ഡല്‍ഹിയല്ലെങ്കില്‍ പിന്നെ ആര്, പോണ്ടിംഗിന്‍റെ വമ്പന്‍ പ്രവചനം; സഞ്ജുവിനും സംഘത്തിനും സന്തോഷവാര്‍ത്ത

By Web Team  |  First Published Mar 31, 2023, 1:08 PM IST

ഐപിഎല്ലില്‍ ഡല്‍ഹി കഴിഞ്ഞാല്‍ ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമായി പരിശീലകന്‍ റിക്കി പോണ്ടിംഗ് വിലയിരുത്തുന്നത് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെയോ അഞ്ച് തവണ ചാമ്പ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിനെയോ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയോ അല്ലെന്നതാണ് രസകരം.


ഡല്‍ഹി: ഐപിഎല്ലില്‍ നായകന്‍ റിഷഭ് പന്തില്ലാതെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ പോരാട്ടത്തിന് ഇറങ്ങുന്നത്. ഐപിഎല്ലില്‍ ഫൈനല്‍ കളിച്ചെങ്കിലും ഇതുവരെ കിരീട ഭാഗ്യമില്ലാത്ത ടീമുകളുടെ കൂട്ടത്തിലാണ് ഡല്‍ഹിയും. എന്നാല്‍ ഇത്തവണ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഡല്‍ഹി കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല. പരിശീലകനായി ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ടീം ഡയറക്ടറായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും എത്തുന്ന ഡല്‍ഹി ടീം ഇത്തവണ തികഞ്ഞ പ്രതീക്ഷയിലാണ്.

ഐപിഎല്ലില്‍ ഡല്‍ഹി കഴിഞ്ഞാല്‍ ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമായി പരിശീലകന്‍ റിക്കി പോണ്ടിംഗ് വിലയിരുത്തുന്നത് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെയോ അഞ്ച് തവണ ചാമ്പ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിനെയോ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയോ അല്ലെന്നതാണ് രസകരം. ഐസിസി പ്രതിമാസ അവലോകനത്തില്‍ കിരീട സാധ്യതയുള്ള ടീമായി പോണ്ടിംഗ് തെരഞ്ഞെടുത്ത് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെയാണ്.

Latest Videos

ശ്രീലങ്കയെ വീഴ്ത്തി ന്യൂസിലന്‍ഡിന് ഏകദിന പരമ്പര, ലോകകപ്പിനെത്താന്‍ ലങ്കക്ക് മുന്നില്‍ യോഗ്യതാ കടമ്പ

കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തില്‍ മികച്ച പ്രകടനം നടത്തിയ രാജസ്ഥാന്‍ കഴിഞ്ഞ വര്‍ഷം നടന്ന മിനി താരലേലത്തിലും മികവ് കാട്ടിയെന്ന് പോണ്ടിംഗ് പറഞ്ഞു. പുതിയ ടീമായി എത്തിയ ഗുജറാത്ത് കഴിഞ്ഞ തവണ മികവ് കാട്ടിയെന്നത് ശരിയാണ്. പക്ഷെ ഞാന്‍ പറയുന്നത് ഇത്തവണ കണ്ണുവെക്കേണ്ടത് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാനെ ആണെന്നാണ്. അവര്‍ക്ക് വളരെ മികച്ചൊരു ടീമുണ്ട്. കഴിഞ്ഞ താരലേലത്തില്‍ തന്നെ അവരുടെ തന്ത്രങ്ങള്‍ ശരിക്കും ഞങ്ങളില്‍ മതിപ്പുണ്ടാക്കിയിരുന്നു. അത് അവരുടെ പ്രകടനത്തിലും കണ്ടു.

അതിനെ അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ മിനി താരലേലത്തിലും അവര്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. കിരീടം ആര് നേടുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ലെങ്കിലും ടീമുകളുടെ കരുത്തു കണക്കിലെടുത്താല്‍ രാജസ്ഥാന് മികച്ചൊരു ടീമുണ്ട്. എന്നാലും ഇത്തവണ ആര്‍ക്കും കിരീടം നേടാമെന്നും പോണ്ടിംഗ് പറഞ്ഞു. ഏപ്രില്‍ രണ്ടിന് ഹൈദരാബാദില്‍ സണ്‍റൈസേഴ്സിനെതിരെ ആണ് സീസണില്‍ രാജസ്ഥാന്‍റെ ആദ്യ മത്സരം.

click me!