മത്സരത്തിനിടെ മഴ വന്നപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കൊപ്പം പിച്ച് മൂടാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെടുകയായിരുന്നു താരം
ലഖ്നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിനിടെ മഴ പെയ്തതോടെ പിച്ച് മൂടാൻ സഹായവുമായി ഓടിയെത്തി ഫീല്‍ഡിംഗ് കൊണ്ട് ലോകത്തെ അമ്പരിപ്പിച്ച ജോണ്ടി റോഡ്സ്. ലഖ്നൗ പരിശീലക സംഘത്തിലുള്ള താരമാണ് ജോണ്ടി. മത്സരത്തിനിടെ മഴ വന്നപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കൊപ്പം പിച്ച് മൂടാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെടുകയായിരുന്നു താരം. ഗ്രൗണ്ട് സ്റ്റാഫ് ഉടനെത്തി താരത്തോട് ചെയ്യേണ്ടതെന്നും തങ്ങള്‍ നോക്കിക്കോളാമെന്നും പറയുന്നുമുണ്ട്.
ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ലഖ്‌നൗ 19.2 ഓവറില്‍ 125-7 എന്ന സ്‌കോറില്‍ നില്‍ക്കേ ആദ്യം മഴയെത്തിയപ്പോള്‍ പിന്നീട് ഇടവിട്ട് പെയ്‌ത മഴ മത്സരം അവതാളത്തിലാക്കുകയായിരുന്നു. അഞ്ച് ഓവറായി വെട്ടിച്ചുരുക്കിയുള്ള മത്സരം നടത്താനുള്ള സാധ്യത പോലും ലഖ്‌നൗവിലുണ്ടായിരുന്നില്ല.
What a lovely gesture by Jonty Rhodes helping the Lucknow Groundsmen.
One of the most humble guy! pic.twitter.com/85AVMKh2ah
undefined
കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം വീതിച്ചെടുത്തു. 10 കളികളില്‍ 11 പോയിന്‍റ് വീതമുള്ള ലഖ്‌നൗവും ചെന്നൈയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു. ചെന്നൈയുടെ സ്‌പിന്നര്‍മാര്‍ വട്ടംകറക്കിയതോടെ വന്‍ തകര്‍ച്ചയോടെയായിരുന്നു ക്രുനാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ബാറ്റിംഗ് തുടക്കം. 6.5 ഓവറില്‍ 34 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ന്നപ്പോഴേക്കും നാല് വിക്കറ്റ് നഷ്‌ടമായി. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ വെടിക്കെട്ട് വീരന്‍ മാര്‍ക്കസ് സ്റ്റോയിനിസിനും ഇക്കുറി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഏഴാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ പന്ത് കുത്തിത്തിരിഞ്ഞപ്പോള്‍ ബെയ്‌ല്‍സ് തെറിച്ചത് സ്റ്റോയിനിസ്(4 പന്തില്‍ 6) അറിഞ്ഞുപോലുമില്ല. പിന്നാലെ കരണ്‍ ശര്‍മ്മയുടെ(16 പന്തില്‍ 9) ശരവേഗത്തിലുള്ള ഷോട്ട് തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മൊയീന്‍ അലി പിടികൂടി. . ബദോനി 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ പതിരാനയുടെ അവസാന ഓവറില്‍ കൃഷ്‌ണപ്പ ഗൗതം(3 പന്തില്‍ 1) രഹാനെയുടെ ക്യാച്ചില്‍ മടങ്ങി. ബദോനി 33 പന്തില്‍ 59* റണ്‍സെടുത്ത് നില്‍ക്കേ 19.2 ഓവറില്‍ മഴയെത്തുകയായിരുന്നു.