പിറന്നത് കൂറ്റന്‍ സ്‌കോര്‍! റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ച ലഖ്‌നൗ - പഞ്ചാബ് ഐപിഎല്‍ മത്സരം

By Web Team  |  First Published Apr 29, 2023, 11:37 AM IST

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറക്കുന്ന മൂന്നാമത്തെ മത്സരമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2010ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ റണ്‍സുണ്ടായത്. അന്ന് ഇരുവരും നേടിയത് 469 റണ്‍സ്.


മൊഹാലി: ഐപിഎല്ലില്‍ കൂറ്റന്‍ സ്‌കോര്‍ പിറന്ന മത്സരമായിരുന്നു ഇന്നലത്തേത്. പഞ്ചാബ് കിംഗ്‌സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.5 ഓവറില്‍ 201ന് എല്ലാവരും പുറത്താവുകയായിരുന്നു. ഈ മത്സരം ഒരു റെക്കോര്‍ഡ് പുസ്തകത്തിലും ഇടം പിടിച്ചു.

മത്സരത്തില്‍ ഒന്നാകെ 458 റണ്‍സാണ് പിറന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറക്കുന്ന മൂന്നാമത്തെ മത്സരമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2010ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ റണ്‍സുണ്ടായത്. അന്ന് ഇരുവരും നേടിയത് 469 റണ്‍സ്.

Latest Videos

undefined

2018ലെ പഞ്ചാബ് കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരമാണ് രണ്ടാമത്തേത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും നേടിയത് 459 റണ്‍സ്. 2017ലെ പഞ്ചാബ് കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ 453 റണ്‍സാണ് നാലാമത്. 2020ല്‍ രാജസ്ഥാന്‍ റോയല്‍സ്- പഞ്ചാബ് കിംഗ്‌സ് മത്സരം അഞ്ചാം സ്ഥാനത്തായി. അന്ന് ഇരു ടീമുകളും നേടിയത് 449 റണ്‍സാണ്.

ഐപിഎല്ലില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ടീം ടോട്ടലുകൂടിയാണ് ലഖ്‌നൗ നേടിയത്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരെ ആര്‍സിബി നേടിയ 263 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2016ല്‍ ഗുജറാത്ത് ലണ്‍സിനെതിരെ ആര്‍സിബി നേടിയ 248 റണ്‍സ് മൂന്നാമതായി. 2010ലെ ചെന്നൈ- രാജസ്ഥാന്‍ (246), 2018ലെ കൊല്‍ക്കത്ത- പഞ്ചാബ് കിംഗ്‌സ് (245) മത്സരങ്ങള്‍ തൊട്ടുസ്ഥാനങ്ങളില്‍. 

ഈ സീസണ്‍ ഐപിഎല്‍ പാതിവഴി പിന്നിടുമ്പോള്‍ തന്നെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ചു. ഏറ്റവും കൂടുതല്‍ 200+ സ്‌കോര്‍ പിറക്കുന്ന ഐപിഎല്ലാണിത്. ഇതുവരെ 20 തവണ സ്‌കോര്‍ 200നപ്പുറം പോയി. കഴിഞ്ഞ സീസണില്‍ 18 തവണയും 2018ല്‍ 15 തവണയും സ്‌കോര്‍ 200 കടന്നിരുന്നു.

click me!