149.3 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഉമ്രാൻ മാലിക്കിന് ഒത്ത എതിരാളിയായി മാറിയിരിക്കുകയാണ് ലോക്കി ഫെര്‍ഗൂസൻ.
അഹമ്മദാബാദ്: ഐപിഎല്‍ 2023 സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ലോക്കി ഫെര്‍ഗൂസൻ. 154.1 കിലോമീറ്റര്‍ വേഗമാണ് ലോക്കി കുറിച്ചത്. 149.2, 154.1, 150.5, 151.4 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഗുജാറാത്ത് ടൈറ്റൻസിനെതിരെയുള്ള ലോക്കിയുടെ ആദ്യ ഓവറിലെ ആദ്യ നാല് പന്തുകള്‍ക്ക് രേഖപ്പെടുത്തിയ വേഗം. 149.3 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഉമ്രാൻ മാലിക്കിന് ഒത്ത എതിരാളിയായി മാറിയിരിക്കുകയാണ് ലോക്കി ഫെര്‍ഗൂസൻ.
വേഗത്തിന്‍റെ കാര്യത്തില്‍ ഇരുവരും തമ്മിലുള്ള ഒരു മത്സരം തന്നെ ഐപിഎല്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. അതേസമയം, മത്സരത്തില്‍ ലോക്കി ഫെര്‍ഗൂസന് തിളങ്ങാൻ സാധിച്ചില്ല. നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 204 റണ്‍സാണ് ഗുജറാത്ത് ടൈറ്റന്‍സ് അടിച്ചുകൂട്ടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്തിന് വിജയ് ശങ്കര്‍ (24 പന്തില്‍ 63), സായ് സുദര്‍ശന്‍ (38 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ശുഭ്മാന്‍ ഗില്‍ (39) മികച്ച പ്രകടനം പുറത്തെടുത്തു. ഗുജറാത്തിന് നഷ്ടമായ നാല് വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തിയത് സുനില്‍ നരെയ്‌നായിരുന്നു. വിജയ് ശങ്കറുടെ ഇന്നിംഗ്‌സാണ് ഗുജറാത്തിന്റെ സ്‌കോര്‍ 200 കടത്തിയത്. 24 പന്തുകള്‍ മാത്രം നേരിട്ട താരം 63 റണ്‍സാണ് അടിച്ചെടുത്തത്. സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയില്ലാതെയാണ് ഗുജറാത്ത് ഇറങ്ങിയിട്ടുള്ളത്.
റാഷിദ് ഖാനാണ് ടീമിനെ നയിക്കുന്നത്. ഹാര്‍ദിക്ക് പൂര്‍ണമായും ഫിറ്റെല്ലെന്നാണ് റാഷിദ് വ്യക്തമാക്കി. ഹാര്‍ദിക്കിന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. മന്‍ദീപ് സിംഗും പുറത്തായി. നാരായണ്‍ ജഗദീഷനാണ് ടീമിലെത്തിയത്.