധേരയെയും (15) റാഷിദ് ഖാൻ തന്നെ പുറത്താക്കി. മുംബൈ തകരുമെന്ന് ഗുജറാത്ത് വിശ്വസിച്ചപ്പോഴാണ് മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാർ യാദവും ചേർന്നുള്ള മിന്നുന്ന സഖ്യം വാംഖഡയെ കോരിത്തരിപ്പിച്ചത്. അൽസാരി ജോസഫിനെയും മുഹമ്മദ് ഷമിയെയുമെല്ലാം ആകാശത്തെ നക്ഷത്രങ്ങളെ കാണിച്ച് കൊടുത്ത് ഇരുവരും മുംബൈയുടെ കരുത്തായി മാറി.
മുംബൈയുടെ കുതിപ്പ് തുടരുന്നതിനിടെയാണ് മോഹിത് ശർമ്മ വമ്പൻ തിരിച്ചുവരവ് നടത്തിയത്. റൺ ക്ഷാമം രൂക്ഷമായ ഓവറിലെ അവസാന പന്തിൽ വിഷ്ണു വിനോദ് പുറത്തുമായി. 20 പന്തിൽ 30 റൺസാണ് താരം ഇതിനകം പേരിൽ കുറിച്ചത്. പിന്നാലെ 32 പന്തിൽ സൂര്യ അർധ സെഞ്ചുറിയിലേക്കെത്തി. തന്റെ അവസാന ഓവറിലെ അവസാന പന്തിൽ ടിം ഡേവിഡിനെ കൂടെ തിരികെ നടത്തിച്ച് റാഷിദ് ഖാൻ വാംഖഡയെ കരയിച്ചു. പിന്നാലെ വീണ്ടുമെത്തിയ മോഹിത് ശർമ്മയെ തലങ്ങും വിലങ്ങുമിട്ട് പായിച്ച് 20 റൺസാണ് സൂര്യ അടിച്ച് കൂട്ടിയത്. അടുത്ത ഓവറിൽ ഷമിയും 17 റൺസ് വഴങ്ങിയതോടെ മുംബൈ 200 കടന്നു. അവസാന ഓവറിൽ അൽസാരിയെയും ശിക്ഷിച്ച് സൂര്യ അർഹിച്ച ആദ്യ ഐപിഎൽ സെഞ്ചുറിയും സ്വന്തമാക്കി.
ആകാശാണ് താരം
ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിന്റെ പകിട്ടിൽ മുംബൈയുടെ വൻ സ്കോറിനെതിരെ ഇറങ്ങിയ ഗുജറാത്തിനെ ആകാശ് മദ്വാൽ തുടക്കത്തിലേ ഞെട്ടിച്ചു. വൃദ്ധമാൻ സാഹയെയും ശുഭ്മാൻ ഗില്ലിനെയും ആകാശ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയെ ബെഹ്റൻഡോർഫും പറഞ്ഞുവിട്ടു, ഒന്ന് കത്തിക്കയറിയ വിജയ് ശങ്കറിനെ പിയൂഷ് ചൗള മത്സരത്തിലെ തന്റെ ആദ്യ ഓവറിൽ തന്നെ ബൗൾഡ് ചെയ്തതോടെ ഗുജറാത്ത് വിയർത്തു. അഭിനവ് മനോഹറിനെ തിരികെ അയച്ച് കുമാർ കാർത്തികേയ കൂടെ കളം നിറഞ്ഞപ്പോൾ ഗുജറാത്ത് 55 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്നു.
ഇതിന് ശേഷം ഡേവിഡ് മില്ലർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആ നീക്കം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയതോടെ രോഹിത് ആകാശിനെ തിരികെ എത്തിച്ചു. ആകാശ് എത്തി 26 പന്തിൽ 41 റൺസെടുത്ത മില്ലർക്ക് മടക്കടിക്കറ്റ് എഴുതി നൽകി ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചു. രാഹുൽ തെവാട്ടിയെ കൂടെ വളരാൻ അനുവദിക്കാതെ ചൗള പറഞ്ഞുവിട്ടതോടെ മുംബൈ വിജയം ഉറപ്പിച്ചു. എന്നാൽ, ബാറ്റ് കൊണ്ടും റാഷിദ് ഖാൻ ഒരു മിന്നൽ വെടിക്കെട്ട് നടത്തിയതോടെ ഗുജറാത്ത് വൻ നാണക്കേട് ഒഴിവാക്കി. 21 പന്തിൽ താരം അർധ സെഞ്ചുറിയും സ്വന്തമാക്കി. അവസാന പന്ത് വരെ റാഷിദ് ഖാൻ പൊരുതി നിൽക്കുകയും ചെയ്തു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അവൻ വന്നത് വെറുതെയല്ല! തീ മിന്നൽ പോലെ തിളങ്ങി, അവതരിച്ച് വിഷ്ണു വിനോദ്